സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂകാസില്‍ തുറമുഖത്തിനു സമീപം ലഹരിമരുന്നിനൊപ്പം കരയ്ക്കടിഞ്ഞ മൃതദേഹം ബ്രസീല്‍ പൗരനായ സ്‌കൂബ ഡൈവറുടേതെന്ന് തിരിച്ചറിഞ്ഞു. സ്‌കൂബ ഡൈവറായ ബ്രൂണോ ബോര്‍ജസ് (31) ആണ് മരിച്ചതെന്ന് സുഹൃത്തുക്കളും എംബസി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സ്‌കൂബ ഡൈവറുടെ മരണത്തോടെ ചുരുളഴിയുന്നത് സമുദ്രമാര്‍ഗം, ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പ്രൊഫഷണല്‍ സ്‌കൂബ ഡൈവറായ ബ്രൂണോ മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസ് നിഗമനം. തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍നിന്ന് മയക്കുമരുന്ന് കരയ്‌ക്കെത്തിക്കാന്‍ ലഹരി കടത്ത് സംഘം ഇയാളെ വാടകയ്ക്കെടുത്ത് ഓസ്ട്രേലിയയിലേക്ക് അയച്ചതെന്നാണു കരുതുന്നത്.
കഴിഞ്ഞ ഒന്‍പതിന് തുറമുഖത്തിനു സമീപം ഹണ്ടര്‍ നദീ തീരത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപണിയില്‍ 20 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന, 50 കിലോയിലധികം ലഹരിമരുന്ന് അടങ്ങിയ പാക്കറ്റുകളാണ് മൃതദേഹത്തിനൊപ്പം കരയ്ക്കടിഞ്ഞത്. അത്യാധുനിക ഡൈവിംഗ് ഉപകരണങ്ങള്‍ ധരിച്ച നിലയിലായിരുന്നു മൃതദേഹം. സ്വദേശമായ ബ്രസീലിലേക്കു മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.
വിഷയത്തില്‍ ബ്രൂണോയുടെ കുടുംബവുമായും സിഡ്നിയിലെ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെട്ടിരുന്നതായി കാന്‍ബറയിലെ ബ്രസീല്‍ എംബസി അറിയിച്ചു.
ലഹരി കരയ്‌ക്കെത്തിക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍
തെക്കേ അമേരിക്കയില്‍ നിന്ന് കടല്‍മാര്‍ഗം ഓസ്ട്രേലിയയിലേക്ക് വലിയ അളവില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘടിത പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളാണ് സ്‌കൂബ ഡൈവറുടെ മരണത്തോടെ ചുരുളഴിഞ്ഞതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് ക്രിച്ച്ലോ പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച അര്‍ജന്റീനയില്‍ നിന്ന് സോയാബീന്‍ പൊടിയുമായി ന്യൂകാസിലില്‍ എത്തിയ അരേതി ജിആര്‍ എന്ന ചരക്ക് കപ്പലിലാണ് മയക്കുമരുന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തിയതെന്നാണ് പോലീസ് കരുതുന്നത്. കപ്പലിന്റെ പുറംചട്ടയില്‍ നിന്ന് അര്‍ദ്ധരാത്രി മയക്കുമരുന്ന് ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബ്രൂണോയുടെ ബോധം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. സംയാസ്പദമായ സാഹചര്യത്തില്‍ ചില ബോട്ടുകളും കപ്പലിനു സമീപം ഉണ്ടായിരുന്നതായി കണ്ടെത്തി.
300 കിലോഗ്രാം മയക്കുമരുന്നാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിന്റെ പുറംഭാഗത്ത് മയക്കുമരുന്നിനായി പോലീസ് പരിശോധന നടത്തിയിരുന്നു.
ഇതൊരു വിപുലമായ സംഘടിത കുറ്റകൃത്യം എന്ന നിലയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ബ്രൂണോയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നു കരുതുന്ന രണ്ടാമതൊരു മുങ്ങല്‍ വിദഗ്ധനു വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നുണ്ട്. ബ്രസീല്‍ പൗരന്‍ ജോണി ഫെര്‍ണാണ്ടസ് ഡ സില്‍വ(32)യ്ക്കു വേണ്ടിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെയും തെരയുന്നുണ്ട്.
ഇവര്‍ വിദേശ രാജ്യത്തുനിന്ന് ബോട്ടില്‍, നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഓസ്‌ട്രേലിയയില്‍ എത്തിയതാണെന്നാണ് പോലീസ് കണ്ടെത്തല്‍.
മയക്കുമരുന്ന് കരയ്ക്കടിഞ്ഞ സംഭവത്തില്‍ ആഡംബര നൗകയുടെ നാവികന്‍ ജെയിംസ് ബ്ലീ (62) മാത്രമാണ് അറസ്റ്റിലായത്. ക്വീന്‍സ് ലന്‍ഡ് സ്വദേശിയായ ഇയാള്‍ കെയിന്‍സ് എയര്‍പോര്‍ട്ടില്‍നിന്ന് സിംഗപ്പൂരിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിനിടെയാണ് പിടിയിലായത്. മയക്കുമരുന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്തതിനാണ് പ്രതിക്കെതിരേ കുറ്റം ചുമത്തിയിട്ടുള്ളത്. കേസ് കോടതിയുടെ പരിഗണനയിലാണ്.
കപ്പലിന്റെ പുറംവശത്ത് ഒളിപ്പിക്കുന്ന മയക്കുമരുന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കരയിലേക്കു കടത്തുന്ന പ്രവണത അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ മയക്കുമരുന്ന് ഉപയോക്താക്കള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് നല്‍കുന്നത്. അതാണ് രാജ്യത്തേക്ക് അനധികൃതമായ മാര്‍ഗങ്ങളിലുടെ മയക്കുമരുന്ന് ഇറക്കുമതി വര്‍ധിക്കാന്‍ കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.