മെല്‍ബണ്‍: രാജ്യത്തെ പ്രഥമ അല്‍മായ രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന സുദിനം അടുത്തെത്തുമ്പോള്‍ അതിനു നിമിത്തമായ ചരിത്രത്തിലെ ചില പ്രധാന ഏടുകളിലേക്ക് വെളിച്ചംവീശി മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഇടയലേഖനം.
ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 1756-ല്‍തന്നെ അന്നത്തെ കേരള സഭാ നേതൃത്വം ശ്രമം ആരംഭിച്ചതായും അതിനായി റോമില്‍ നിവേദനം സമര്‍പ്പിച്ചതായും ഇടയലേഖനത്തില്‍ ചരിത്ര രേഖകളോടെ മാര്‍ ബോസ്‌കോ പുത്തൂര്‍ ചൂണ്ടിക്കാട്ടുന്നു. 'നമ്മുടെ ദേവസഹായം പിള്ള' എന്ന പ്രയോഗത്തിലൂടെ തന്നെ കേരള സഭയ്ക്ക് ഈ വിശുദ്ധന്‍ എത്ര പ്രിയപ്പെട്ടവനാണെന്ന് മനസിലാക്കാമെന്ന് പിതാവ് പറയുന്നു. ദേവസഹായം പിള്ളയുടെ നാമകരണ ചടങ്ങിനോടനുബന്ധിച്ച് ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ പുറത്തിറക്കിയ ഇടയലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ:
ഭാരതത്തില്‍ നിന്ന് ഒരു അത്മായ വിശുദ്ധന്‍
മിശിഹായില്‍ പ്രിയപ്പെട്ട വൈദികരേ, സഹോദരീ സഹോദരന്മാരേ, കുഞ്ഞുമക്കളേ,
2022 മെയ് 15ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് ഫ്രാന്‍സിസ് പാപ്പ മറ്റ് ഒന്‍പത് വാഴ്ത്തപ്പെട്ടവരോടൊപ്പം ഭാരതത്തില്‍ നിന്നുള്ള അത്മായന്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനത്തില്‍ നമുക്ക് സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയാം. ദേവസഹായം പിള്ളയുടെ നാമകരണ ചടങ്ങ് ഉചിതമായ വിധത്തില്‍ നമ്മുടെ എല്ലാ ഇടവകകളിലും മിഷനുകളിലും അന്നേദിവസം ആചരിക്കാന്‍ ഞാന്‍ നിങ്ങളെ ഏവരേയും ആഹ്വാനം ചെയ്യുന്നു.
1785-ല്‍ പാറേമ്മാക്കല്‍ തോമാകത്തനാര്‍ വര്‍ത്തമാന പുസ്തകത്തില്‍ ഇപ്രകാരം എഴുതുകയുണ്ടായി: 'ഞങ്ങള്‍ റോമയില്‍ പാര്‍ത്തകാലത്ത് കിട്ടിയ ഇടവേളയില്‍ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയില്‍ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാന്‍ (ജോസഫ് കരിയാറ്റില്‍ മെത്രാപ്പോലീത്ത) ലത്തീനില്‍ എഴുതിയുണ്ടാക്കി (പുണ്യവാന്മാരുടെ നാമകരണത്തിന്റെ ചുമതലയുള്ള തിരുസംഘത്തിന്റെ തലവനായ) കര്‍ദ്ദിനാളിനുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കയ്യില്‍ ഏല്‍പിക്കുകയുണ്ടായി' (വര്‍ത്തമാന പുസ്തകം
അദ്ധ്യായം 49). നമ്മുടെ സഭക്ക് ഈ വിശുദ്ധന്‍ എത്ര പ്രിയപ്പെട്ടവനാണെന്ന് 'നമ്മുടെ ദേവസഹായം പിള്ള' എന്ന പ്രയോഗം വ്യക്തമാക്കുന്നുണ്ടല്ലോ.
അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തില്‍, ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ ഒരു ഹൈന്ദവ കുടുംബത്തിലാണ് 1712-ല്‍ ദേവസഹായം പിള്ള ജനിച്ചത്. നീലകണ്ഠപിള്ള എന്നായിരുന്നു പേര്. തിരുവിതാംകൂര്‍ രാജാവിന്റെ പട്ടാളത്തില്‍ സേവനം ചെയ്തുവരവേ, മേലുദ്യോഗസ്ഥനായ കത്തോലിക്കാ വിശ്വാസി ഡച്ചുകാരന്‍ ഡിലനോയിയുമായി പരിചയത്തിലായി. നീലകണ്ഠപിള്ളയുടെ കുടുംബത്തില്‍ ഒന്നിനു പുറകെ ഒന്നായി ഏറെ ദുരന്തങ്ങള്‍ അനുഭവപ്പെട്ട അവസരമായിരുന്നു അത്.
ഏറെ ദുഃഖിതനായി കാണപ്പെട്ട നീലകണ്ഠപിള്ളയോട് ഡിലനോയ് വളരെ സൗഹൃദത്തില്‍ ദുഃഖകാരണം ആരാഞ്ഞു. തന്റെ കുടുംബപ്രശ്നങ്ങള്‍ പങ്കുവച്ച നീലകണ്ഠപിള്ളയോട് ഡിലനോയ് പഴയനിയമത്തിലെ ജോബിന്റെ കഥ വിവരിച്ച് ആശ്വസിപ്പിച്ചു. ദൈവം ചിലപ്പോള്‍ ദുരിതങ്ങളിലൂടെ നല്ല മനുഷ്യരുടെ വിശ്വാസത്തെ പരീക്ഷിക്കാറുണ്ടെന്ന് ബോധ്യപ്പെടുത്തി. ക്രൈസ്തവവിശ്വാസത്തില്‍ ആഴപ്പെട്ട ഡിലനോയിയുടെ വാക്കുകള്‍ നീലകണ്ഠപിള്ളയെ ഏറെ സാന്ത്വനപ്പെടുത്തി.
കത്തോലിക്കാ വിശ്വാസത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജോണ്‍ ബാപ്റ്റിസ്റ്റ് ബുത്താരി എന്ന ജെസ്യൂട്ട് വൈദികന്റെ അടുക്കലേക്കയച്ചു. ഒന്‍പതു മാസത്തെ വിശ്വാസ പരിശീലനത്തിനു ശേഷം 1745 മേയ് 14-ന് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗമായി ലാസര്‍ എന്ന പേര് സ്വീകരിച്ചു. അതിന്റെ തമിഴ് രൂപമാണ് ദേവസഹായം.
ദൈവം സഹായിക്കുന്നു എന്നാണല്ലോ ലാസര്‍ എന്ന പേരിന്റെ അര്‍ത്ഥം. അന്നുമുതല്‍, തനിക്കു ദാനമായി ലഭിച്ച വിശ്വാസമെന്ന വലിയ നിധി മറ്റുള്ളവരുമായി പങ്കിടാന്‍ ദേവസഹായം ഏറെ തീക്ഷ്തത കാണിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഭാര്‍ഗവി അമ്മാള്‍, തെരേസ (തമിഴില്‍ ജ്ഞാനപ്പു) എന്ന പേരില്‍ മാമ്മോദീസ സ്വീകരിച്ചു.
ദേവസഹായം പിള്ളയുടെ മാനസാന്തരം സമൂഹത്തില്‍ എതിര്‍പ്പിനു കാരണമായി. ഏതാനും പേര്‍ അദ്ദേഹത്തിനെതിരെ രാജസമക്ഷം കുറ്റാരോപണം നടത്തി. ദേവസഹായം പിള്ള അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരണവേളയില്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്ന ദേവസഹായം ജയിലില്‍ അടയ്ക്കപ്പെടുകയും ഏറെ പീഡിപ്പിക്കപ്പെടുകയും ഉണ്ടായി.
