മക്‌ഡൊണാള്‍ഡ്‌സും മടുത്തു; റഷ്യയിലെ 'അധിനിവേശം' അവസാനിപ്പിക്കുന്നു

മക്‌ഡൊണാള്‍ഡ്‌സും മടുത്തു; റഷ്യയിലെ 'അധിനിവേശം' അവസാനിപ്പിക്കുന്നു

മോസ്‌കോ: ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് റഷ്യയിലെ 'അധിനിവേശം' അവസാനിപ്പിക്കുന്നു. ഉക്രെയ്‌നോടുള്ള അധിനിവേശ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് റഷ്യയിലെ തങ്ങളുടെ എല്ലാ റെസ്റ്റോറന്റുകളും അടച്ചുപൂട്ടാന്‍ മക്‌ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. റഷ്യയില്‍ 'അധിനിവേശം' ആരംഭിച്ച് 30 വര്‍ഷത്തിന് ശേഷമാണ് പിന്‍മാറ്റം.

ഇതോടെ റഷ്യന്‍ ഫെഡറേഷനിലെ 847 മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റുകള്‍ക്ക് പൂട്ടു വീഴും. സെന്‍ട്രല്‍ മോസ്‌കോയിലെ ഐക്കണിക് പുഷ്‌കിന്‍ സ്‌ക്വയറിലുള്ള കമ്പനിയുടെ ആസ്തിയും വില്‍ക്കും. റെസ്‌റ്റോറന്റുകള്‍ക്ക് പുറമേ കമ്പനിയുടെ ആസ്തികളും വില്‍ക്കുന്നതോടെ റഷ്യയില്‍ നിന്നുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ പൂര്‍ണ പിന്‍വാങ്ങലായാണ് വ്യവസായ ലോകം വിലയിരുത്തുന്നത്.

മാസം തോറും 50 ദശലക്ഷം ഡോളറിന്റെ വരുമാനം റഷ്യയില്‍ നിന്ന് ലഭിച്ചിരുന്നു. മക്‌ഡൊണാള്‍ഡ്‌സിന്റെ ഏറ്റവും കൂടുതല്‍ റെസ്‌റ്റോറന്റുകളുള്ള പത്താമത്തെ രാജ്യവും റഷ്യയാണ്. 13.375 റസ്റ്റോറന്റുകളുള്ള അമേരിക്കയാണ് ഒന്നാമത്. 1990 ല്‍ മക്‌ഡൊണാള്‍ഡിന്റെ ആദ്യ റെസ്‌റ്റോറന്റ് റഷ്യയില്‍ ആരംഭിക്കുമ്പോള്‍ അത് സോവിയറ്റ് യൂണിയന്റെ ചിതയില്‍ അഗ്നി പകരുന്ന അമേരിക്കന്‍ മുതലാളിത്തത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് 'അധിനിവേശ'മായി മക്‌ഡൊണാള്‍ഡ്‌സ് റെസ്‌റ്റോറന്റ് ശൃംഖല
വളര്‍ന്നു.



റെസ്‌റ്റോറന്റുകള്‍ പ്രാദേശിക വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കാനാണ് തീരുമാനം. എന്നാല്‍ കരാര്‍ ഉടന്‍ അവസാനിപ്പിക്കില്ല. റഷ്യയിലെ കമ്പനിയുടെ 62,000 ഓളം ജീവനക്കാര്‍ക്ക് വില്പന നടക്കുംവരെ ശമ്പളം നല്‍കുമെന്നും റെസ്റ്റോറുന്റുകള്‍ വാങ്ങുന്നവര്‍ ഇവരെയും സ്വീകരിക്കുന്ന നിലയില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നും മക്‌ഡൊണാള്‍സ് കോര്‍പറേഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.