കെ റെയിലും നമ്പി നാരായണനും വൈകി വന്ന നീതിയും ഒപ്പം നീതിനിഷേധവും

കെ റെയിലും നമ്പി നാരായണനും വൈകി വന്ന നീതിയും ഒപ്പം നീതിനിഷേധവും

കണ്ണു തുറന്നും കാതു കൂർപ്പിച്ചും പൊതുജനമിന്നു ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണു അതിവേഗ ഗതാഗതമാർഗ്ഗമായ കെ റെയിലും അതിന്റെ ആവശ്യകതയും. അതിലേക്കു വരുന്നതിനു മുൻപു എന്താണു വികസനമെന്നു നോക്കാം.

വികസനത്തിന്റെ യഥാർത്ഥ നിർവ്വചനമെന്തെന്നു വ്യക്തമായ ധാരണ നമുക്കില്ലാത്തതു പലരും മുതലെടുക്കാറുമുണ്ട്. ലളിതമായി പറഞ്ഞാൽ വികസനമെന്നതു ഒരു ജനത നയിക്കുന്ന ജീവിതത്തിന്റേയും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റേയും ഗുണനിലവാരം ഉയർത്തുക എന്നതാണ്. ഒപ്പംതന്നെ മനുഷ്യനേയും ആവാസവ്യവസ്ഥയേയും ജീവജാലങ്ങളേയും പരിസ്ഥിതിയേയും പരിഗണിക്കുന്നതാവണം വികസനങ്ങൾ. ജനാധിപത്യ രാഷ്ട്രത്തിൽ പ്രാധാന്യമെപ്പോഴും ജനങ്ങൾക്കാണ്. വികസനങ്ങൾ ജനങ്ങളേയും അവന്റെ ആവാസവ്യവസ്ഥകളേയും ഉൾക്കൊള്ളുന്നതാവണം. അല്ലാത്ത വികസനങ്ങളൊന്നും ശരിയായ ദിശയിലുള്ളതാവില്ല. ഓരോ വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനു മുന്നോടിയായി അതിന്റെ ആവശ്യകത, സമൂഹത്തിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അവരുടെ പുനരധിവാസം, പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ, പാരിസ്ഥിതിയാഘാത പഠനങ്ങൾ, പദ്ധതിയുടെ ഉപയോഗം, സാമ്പത്തിക ചിലവുകൾ, സമയബന്ധിതമായി പൂർത്തിയാക്കൽ, നടത്തിപ്പുകാരന്റെ യോഗ്യതകളും പരിചയവും, പ്രായോഗിക ബുദ്ധിമുട്ടുകൾ, പദ്ധതിയുടെ സുതാര്യത, ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങൾ, പരിശോധനകൾ, നാടിനു ഭാവിയിൽ വരുന്ന നേട്ടങ്ങൾ, എത്രനാളേക്കു വിഭാവനം ചെയ്യുന്നതാണ്, പദ്ധതിയുടെ പൂർത്തീകരണത്തിനും ഒപ്പറേഷനും ആവശ്യമായ മൊത്തം ബഡ്ജറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തവും വിശദവുമായ പഠനങ്ങളും റിപ്പോർട്ടും പൂർത്തീകരിച്ചിരിക്കണം.

