യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ അന്തരിച്ചു: രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി; 40 ദിവസത്തെ ദുഖാചരണം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ അന്തരിച്ചു: രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി; 40 ദിവസത്തെ ദുഖാചരണം

അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ഖബറടക്കം പിന്നീട് തീരുമാനിക്കും. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്നു 73 കാരനായ ഷെയ്ഖ് ഖലീഫ. 

മരിച്ച ഭരണാധികാരിയോടുള്ള ആദര സൂചകമായി രാജ്യത്ത് മൂന്നു ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു. സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലകള്‍ക്കെല്ലാം അവധി ബാധകമായിരിക്കും.

2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്. യുഎഇയുടെ പ്രഥമ പ്രസിഡന്റായി 1971 ല്‍ സ്ഥാനമേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് മൂത്ത മകനായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരത്തിലെത്തിയത്. 

1948 ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ പതിനാറാമത് ഭരണാധികാരിയുമായിരുന്നു. പ്രസിഡന്റായതിനു ശേഷം അബുദാബിയിലെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രധാന പുനര്‍നിര്‍മ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി.

യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധി ലക്ഷ്യമാക്കി സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള തന്റെ ആദ്യത്തെ തന്ത്രപരമായ പദ്ധതി അദ്ദേഹം ആരംഭിച്ചു. പിതാവ് ഷെയ്ഖ് സായിദ് സ്ഥാപിച്ച പാതയിലൂടെ സഞ്ചാരം തുടരുക എന്നതായിരുന്നു പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് വന്‍ സംഭാവനകള്‍ നല്‍കിയ എണ്ണ, പ്രകൃതി വാതക മേഖലയുടെയും ചെറുകിട വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ പ്രത്യേക ശ്രദ്ധ നല്‍കി.
നോര്‍ത്തേണ്‍ എമിറേറ്റ്സിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങള്‍ നടത്തിയ അദ്ദേഹം പാര്‍പ്പിടം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

കൂടാതെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ സമ്പ്രദായം നടപ്പാക്കുന്നതിനായി അദ്ദേഹം കൊണ്ടു വന്ന ഭരണ പരിഷ്‌കാരം യുഎഇയില്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനുല്‌ള ആദ്യപടിയായി മാറി. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.