അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിനെ ഇത്തവണയും കൂടെ നിര്‍ത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഹര്‍ദിക് പട്ടേലിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റെന്ന വലിയ സ്ഥാനം നല്‍കിയിട്ട് പോലും ഹര്‍ദിക്കിനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കാതിരുന്നത് ഗുജറാത്ത് കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ബാക്കിപത്രമാണ്.
ഗുജറാത്തില്‍ കോണ്‍ഗ്രസെന്നത് കുറച്ചു നാളായി ഹര്‍ദിക് പട്ടേലായിരുന്നു. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് പട്ടേല്‍ സംവരണ സമരങ്ങളും ഹര്‍ദിക്കിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് കൂടുതല്‍ തളരുകയാണ് ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ പ്രതീക്ഷയോടെ അവതരിപ്പിച്ച സ്ഥാനാര്‍ഥികളെല്ലാം തോറ്റമ്പി. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ കലഹവും മൂത്തു.
കോണ്‍ഗ്രസിന്റെ മയക്കത്തിനിടെയ്ക്ക് പതിയെയാണെങ്കിലും ആംആദ്മി പാര്‍ട്ടി അവരുടെ വേരുകള്‍ ഗുജറാത്തിന്റെ മണ്ണില്‍ ഉറപ്പിക്കുന്നതാണ് കുറച്ചു നാളായി കാണുന്നത്. വിവിധ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളാന്‍ അവര്‍ക്കായി. ബിജെപിക്ക് എതിരായി തങ്ങളെ ഉയര്‍ത്തി കാട്ടുന്നതില്‍ ഗുജറാത്തില്‍ ആപ്പ് വിജയിക്കുകയും ചെയ്തു.
ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയും ആംആദ്മി പാര്‍ട്ടിയും കൃത്യമായ തയാറെടുപ്പുകളുമായി മുന്നോട്ടു പോകുകയാണ്. കോണ്‍ഗ്രസ് ഇതുവരെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടു പോലുമില്ല. കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായിരുന്ന അഹമ്മദ് പട്ടേലിന്റെ ഉപദേശങ്ങളും തന്ത്രങ്ങളും ഇത്തവണ കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്നതും വലിയൊരു തിരിച്ചടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.