ഷെയ്ഖ് ഖലീഫ, യുഎഇയുടെ നവോത്ഥാനചരിത്രത്തിലെ നായകന്‍

ഷെയ്ഖ് ഖലീഫ, യുഎഇയുടെ നവോത്ഥാനചരിത്രത്തിലെ നായകന്‍

യുഎഇയുടെ വികസനചരിത്രത്തില്‍ നിർണായക പങ്കുവഹിച്ച ഭരണകർത്താവാണ് യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു ഷെയ്ഖ് ഖലീഫ. 1948 ല്‍ അലൈനിലെ അല്‍ മുവൈജിയിലാണ് അദ്ദേഹം ജനിച്ചത്. ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മൂത്തമകനായി ജനനം.

1969 ല്‍ അബുദബിയുടെ കിരീടാവകാശിയായി. 1971 ജൂലൈ ഒന്നിന് അബുദബി പ്രധാനമന്ത്രിയും പ്രതിരോധ ധനകാര്യമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു. രണ്ടാം യുഎഇ മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രിയായത് 1974 ജനുവരി 20 ന്. യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനായത് 1976 ല്‍. 2004 നവംബർ മൂന്നിനാണ് യുഎഇയുടെ രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. രാജ്യത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ ശ്രദ്ധ ചെലുത്തി. സൈനിക പരിശീലന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അത്യാധുനിക സൈനിക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. 1981 ല്‍ അബുദബി ഡിപാർട്മെന്‍റ് ഓഫ് സോഷ്യല്‍ സർവ്വീസസ് ആന്‍റ് കൊമേഷ്യല്‍ ബില്‍ഡിംഗ് സ്ഥാപിച്ചു. അബുദബി സർക്കാരില്‍ നിരവധി ഉന്നത പദവികള്‍ അദ്ദേഹം വഹിച്ചു. രാജ്യത്തിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജനങ്ങളുടെ അഭിവൃദ്ധിക്കായി നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. സുരക്ഷയും സുസ്ഥിരതയുമുളള രാജ്യത്തിന്‍റെ ഭാവിയിലേക്ക് നയിക്കുന്ന വഴിവിളക്കായി തുടരുമെന്ന് അദ്ദേഹം എപ്പോഴും ജനങ്ങളെ ഓർമ്മിപ്പിച്ചു.

ഭരണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല സമൂഹത്തിന്‍റെ ദേശീയതയുടെ കാര്യത്തിലും നിലപാടുകളുണ്ടായിരുന്നു ഷെയ്ഖ് ഖലീഫയ്ക്ക്. ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ അദ്ദേഹം ശക്തമായി പിന്തുണച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയെന്നുളള രീതിയില്‍ മേഖലയിലെ നിർണായകമായ തീരുമാനമായിരുന്നു ഗള്‍ഫ് സഹകരണ കൗണ്‍സില്‍( ജിസിസി). അറബ് രാജ്യങ്ങളുമായി മാത്രമല്ല, ഏഷ്യയിലെയും യൂറോപ്പിലെയും ഭരണകർത്താക്കളുമായും രാജ്യങ്ങളുമായും സജീവമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുളളവർക്ക് സഹായം ചെയ്യുന്നതിനും ശക്തമായ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുളള 70 ലധികം രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന് കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.