മണ്ണാണ് ജീവന്റെ അടിസ്ഥാനം, സദ്ഗുരു

മണ്ണാണ് ജീവന്റെ അടിസ്ഥാനം, സദ്ഗുരു

ദുബായ്: യുഎഇയുടെ പ്രകൃതി സംരക്ഷണ നടപടികളെ പ്രകീർത്തിച്ച് ആഗോള ദർശകനായ സദ്ഗുരു. മണ്ണിന്‍റെ പുനരുജ്ജീവനത്തിനായുള്ള യുഎഇയുടെ ശ്രമങ്ങളെയും സുപ്രധാന ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി മണലിനെ മണ്ണാക്കി മാറ്റാനുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. 

കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് കോൺഷ്യസ് പ്ലാനറ്റ് മൂവ്‌മെന്‍റ് ടു സേവ് സോയിൽ (കോൺഷ്യസ് പ്ലാനറ്റ്) സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം ദുബായിലെ വേദിയിൽ എത്തിയ അദ്ദേഹം മണ്ണ് സംരക്ഷണത്തെക്കുറിച്ചും പ്രായോഗിക പരിഹാരങ്ങൾ തേടുന്നതിനെക്കുറിച്ചും പ്രഭാഷണം നടത്തി. 

വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന പരിപാടിയില്‍ നിരവധി പേർ പങ്കെടുത്തു.
മണ്ണിന്‍റെ സംരക്ഷണത്തിനായി ലോകമെമ്പാടുമുള്ളവർക്ക് അവധബോധം നല്കുകയെന്നത് ലക്ഷ്യമിട്ട് ലണ്ടൻ മുതൽ ഇന്ത്യയുടെ തെക്കേ അറ്റം വരെ 30,000 കിലോമീറ്ററും 27 രാജ്യങ്ങളും പരന്നുകിടക്കുന്ന 100 ദിവസത്തെ ഏകാംഗ മോട്ടോർസൈക്കിൾ യാത്ര അദ്ദേഹം നടത്തിയിട്ടുണ്ട്. 

മണ്ണിന്‍റെ പ്രതിസന്ധി പരിഹരിക്കുകയും ഇതിനായി ദേശീയ നയങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യാന്‍ നേതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നുളളതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.മെയ് 17 നാണ് അദ്ദേഹം അബുദബിയിലെത്തിയത്. യുഎഇയുടെ വിവിധ വകുപ്പ് മന്ത്രിമാരും മറ്റ് പ്രമുഖരും സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.