ഓസ്‌ട്രേലിയ ശനിയാഴ്ച്ച പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ഒടുക്കവും ചൈനതന്നെ

ഓസ്‌ട്രേലിയ ശനിയാഴ്ച്ച പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ഒടുക്കവും ചൈനതന്നെ

കാന്‍ബറ: ഓസ്‌ട്രേലിയ ശനിയാഴ്ച്ച പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഭരണകക്ഷിയായ ലിബറല്‍ സഖ്യവും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുപോലെ ശുഭാപ്തി വിശ്വാസത്തിലാണ്.

കോവിഡ് മഹാമാരിയെതുടര്‍ന്ന് ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന നയതന്ത്ര ഏറ്റുമുട്ടലുകള്‍ സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ തുടര്‍സാധ്യതകളെ എങ്ങനെ പ്രതിഫലിപ്പിക്കുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. ചൈനയെ ലോകത്തിനു മുന്നില്‍ സുധീരം എതിര്‍ത്ത ഒരു സര്‍ക്കാരിന് ജനഹിത പരിശോധനയില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയ്ക്ക് ശനിയാഴ്ച്ച രാത്രിയോടെ അവസാനമാകും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പും പ്രചാരണത്തിന്റെ ആദ്യന്തവും ചൈനയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഉയരുന്നത്. ഓസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം (എ.എസ്.ഐ.ഒ) മേധാവി മൈക്ക് ബര്‍ഗെസ് ആണ് ഇതുസംബന്ധിച്ച് ആദ്യ വെടി പൊട്ടിച്ചത്.

ഓസ്‌ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പ് ഫലം അട്ടിമട്ടിക്കാനും സ്വാധീനിക്കാനും ഒരു വിദേശരാജ്യം ലക്ഷക്കണക്കിന് ഡോളര്‍ ഓസ്‌ട്രേലിയയിലേക്ക് ഒഴുക്കും എന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ വെളിപ്പെടുത്തല്‍. ആഭ്യന്തരവും വിദേശീയവുമായ ഭീഷണികള്‍ രാജ്യം നേരിടുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി വ്യക്തമാക്കിയതിനു ശേഷമായിരുന്നു ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പിന് അരങ്ങുണര്‍ന്നത്.

ഓസ്‌ട്രേലിയന്‍ സീക്രട്ട് ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ദമാക്കിയിരുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയുണ്ടായി.

പ്രചാരണം ആരംഭിച്ച വേളയിലാണ് സോളമന്‍ ദ്വീപുകളില്‍ ചൈന സൈനിക താവളത്തിന് കോപ്പുകൂട്ടുന്നതായുള്ള വാര്‍ത്തകള്‍ ഉയര്‍ന്നത്. ചൈനയും സോളമന്‍ ദ്വീപുകളുമായുള്ള കരാര്‍ നീക്കത്തെ മുന്‍കൂട്ടി അറിയാനും തടയാനും കഴിയാതിരുന്നത് ഭരണപക്ഷത്തിന്റെ വീഴ്ച്ചയായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതും തുടര്‍ന്നുള്ള വാക്‌പോരുകളുമായി പ്രചാരണത്തിന്റെ ആദ്യ ദിനങ്ങള്‍ കടന്നുപോയി.


ആന്റണി അല്‍ബനീസിയും സ്‌കോട്ട് മോറിസണും

ഓസ്‌ട്രേലിയക്ക് ഏതെങ്കിലും ആപത്തു വരുന്ന ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷം എന്തുകൊണ്ട് ചൈനയുടെ പക്ഷംപിടിക്കുന്നു എന്ന പ്രത്യാരോപണമുന്നയിച്ചാണ് സ്‌കോട്ട് മോറിസണ്‍ ഇതിനെ നേരിട്ടത്. എങ്കിലും സോളമന്‍ ദ്വീപുകളും ചൈനയുമായുള്ള രഹസ്യനീക്കം ഓസ്‌ട്രേലിയക്ക് മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയാതെ പോയത് അന്താരാഷ്ട്ര തലത്തില്‍തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഓസ്‌ട്രേലിയന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം സാന്നിധ്യമുറപ്പിച്ച ചൈനീസ് കപ്പലിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തിട്ടുണ്ട്. ചൈനയുടെ ചാരക്കപ്പല്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തിക്കു സമീപം നിലകൊണ്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണും രംഗത്തെത്തി.