അദ്ദേഹത്തിന്റെ ധീരമായ വിശ്വാസസാക്ഷ്യം അഞ്ചു വര്‍ഷത്തെ ജയില്‍വാസക്കാലം നീണ്ടുനിന്നു. ജയില്‍വാസത്തിനിടയില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചതും വെള്ളി, ശനി ദിവസങ്ങളില്‍ നമ്മുടെ കര്‍ത്താവിന്റെ മരണത്തെയും ദൈവമാതാവിന്റെ വ്യാകുലതകളെയും ധ്യാനിച്ച് നോമ്പും ഉപവാസവും അനുഷ്ടിച്ചതും മറ്റു ജയില്‍വാസികള്‍ക്കും വാര്‍ഡന്മാര്‍ക്കും വലിയ പ്രചോദനമായിരുന്നു.
1752 ജനുവരി 14-ന് രാജകല്‍പനപ്രകാരം അദ്ദേഹം വെടിവെച്ചു കൊല്ലപ്പെട്ടു. വെടിയേല്‍ക്കുമ്പോള്‍ അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. അവിടെത്തന്നെ ഉപേക്ഷിക്കപ്പെട്ട മൃതദേഹം പക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരയായി. നാളുകള്‍ക്കുശേഷമാണ് അവശേഷിച്ച ശരീരഭാഗങ്ങള്‍ കോട്ടാറിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പള്ളിയില്‍ (ഇന്നത്തെ കത്തീഡ്രല്‍) അടക്കം ചെയ്തത്. അന്ന് കോട്ടാര്‍ കൊച്ചി രൂപതയുടെ ഭാഗമായിരുന്നു. വിശുദ്ധന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അന്നത്തെ കൊച്ചി മെത്രാന്‍ നമുക്കൊരു രക്തസാക്ഷിയെ ലഭിച്ചതില്‍ നന്ദിസൂചകമായി സ്‌തോത്രഗീതമാലപിക്കാനും പള്ളിമണികളടിക്കാനും എല്ലാ പള്ളികളിലേക്കും കല്പന അയച്ചു. 1756-ല്‍ ഈ വിവരങ്ങളൊക്കെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ റിപ്പോര്‍ട്ട് കൊച്ചി മെത്രാന്‍ മാര്‍പാപ്പയ്ക്ക് അയയ്ക്കുകയുമുണ്ടായി.
2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവില്‍വച്ചു നടന്ന ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കാനായത് വലിയ ദൈവാനുഗ്രഹമായി ഞാന്‍ കരുതുന്നു. ഭാരതത്തില്‍ നിന്നുള്ള ഒരു അത്മായ രക്തസാക്ഷി ആദ്യമായി വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്ന ഈ അവസരത്തില്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ജീവിക്കുന്ന നമുക്കോരോരുത്തര്‍ക്കും ദേവസഹായം പിള്ളയുടെ വിശുദ്ധ ജീവിത മാതൃക വിശ്വാസജീവിത സാക്ഷ്യത്തിന് വലിയ പ്രചോദനമാകട്ടെ. വിശുദ്ധ ദേവസഹായം പിള്ളയുടെ മാധ്യസ്ഥ്യം വഴി ധാരാളം അനുഗ്രഹങ്ങള്‍ നല്ലവനായ ദൈവം നമ്മില്‍ ചൊരിയട്ടെ.
2022 മേയ് 15 ഏറ്റവും ഉചിതമായി ആചരിക്കാന്‍ എല്ലാവരെയും ഒരിക്കല്‍ക്കൂടി ആഹ്വാനം ചെയ്യുന്നു. മിശിഹായില്‍ സ്‌നേഹത്തോടെ, നിങ്ങളുടെ പിതാവ് ബോസ്‌കോ പുത്തൂര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26