'സുധാകരന്റേത് കണ്ണൂരുകാര്‍ക്കിടയിലെ നാടന്‍ പ്രയോഗം'; സിപിഎമ്മിന് തൃക്കാക്കരയില്‍ മറ്റൊന്നും പറയാനില്ലേയെന്ന് വി ഡി സതീശന്‍

'സുധാകരന്റേത് കണ്ണൂരുകാര്‍ക്കിടയിലെ നാടന്‍ പ്രയോഗം'; സിപിഎമ്മിന് തൃക്കാക്കരയില്‍ മറ്റൊന്നും പറയാനില്ലേയെന്ന് വി ഡി സതീശന്‍

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശം ഇടത് മുന്നണി തൃക്കാക്കരയില്‍ ആയുധമാക്കുന്നതിനെതിരെ യുഡിഎഫ് രംഗത്ത്. അത് അടഞ്ഞ അധ്യായമാണെന്നും പരാമര്‍ശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരന്‍ വിശദീകരിച്ചതാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

അത്തരം വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്. തൃക്കാക്കരയില്‍ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം കത്തോലിക്കാ സഭയെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സിപിഎമ്മാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സഭ കോണ്‍ഗ്രസിനോട് പോലും സ്ഥാനാര്‍ഥി വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ തന്നെ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമായിരുന്നു സുധാകരന്റെ വിദശീകരണം. കൂടാതെ മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.