ഒപ്പംതന്നെ ജനങ്ങളെ പ്രോജക്റ്റിന്റെ എല്ലാ വശങ്ങളേക്കുറിച്ചും കൃത്യമായി ബോധിപ്പിച്ചിരിക്കണം. ജനങ്ങൾക്കു വേണ്ടാത്ത വികസനങ്ങൾ ആർക്കുവേണ്ടിയാണു നടത്തുന്നത്? വികസനങ്ങൾ വേണ്ട എന്നല്ല ഉദ്ദേശിച്ചത്, മറിച്ച് വികസനങ്ങൾ നാടിനെ തളർത്തുന്നതാവരുത്, വളർത്തുന്നതാവണം. ഇപ്പോൾ നടക്കുന്ന കെ റെയിൽ പദ്ധതിയുടെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നും ഉടലെടുത്ത അനാവശ്യ തിടുക്കങ്ങൾ ഒത്തിരിയേറെ ആശങ്കകൾ പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നതു വസ്തുതയാണ്. കെ റെയിൽ എന്ന പദ്ധതി നടപ്പാക്കുന്നതു ആധുനികകാലഘട്ടത്തിലാണ്. അതായതു 21-ാം നൂറ്റാണ്ടിൽ. ഡിജിറ്റലൈസേഷന്റെ കൊടുമുടിയിൽ ലോകം കുതിക്കുന്ന സമയത്താണു കുറ്റിയടിച്ചും കയറുകെട്ടിയും സർക്കാർ സർവ്വേകൾ നടത്തുന്നത്. എന്തുകൊണ്ടു നൂതനസാങ്കേതികവിദ്യകൾ ഇതിനായി ഉപയോഗപ്പെടുത്തുന്നില്ല. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റംസ് (GPS), ഏരിയൽ സർവ്വേകളും (aerial survey) ഒക്കെ സാധാരണമായ ഈ പുരോഗമനകാലത്താണു സർക്കാരിന്റെ പഴഞ്ചൻ കുറ്റിയടിയും കയറുവലിക്കലും. ഇതു സംശയങ്ങൾ ബലപ്പെടുത്തും. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, അവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ, കൃത്യമായ വിവരങ്ങൾ ബോധിപ്പിക്കാതെ നടത്തപ്പെടുന്ന ഒന്നും യഥാർത്ഥ വികസനമാണെന്നു പറയാൻ തരമില്ല. അനാവശ്യ തിടുക്കങ്ങൾ ഭീതിയും ആശങ്കയും ജനിപ്പിക്കാനേ ഇടയാക്കൂ. ഇതു സാധാരണക്കാരന്റെ മൗലികാവകാശങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള അനിയന്ത്രിത കടന്നുകയറ്റമാണ്. ദുർബലരേ ബലപ്രയോഗത്തിലൂടെ പിൻതിരിപ്പിക്കുന്ന പ്രവണത ജനാധിപത്യത്തിനു യോജിച്ചതല്ല. നീതിനിഷേധങ്ങൾ, അവഗണനകൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പദ്ധതികൾ എപ്പോഴും സുതാര്യവും ഗുണനിലവാരം ഉറപ്പുവരുത്തുന്നതുമാകണം. പ്രിയരേ, ഇതിന്റെ പേരിൽ എത്രയോ സാധാരണക്കാർക്കാണു ഉറക്കം നഷ്ടമായത്? എത്രയോ പാവങ്ങളാണു തെരുവിലിറങ്ങേണ്ടിവന്നത്? എത്രയോ യുവാക്കളാണു പോലീസിന്റെ തല്ലുവാങ്ങിയത്? എത്രയോ കുടുംബങ്ങളാണു ഇന്നും പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത്? അവസരോചിതമായി സർക്കാർ ഇടപെട്ടിരുന്നെങ്കിൽ പലതും ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു. ഇതു വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. ഇതു നീതിനിഷേധമാണ്. ഇതു ജനാധിപത്യ വിരുദ്ധമാണ്. അധികാരത്തിലെത്തിച്ച ജനസമൂഹത്തെ അതേ അധികാരമുപയോഗിച്ചു വിരട്ടുന്നതു ധിക്കാരമാണ്. പൊതുജനത്തെ വിശ്വാസത്തിലെടുക്കുകയാണു സർക്കാർ ആദ്യം ചെയ്യേണ്ടത്.

