കതിരെല്ലാം പതിരാകുന്നു; വേനല്‍മഴ നെല്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍പ്പെയ്ത്തായി

കതിരെല്ലാം പതിരാകുന്നു; വേനല്‍മഴ നെല്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍പ്പെയ്ത്തായി

ആലപ്പുഴ: വേനല്‍മഴ തുടര്‍ക്കഥയാകുമ്പോള്‍ നെല്‍ക്കര്‍ഷകര്‍ക്ക് അത് കണ്ണീര്‍പ്പെയ്ത്താണ്. മഴയും സംഭരണത്തിലെയും നടീലിലെയും പ്രശ്നങ്ങളും ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളെ വിവിധ രീതികളിലാണ് ബാധിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ പാടത്ത് വെള്ളം കയറിയും മറ്റും വിത തന്നെ പല തവണ നീട്ടിവെച്ചു. നെല്‍ച്ചെടികള്‍ പൂക്കുന്ന സമയത്തുണ്ടായ വേനല്‍ മഴ കാരണം നെല്ലില്‍ പതിരു കൂടി. കൊയ്ത നെല്ലെങ്കിലും വേഗം സംഭരിച്ചാല്‍ അത്രയും കുറച്ചു നഷ്ടം സഹിച്ചാല്‍ മതി. എന്നാല്‍, അപ്രതീക്ഷിത മഴയും നെല്ലിന്റെ ഗുണമേന്മയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കൊണ്ട് സംഭരണം നീളുകയാണ്. നെല്ലിനു നനവുതട്ടിയാല്‍ ഉണക്കിയെടുക്കാന്‍ കൂടുതല്‍ കൂലിച്ചെലവുണ്ടെന്നു പറഞ്ഞ് മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നുണ്ട്.

ക്വിന്റലിന് രണ്ടു കിലോഗ്രാം മുതല്‍ 15 കിലോഗ്രാം വരെ കിഴിവ് ആവശ്യപ്പെട്ടതായി പരാതിയുമുണ്ട്. ആലപ്പുഴയില്‍ പുഞ്ചക്കൃഷി ഇറക്കിയ 26,500 ഹെക്ടറിലെ 90 ശതമാനം സ്ഥലത്തും വിളവെടുപ്പ് പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 37 മില്ലുകാര്‍വരെ നെല്ലു സംഭരിച്ചിരുന്നു. നിലവില്‍ 12 മില്ലുകാരാണ് ഉള്ളത്.

പാലക്കാട്ട് പകുതിയോളം കര്‍ഷകര്‍ വിതയും അത്രയും പേര്‍ നടീലുമാണ് നടത്തുന്നത്. മഴയ്ക്കു മുമ്പ് ഒന്നാം വിളയ്ക്കുള്ള വിത നടക്കാത്തതിനാല്‍ ജൂണ്‍ പകുതിയോടെ ഇരുകൂട്ടരും നടീലിനു തയ്യാറാകും. ഇതു തൊഴിലാളി ക്ഷാമത്തിന് ഇടവരുത്തും. യന്ത്രംകൊണ്ടു നട്ടാലും എല്ലാവരും ഒരേസമയത്താകുന്നത് പ്രതിസന്ധിയുണ്ടാക്കും. മഴയത്തു വിതച്ചാല്‍ വിത്തു ചീഞ്ഞു പോകും. വിതയ്ക്കാനും ഞാറിടാനും കഴിയാത്ത അവസ്ഥയാണിപ്പോള്‍. രണ്ടാം വിളയുടെ 95 ശതമാനവും സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്.

തൃശൂരിലെ ചാഴൂര്‍, കൈപ്പറമ്പ്, തോളൂര്‍, മുല്ലശേരി, അരിമ്പൂര്‍, വെങ്കിടങ് മേഖലകളിലാണ് കൊയ്ത്തു ബാക്കി. ബണ്ടുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. വെള്ളം ഇറങ്ങുന്നതോടെ കൊയ്യാമെങ്കിലും ചെലവ് കൂടും. വൈക്കോലും കെട്ടിയെടുക്കാനായില്ല. പാടങ്ങള്‍ ഉണങ്ങാത്തതിനാല്‍ ഭൂരിഭാഗം മേഖലകളിലും ബെല്‍റ്റില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് കൊയ്ത്തിനുപയോഗിക്കുന്നത്. ചക്ര യന്ത്രങ്ങള്‍ മണിക്കൂറിന് 1500 രൂപ ഈടാക്കുമ്പോള്‍ ബെല്‍റ്റു യന്ത്രങ്ങള്‍ക്ക് 2400 രൂപയാണ്.

നെല്‍മണികള്‍ കൊഴിഞ്ഞുണ്ടാകുന്ന നഷ്ടം വേറെയും. ഏക്കറിന് 50 മുതല്‍ 60 വരെ കെട്ട് വൈക്കോലാണ് ലഭിക്കുക. ഈവര്‍ഷം കെട്ടൊന്നിന് 200 രൂപ ലഭിച്ചിരുന്നു. നനഞ്ഞവ ഉണക്കിയെടുത്തു വേണം കെട്ടാക്കാന്‍. ഇത് അധികച്ചെലവാണെന്ന് കര്‍ഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.