സാന്‍ ഫ്രാന്‍സിസ്‌കോ: ശക്തമായ ഗര്‍ഭച്ഛിദ്രാനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കൾക്കും വിശ്വാസികള്‍ക്കും എതിരെ നടപടി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാന്‍സി പെലോസിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തി കത്തോലിക്ക സഭ.
സഭയ്ക്കകത്തും പുറത്തും ശക്തമായ ഗര്‍ഭച്ഛിദ്രാനൂകൂല വാദം ഉന്നയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളും ജനപ്രതിനിധി സഭ സ്പീക്കറുമായ നാന്‍സി പെലോസിയെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയാണ്, സഭാ വിരുധ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതുമായി കത്തോലിക്കസഭ രംഗത്ത് എത്തിയിരിക്കുന്നത്.
ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി പൊതുമധ്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതുവഴി സഭയുടെ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയെന്നും ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുധമായ ആശയം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണ്‍ വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. എത്ര ഉന്നതരായാലും സഭാ വിരുധ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നതിന്റെ തെളിവാണിതെന്ന് ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണ്‍
ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി പത്തിലേറെ തവണയാണ് നാന്‍സി പെലോസി പരസ്യമായി നിലപാട് സ്വീകരിച്ചത്. സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ടെന്നും സഭയോ ഭരണകൂടമോ അല്ല വ്യക്തി സ്വാതന്ത്ര്യം നിര്‍ണയിക്കേണ്ടതെന്നും ഇവര്‍ വാദിച്ചിരുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വാദിക്കുന്ന പെലോസി ഗര്‍ഭസ്ഥ ശിശുവിന്റെ ജന്മാവകാശത്തെ മറക്കുകയാണെന്നാണ് ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ വിമര്‍ശനം. കത്തോലിക്ക വിശ്വാസിയെന്ന് സ്വയം അഭിമാനിക്കുന്ന ആളുതന്നെ കൊല്ലരുത് എന്ന പ്രമാണത്തെ ലംഘിക്കുകയാണ്. ഇവരുടെ സഭാ വിരുധ നിലപാടുകള്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്കകള്‍ക്ക് ഇടയാക്കിയെന്നും ഗര്‍ഭച്ഛിദ്ര വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ച് പരസ്യമായി നിലപാട് എടുത്തപ്പോള്‍ മുതല്‍ പെലോസിയെ തിരുത്താനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണ്‍ പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സിലില്‍ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. പെലോസിക്കെതിരെ നടപടി എടുക്കാന്‍ ശക്തമായ സമ്മര്‍ദ്ദവും ഉണ്ടായി. സഭയിലെ മറ്റ് ഉന്നതരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.
അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാന്‍സി പെലോസി വൈറ്റ് ഹൗസിനു മുന്നിൽ പ്രസംഗത്തിനിടെ
അതേസമയം സഭാ നിയമപ്രകാരമുള്ള ശിക്ഷാനടപടി സ്വീകരിച്ചതില്‍ വിശുദ്ധ കുര്‍ബാനയെ ആയുധമാക്കിയെന്ന വിമര്‍ശനങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു. കാനോന്‍ നിയമപ്രകാരമുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി എടുത്തത്. രാഷ്ട്രീയപരമായ ഇടപെട്ടിട്ടില്ല. സഭയുടെ പ്രബോധനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുധമായി പ്രവര്‍ത്തിക്കുകയും അതേസമയം വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്നവരാണ് ഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കുര്‍ബാനയെ ആയുധമാക്കുന്നതെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടുകളെ തള്ളിപ്പറഞ്ഞ് പാപമോചനം നേടിയ ശേഷം വിലക്ക് പിന്‍വലിക്കാമെന്ന് പെലോസിക്ക് ആര്‍ച്ച്ബിഷപ് ഉറപ്പ് നല്‍കി. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റ് മെമ്പര്‍ ആണ് സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപതാംഗമായ പെലോസി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.