എസ്. നമ്പി നാരായണൻ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്നു. 1994 നവംബർ 30 നു ചാരവൃത്തി ആരോപിച്ചു അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും അൻപതു ദിവസം ജയിലിലടക്കുകയും ചെയ്തു. ഇസ്റോ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. പിന്നീടു ഇദ്ദേഹം നിരപരാധിയെന്നു മനസ്സിലാക്കി 1998 ൽ സുപ്രീംകോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. 2018 ൽ അതായതു ഏകദേശം 34 വർഷങ്ങൾക്കു ശേഷം സുപ്രീംകോടതി അദ്ദേഹത്തിനു 50 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകാൻ വിധിയായി. ഈ ഒരു സംഭവത്തിന്റെ തുടക്കം മുതൽ വിധി പറയും വരെ ഒന്നു കണ്ണോടിക്കൂ. കേസ് തുടങ്ങിയതെന്ന്? അവസാനിച്ചതെന്ന്? കുറ്റക്കാരനല്ലാതിരുന്നിട്ടും ഒരു വ്യക്തിയെ സാധ്യതകളുടെ മുൾമുനയിൽ നിർത്തി മുൻവിധിയോടെ കുറ്റക്കാരനാക്കി സങ്കൽപ്പിച്ചു മുന്നോട്ടു പോകുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും വേദനകളും ശാരീരിക പ്രശ്നങ്ങളും അവഗണനകളും കുടുംബാംഗങ്ങൾ അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളും ഒറ്റപ്പെടുത്തലുകളും എങ്ങനെ കണ്ടില്ലെന്നു നടിക്കാനാകും. രാജ്യസുരക്ഷയേ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽപ്പോലും തീരുമാനങ്ങളും വിധികളും അനന്തമായി നീളുമ്പോൾ മറ്റു കേസുകളുടെ പരിഗണനാക്രമവും തീർപ്പുകൽപ്പിക്കലും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ? എത്രയോ വിദൂരമായിരിക്കും അർഹിക്കുന്നവനു നീതി ലഭിക്കുക എന്ന പുണ്യം. ഇതൊരുദാഹരണം മാത്രം. നീതി നടപ്പാക്കാൻ എടുക്കുന്ന കാലതാമസം അതർഹിക്കുന്നവനുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ സമ്മർദങ്ങളും പ്രത്യാഘാതങ്ങളും വളരെയേറെ വേദനാജനകവും തളർത്തുന്നതുമാണ്.

"വൈകി വരുന്ന നീതിയും ഒരു രീതിയിൽ ചിന്തിച്ചാൽ നീതിനിഷേധത്തിനു തുല്യമല്ലേ "? അതേ എന്നുതന്നെയാകും ഉത്തരം. നമുക്കൊന്നു വിലയിരുത്താം. ഒരു രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതും അതിനെ സ്ഥിരതയോടെ അഥവാ കെട്ടുറപ്പോടെ മുന്നേറാൻ പ്രാപ്തമാക്കുന്നതും ആ രാജ്യത്തെ നിയമ സംവിധാനങ്ങളാണ്. അതായതു നീതിന്യായ വ്യവസ്ഥ അഥവാ ജുഡീഷ്യറി. നീതിന്യായ വ്യവസ്ഥ എന്നുവെച്ചാൽ ലളിതമായിപ്പറഞ്ഞാൽ സുപ്രീംകോടതിയും ഹൈക്കോടതികളും. ഒരു രാജ്യത്തിന്റെ നിലവാരം അളക്കുന്നതു അവിടുത്തെ കോടതികൾ എത്രമാത്രം സ്വതന്ത്രവും സുതാര്യവുമാണ് എന്നതിനെക്കൂടി അടിസ്ഥാനമാക്കിയാണ്. ഇന്ത്യ ഇക്കാര്യത്തിൽ ഒരു പരിധി വരെ ലോകരാജ്യങ്ങൾക്കു മാതൃകയാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം പോലും "ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ്". അതിനോടു ചേർത്തുതന്നെ പറയട്ടേ നമ്മുടെ നിയമസംവിധാനങ്ങൾക്കു പല പരിമിതികളുമുണ്ട്. അതിലേറ്റവും പ്രധാനം ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിക്കപ്പെട്ട വൈകി എത്തുന്ന നീതി തന്നെയാണ്. വൈകി കിട്ടുന്ന നീതി ഒരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ല. പ്രിയരേ ഒന്നു ചിന്തിക്കൂ, എത്രയോ കേസുകൾ കോടതികളുടെ കർശന നിർദേശങ്ങൾ ഉണ്ടായിട്ടും തീർപ്പുകൽപ്പിക്കപ്പെടാതെ നീണ്ടുപോകുന്നു. അതിവേഗ കോടതികൾ രൂപീകരിക്കപ്പെട്ടിട്ടും അസാധാരണമായ സമയങ്ങളിലും കോടതികൾ ചേർന്നിട്ടും സാധാരണക്കാരനു സമയത്തു ലഭിക്കുന്ന നീതി എത്രയോ വിദൂരമാണ്. സംവിധാനങ്ങളുടെ പരിമിതികളും വിഭവങ്ങളുടെ അഭാഗതയുമെല്ലാം അർഹതപ്പെട്ടവനു അർഹിക്കുന്ന സമയത്തു നീതി എന്ന വലിയ നിധി അന്യമാക്കുന്ന കാഴ്ച പലപ്പോഴും ഹൃദയഭേദകവും കണ്ണു നനയിക്കുന്നതുമാണ്. ഇതിനു അടിയന്തര ഇടപെടലുകൾ ബഹുമാനപ്പെട്ട കോടതികളുടെ ഭാഗത്തു നിന്നും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതു അത്യന്താപേക്ഷിതമാണ്. ദുർബലന്റെ അവസാന പിടിവള്ളിയായ നിയമസംവിധാനങ്ങളുടെ സുതാര്യതയും നീതി ലഭ്യമാക്കുന്ന മാർഗ്ഗങ്ങളും കാലഘട്ടത്തിനൊത്തു മാറ്റപ്പെടേണ്ടതു ഇന്നിന്റെ അനിവാര്യതയാണ്. അർഹതയുള്ളവന്റെ വഴിമുടക്കുന്നതിനും, വിജയം തട്ടിപ്പറിച്ചെടുക്കുന്നതിനും തുല്യമാണു സമയത്തു ലഭിക്കാതെ പോകുന്ന നീതിയും.