ചൈനാ നയങ്ങള്‍ ഭരണകക്ഷിക്ക് പ്രതികൂലമാകുമെന്നും അനുകൂലമാകുമെന്നുമുള്ള വാദഗതികള്‍ ഒരുപോലെ ഉയരുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ചൈനീസ് വംശജരുടെ വോട്ടുകള്‍ കൂട്ടമായി ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമാകുമോ എന്നത് തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കും.

ചില പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ശക്തരായ ചൈനീസ് വംശജരുടെ സാന്നിധ്യം അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. രാഷ്ട്രീയമായി നിസംഗത പുലര്‍ത്തുന്ന ഓസ്‌ട്രേലിയന്‍ ജനതയുടെ ചിന്തകള്‍ തെരഞ്ഞെടുപ്പില്‍ ഏതു രീതിയില്‍ പ്രതിഫലിക്കുമെന്നത് വ്യക്തമല്ല.

ലിബറല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളാണ് 2013 മുതല്‍ ഓസ്‌ട്രേലിയയില്‍ അധികാരത്തിലിരിക്കുന്നത് എന്നത് ഭരണപക്ഷത്തിന് അല്‍പം പ്രതികൂലമാകുമെന്ന വിലയിരുത്തലും രാഷ്ട്രീയ ചിന്തകര്‍ പങ്കുവയ്ക്കുന്നുണ്ട്. 54 വയസുകാരനായ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ 2018 മുതല്‍ രാജ്യത്തെ നയിക്കുന്നു.

കോവിഡ് മഹാമാരിയെ നേരിട്ടത്, സമ്പദ് ഘടനയെ പിടിച്ചുനിര്‍ത്തിയത്, തൊഴിലില്ലായ്മ പരിഹരിക്കാനായത് തുടങ്ങി നിരവധി അനുകൂല ഘടകങ്ങള്‍ ഭരണപക്ഷം ഉയര്‍ത്തുമ്പോള്‍ അനുദിനം ഉയരുന്ന ജീവിതച്ചെലവാണ് പ്രതിപക്ഷം മുഖ്യ ആയുധമാക്കി മാറ്റുന്നത്. ഇതോടൊപ്പം പ്രതിപക്ഷ നേതാവ് ആന്റണി ആല്‍ബനീസിയുടെ ശാന്തപ്രകൃതവും ചോദ്യങ്ങള്‍ക്കുള്ള കൃത്യതയര്‍ന്ന മറുപടികളും ലേബറിന്റെ കരുത്താകുന്നു.

'ഇറ്റ് ഈസ് ഈസി ഫോര്‍ ആല്‍ബനീസി' എന്ന പ്രയോഗം ഇതിനോടകം തന്നെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രതിപക്ഷത്തിനായി. ഓരോ വര്‍ഷവും ഉയരുന്ന കാട്ടുതീ പ്രതിഭാസം കൃത്യമായ പദ്ധതിയോടെ നിയന്ത്രിക്കാനാവാത്തത് ഭരണപക്ഷത്തെ അല്‍പം പ്രതിക്കൂട്ടിലാക്കുന്നുണ്ട്, ഒപ്പം പാര്‍ട്ടിയിലെ അനൈക്യവും.

വീടുകളുടെ വില ഉയരുന്നതും വാടകയ്ക്ക് വീടുകള്‍ കിട്ടാത്തതുമാണ് മറ്റൊരു പ്രധാന വിഷയം. ഇതിനു പുറമേയാണ് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് കള്ളക്കടത്തും അതിനെതുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും. വലിയ അളവില്‍ ഓസ്‌ട്രേലിയയിലേക്കു മയക്കുമരുന്നെത്തുന്നതും പിടിക്കപ്പെടുത്തുന്നതുമെല്ലാം സാധാരണ സംഭവങ്ങളായി മാറിക്കഴിഞ്ഞു.

മയക്കുമരുന്ന് മാഫിയയെ നിയന്ത്രിച്ചുനിര്‍ത്താത്തത് ഭരണപക്ഷത്തിനെതിരേയുള്ള ആയുധമായി മാറുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍നിന്നും വ്യക്തികേന്ദ്രീകൃമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് ഓസ്‌ട്രേലിയ അതിവേഗം നീങ്ങുന്നത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ കാരണമായി കരുതുന്നു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് ഓസ്‌ട്രേലിയ സ്വീകരിച്ച കൃത്യതയാര്‍ന്ന നയങ്ങളും തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.