അബുജ: മതനിന്ദ ആരോപിച്ചു വടക്കന്‍ നൈജീരിയയിലെ സൊകോട്ടോയില്‍ മുസ്ലീം മതമൗലീക വാദികള്‍ കൊലപ്പെടുത്തിയ ക്രിസ്ത്യന്‍ പെണ്‍കുട്ടി ദബോറ യാക്കൂബുവിനെ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ അനുസ്മരിച്ചു. നൈജീരിയയിലെ എല്ലാ പള്ളികളിലും അനുസ്മരണ യോഗങ്ങള്‍ ചേരുകയും പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിക്കുകയും മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തുകയും ചെയ്തു.
അനുസ്മരണ പരിപാടികള്‍ തടസപ്പെടുത്തുമെന്നും മാര്‍ച്ച് നടത്തിയാല്‍ ആക്രണം ഉണ്ടാകുമെന്നുള്ള മുസ്ലീം മതമൗലീക വാദികളുടെ ഭീഷണികളെ അവഗണിച്ചാണ് നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷനും കാത്തലിക് അസോസിയേഷന്‍ ഓഫ് നൈജീരിയയും രാജ്യവ്യാപകമായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ചില ഇടങ്ങളില്‍ മുസ്ലിം ഗ്രൂപ്പുകളുടെ അക്രമങ്ങളും പ്രതിഷേധങ്ങളും ഉണ്ടായതായി നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ വക്താവ് ബയോ ഒലാഡെജി പറഞ്ഞു
വിവിധ ഇടവകകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. അനുസ്മരണ യോഗങ്ങള്‍ ചേര്‍ന്നു. ഇടവകകള്‍ക്ക് സമീപമുള്ള തെരുവുകളില്‍ മെഴുകുതിരി കത്തിച്ച മാര്‍ച്ചും നടത്തി. ദബോറയുടെ കൊലപാതകം രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി.
മെയ് 12 നാണ് സൊകോട്ടോ സംസ്ഥാനത്തെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിനിയായിരുന്ന ദബോറയെ മുസ്ലീം വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും കല്ലെറിയുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. ഒരു ഓണ്‍ലൈന്‍ ക്ലാസ് റൂം ഗ്രൂപ്പില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. എന്നാല്‍ സമൂഹമാധ്യമത്തിലൂടെ ഈശോയെ പ്രകീര്‍ത്തിച്ചതാണ് അക്രമണത്തിനും തുടര്‍ന്ന് കൊലപാതകത്തിലും എത്തിച്ചതെന്നാണ് ദബോറയുടെ സഹപാഠികളില്‍ ഒരാള്‍ പറഞ്ഞത്.
പരീക്ഷയിലെ വിജയം ഈശോ തന്നതാണ് എന്ന് ദബോറ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സഹപാഠികളായ രണ്ട് മുസ്ലീം വിദ്യാര്‍ഥികള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ഇല്ലെങ്കില്‍ പീഢനം അനുഭവിക്കേണ്ടിവരുമെന്നും ദബോറയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി കമന്റ് ചെയ്തു. 'പരിശുദ്ധാത്മാവിന്റെ തീ എന്നില്‍ ഉണ്ട് എനിക്കൊന്നും സംഭവിക്കുകയില്ല.' എന്നാണ് ഇതിനു മറുപടിയായി ദബോറ കമന്റ് ചെയ്തത്.
റംസാന്‍ മാസത്തെ അവധിക്ക് കോളേജ് അടച്ചിട്ട സമയമായിരുന്നു അത്. മെയ് 11ന് കോളേജ് തുറന്നപ്പോള്‍ മുസ്ലിം സമുദായത്തില്‍ പെട്ട ആണ്‍കുട്ടികള്‍ ദബോറയെ വളഞ്ഞു. പെണ്‍കുട്ടി വീണു പോകുന്നതുവരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് അവളെ തീ കൊളുത്തി കൊലപ്പെടുത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ റിലീജിയസ് പോസ്റ്റുകള്‍ ഇടുന്നതിനെ നേരത്തെ മുതല്‍ ദബോറയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതു പലപ്പോഴായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്നു മുതല്‍ ദബോറ മുസ്ലീം മതമൗലീക വാദികളുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.
പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉള്‍പ്പെടെയുള്ള നൈജീരിയന്‍ ഭരണാധികാരികള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ അപലപിച്ചു. നൈജീരിയന്‍ ക്രിസ്ത്യാനികള്‍ പലപ്പോഴും മതത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ബയോ ഒലഡെജി പറഞ്ഞു.
ദബോറയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സോകോടോ സംസ്ഥാന അധികാരികള്‍ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. ഭരണഘടനയില്‍ നിന്ന് മതനിന്ദ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകന്‍ മാര്‍ട്ടിന്‍ ഒബോനോയ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.