നമ്മുടെ നീതി സംവിധാനങ്ങളുടെ കാര്യക്ഷമത കാലഹരണപ്പെട്ടതാണെങ്കിൽ കാലത്തിനനുശ്രുതമായി കോലവും മാറ്റാൻ താമസംവിനാ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാവണം. വേണ്ടപ്പെട്ടവർ അതിനായി സമയവും അദ്ധ്വാനവും മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നീതി ലഭ്യമാകാനുള്ള കാലതാമസം എത്രയോ പാവപ്പെട്ടവരുടെ ജീവനുകളാണു അപഹരിച്ചിരിക്കുന്നത്. എത്രയോ സാധാരണക്കാരന്റെ കുടുംബങ്ങളേയാണു വഴിയാധാരമാക്കിയിരിക്കുന്നത്. ചെറുതും വലുതുമായ നീതിക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ, പോരാട്ടത്തിൽ എത്രയോ സുമനസ്സുകളാണു ആയുസ്സു തികയാതെ മാഞ്ഞുമറഞ്ഞത്. എത്രയോ ക്രൂരൻമാരും കള്ളൻമാരും നിയമത്തിന്റെ നൂലാമാലകൾ ഉപയോഗപ്പെടുത്തി സുഖിക്കുമ്പോൾ യഥാർത്ഥ അവകാശികൾ നീതി കിട്ടാതെ അലയുന്ന കാഴ്ച ഹൃദയം ഉലക്കുന്നതാണ്. തടിയുടേയും മിടുക്കിന്റേയും സമ്പത്തിന്റേയുമൊക്കെ ഹുങ്കിൽ പലതും വിലപേശി കൈക്കലാക്കുമ്പോൾ സമൂഹത്തിൽ നോക്കുകുത്തിയാവുന്നതു നമ്മുടെ അവസാന പ്രതീക്ഷയായ നീതിപീഠമാണ്. കരഞ്ഞു തളർന്ന കണ്ണുകളുമായി കോടതികളുടെ വരാന്തയിൽ കാൽപ്പാടു പതിഞ്ഞ കുടുംബങ്ങളുടെ ചിത്രം പലപ്പോഴും നൊമ്പരമായി നമ്മെ അലട്ടാറുണ്ട്. നമ്മുടെ നീതിപീഠത്തിനു അർഹതപ്പെട്ടവനു അർഹിക്കുന്ന നേരം നീതി വാങ്ങി നൽകാൻ സാധിക്കുന്നില്ലെങ്കിൽ അതു വലിയൊരു പോരായ്മതന്നെയാണ്. ഇവിടെ കളങ്കിതമാകുന്നതു ഭാരതാംബയുടെ നന്മയും നേരുമാണ്. അമ്മക്കു തന്റെ എല്ലാ മക്കളും ഒരുപോലെ പ്രാധാന്യമുള്ളവരാണ്. അതേപോലെ ഭാരതാംബക്കു തന്റെ മക്കളും പ്രിയപ്പെട്ടവരാണ്. നീതിനിഷേധങ്ങൾ, വിവേചനങ്ങൾ, പക്ഷപാതങ്ങൾ ഒക്കേയും മാറ്റപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. പാവപ്പെട്ടവന്റെ അത്താണിയായി മാറേണ്ട നീതിപീഠങ്ങൾ സുതാര്യവും കറപുരളാത്തതുമാകേണ്ടതു ജനാധിപത്യത്തിന്റെ നിലനിൽപ്പിനു മാറ്റിവയ്ക്കപ്പെടാനാവാത്ത ആവശ്യകതയാണ്. വിമർശനങ്ങൾ ഉൾക്കൊണ്ടും എല്ലാവരുടേയും അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ടും സമഗ്രമായ ഒരു മാറ്റം നമുക്കു സ്വപ്നം കാണാം. നമ്മുടെ ഭരണകർത്താക്കളിലൂടെ, നീതിന്യായ സംവിധാനങ്ങളിലൂടെ സാധാരണക്കാരനു സുഖമായി ഉറങ്ങാനും വിഹരിക്കാനും ഉതകുന്ന ഒരു നവയുഗപ്പിറവിക്കായി നമുക്കു കാത്തിരിക്കാം. നവഭാരതം ജന്മമെടുക്കാൻ നമുക്കാഗ്രഹിക്കാം.

