ഇനി ഏതാനും പ്രാര്‍ത്ഥനാ മണിക്കൂറുകള്‍ മാത്രം... ദേവസഹായം പിള്ള അടക്കം പത്ത് പുണ്യാത്മാക്കള്‍ വിശുദ്ധ പദവിയിലേക്ക്

ഇനി ഏതാനും പ്രാര്‍ത്ഥനാ മണിക്കൂറുകള്‍ മാത്രം... ദേവസഹായം പിള്ള അടക്കം പത്ത് പുണ്യാത്മാക്കള്‍  വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സമയം രാവിലെ 10ന്, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ശുശ്രൂഷകള്‍ ആരംഭിക്കും.

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കം പത്ത് പുണ്യാത്മാക്കള്‍ ഏതാനും മണിക്കൂറിനുള്ളില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ഇതര മതത്തില്‍ ജനിച്ച് പിന്നീട് ലോക രക്ഷകനായ ക്രിസ്തുവിനെ അറിഞ്ഞ് ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഭാരതത്തിന്റെ പ്രഥമ അല്‍മായ വിശുദ്ധനാണ്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍പില്‍ ക്രമീകരിച്ചിരിക്കുന്ന ബലി വേദിയില്‍ വത്തിക്കാന്‍ സമയം രാവിലെ 10ന്, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കോട്ടാര്‍, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു.


നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂര്‍ പൊറ്റയില്‍ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. ഞായറാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികനാകും.

വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാര്‍മ്മിികനായി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിലും പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.


വാഴ്ത്തപ്പെട്ടവരായ ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, സിസ്റ്റര്‍ മേരി റിവിയര്‍, സിസ്റ്റര്‍ കരോലിന സാന്റോകനാലെ, ചാള്‍സ് ഡെ ഫുക്കോള്‍ഡ്, സെസാര്‍ ഡെ ബുസ്, മരിയ ഡൊമേനിക്കാ മാന്റോവനി, അന്നാ മരിയ റുബാറ്റോ, ലൂയിജി മരിയ പാലാസോളോ, ഗിയുസ്റ്റിനോ മരിയ റുസോലില്ലോ എന്നിവരാണ് ഭാരതത്തിന്റെ അഭിമാനമായ ദേവസഹായം പിള്ളയ്‌ക്കൊപ്പം വിശുദ്ധരുടെ സ്വര്‍ഗീയ ആരാമത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.