പ്യോങ്യാങ്: രണ്ട് വര്‍ഷത്തിനിടെ ആദ്യ കോവിഡ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തര കൊറിയയില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി ലോകരാജ്യങ്ങളെ ആകെ വ്യാപിച്ചപ്പോള്‍ ഉത്തര കൊറിയയില്‍ കോവിഡ് കേസുകളൊന്നും ഔദ്യോഗിക സ്ഥിരീകരിച്ചിരുന്നില്ല. ഇതിപ്പോള്‍ ആദ്യമായാണ് രാജ്യത്ത് ഒരു കോവിഡ് കേസ് സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഇതോടെ മാസ്‌ക് ധരിക്കില്ലെന്ന് പ്രഖ്യാപിച്ച ഏകാധിപതി കിം ജോങ് ഉന്‍ മാസ്‌ക് ധരിച്ചു പൊതുസ്ഥലത്ത് പ്രത്യേക്ഷപ്പെട്ടു.
ഔദ്യോഗികമായിട്ടാണങ്കിലും രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. കോവിഡിനെതിരെ ലോകം മുഴുവന്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ ഉത്തര കൊറിയയില്‍ 26 ദശലക്ഷത്തിലധികം ആളുകള്‍ ഇനിയും വാക്‌സിന്‍ എടുത്തിട്ടില്ല. മാത്രമല്ല താരതമ്യേന മോശം ആരോഗ്യ സംവിധാനമുള്ള രാജ്യത്ത് എങ്ങനെ മഹാമാരിയെ നേരിടുമെന്ന ആശങ്കയും ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.
തലസ്ഥാനമായ പ്യോങ്യാങില്‍ പനി ബാധിച്ചവരില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയിലാണ് ഒമിക്രോണിന്റെ വകഭേദം കണ്ടെത്തിയത്. നിലവില്‍ ഒരു സാമ്പിള്‍ മാത്രമേ പോസറ്റീവ് ആയിട്ടുള്ളൂ എന്നാണ് സര്‍ക്കാരിന്റെ സ്ഥിരീകരണം. എങ്കിലും കൂടുതല്‍ ആളുകളില്‍ ഇതിനോടകം തന്നെ കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നതാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാകാം രാജ്യം മുഴുവന്‍ അടച്ചിടാന്‍ കിമ്മിന്റെ നേതൃത്വത്തില്‍ കൂടിയ ഭരണകക്ഷി പൊളിറ്റ്ബ്യൂറോ യോഗം തീരുമാനമെടുത്തത്.
കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളെ യൂണിറ്റുകളായി തിരിച്ച് സാധാരണ അടച്ചിലിന് പുറമേ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിന് കിം നിര്‍ദേശം നല്‍കി. വൈറസ് പടരുന്നത് തടയാന്‍ ജോലിസ്ഥലങ്ങളിലും വീടുകളിലും അണുവിമുക്തമാക്കാനും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കിം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
കാര്‍ഷിക, നിര്‍മാണ മേഖലയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ തടസമില്ലാതെ തുടരും. ആരോഗ്യ, പ്രതിരോധ മേഖലകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധകമാകില്ല. കോവിഡിന്റെ ഒന്നാംതരംഗ കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് മുഖംതിരിച്ചു നിന്ന കിം സര്‍ക്കാര്‍ ഇന്ന് കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള നെട്ടോട്ടം ആരംഭിച്ചിരിക്കുകയാണ്.
എന്തുവന്നാല്‍ താന്‍ മാസ്‌ക് ധരിക്കില്ലെന്നായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്ത് കിം പറഞ്ഞത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ അദ്ദേഹം മാസ്‌ക് ധരിച്ചെത്തിയത് ലോകം കണ്ടു. പത്രമാധ്യമങ്ങളുടെ ക്യാമറ കണ്ണുകള്‍ കിമ്മിന്റെ മുഖത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴൊക്കെ അദ്ദേഹം മാസ്‌ക് നീക്കം ചെയ്തു. എന്നാല്‍ മാസ്‌ക് ധരിച്ചുള്ള കിമ്മിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയാണ്. കിമ്മിനെ കൂടാതെ മറ്റ് അംഗങ്ങളും മാസ്‌ക് ധരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം, ഉത്തര കൊറിയയില്‍ ഇപ്പോള്‍ കോവിഡ് കേസ് ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായിരിക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു. ഒന്നാം തരംഗ കാലത്ത് കോവിഡ് കണ്ടെത്തിയ ഒരാളെ കിം തന്റെ പൊലീസിനെ ഉപയോഗിച്ച് വെടിവച്ച് കൊന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ രോഗവ്യാപനം അംഗീകരിക്കാന്‍ തയാറായിട്ടുണ്ടെങ്കില്‍ സ്ഥിതി അത്ര ഗുരുതരമായതുകൊണ്ടാകാമെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.