ദുർബലനു കിട്ടാക്കനിയാവുന്ന, അർഹതയുള്ളവനു ജീവിതാവസാനം വരെ കാത്തിരിക്കേണ്ടി വരുന്ന ഒന്നായി "നീതി" ഇനിയും മാറ്റപ്പെടരുത്. തന്റെ അവകാശങ്ങൾക്കു വേണ്ടി അവസാനം വരെ പൊരുതി കണ്ണീരോടെ തോറ്റു പിൻവാങ്ങുന്ന അവസ്ഥ എത്രയോ വേദനാജനകമാണ്. നീതിക്കുവേണ്ടി ജീവിതത്തിന്റെ വസന്തകാലം മുഴുവൻ മാറ്റി ഒടുവിൽ പരാജിതനായി മുഖം താഴ്ത്തി തന്റെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും മുൻപിൽ നിരാലംബനായി നിൽക്കുന്ന അവസ്ഥ ഹൃദയം പിളർത്തുന്നതാണ്. എത്രയോ നല്ല വ്യക്തിത്വങ്ങൾ താങ്കൾ അർഹിക്കുന്ന അവകാശങ്ങൾക്കുവേണ്ടി പോരാടി മണ്ണിനോടു വിടപറഞ്ഞിരിക്കുന്നു. സമയത്തു ലഭിക്കാത്ത നീതി അനീതി തന്നെയാണ്.

മണ്ണിന്റെ മണമുള്ള മക്കൾക്കു നീതി കിട്ടാക്കനിയായി മാറുമ്പോൾ, നട്ടുവളർത്തി മൊട്ടിട്ടു വിടരുന്ന റോസാപ്പൂക്കൾ ആരുമറിയാതെ പൊഴിഞ്ഞുവീഴുമ്പോൾ, മനസ്സിന്റെ താഴ്‌വാരത്തെങ്ങോ പണിതുയർത്തിയ കിനാവിന്റെ കൊട്ടാരം കണ്ണോരം വീണമരുമ്പോൾ, ആയുസ്സിന്റെ കനിവു കിട്ടാതെ വഴിയിലെവിടെയോ അവനും മൂകമായി വിട പറയും. നന്മയുടെ പൊൻവെളിച്ചം എന്നെങ്കിലും മിഴിവേകുമെന്ന പ്രതീക്ഷയോടെ ....



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.