കുരങ്ങുപനി: സമ്പര്‍ക്കമില്ലാത്തവരിലെ രോഗ വ്യാപനത്തില്‍ ആശങ്കയോടെ ലോകം; കാരണം കണ്ടെത്താനാകാതെ വൈദ്യശാസ്ത്രജ്ഞര്‍

കുരങ്ങുപനി: സമ്പര്‍ക്കമില്ലാത്തവരിലെ രോഗ വ്യാപനത്തില്‍ ആശങ്കയോടെ ലോകം; കാരണം കണ്ടെത്താനാകാതെ വൈദ്യശാസ്ത്രജ്ഞര്‍

ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തേക്ക് കുരങ്ങുപനി പടരുന്നതിന്റെ ആശങ്കകള്‍ക്കിടെ സമ്പര്‍ക്കമില്ലാത്തവരില്‍ പോലും രോഗം വ്യാപിക്കുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വൈദ്യലോകം. ആഫ്രിക്കയ്ക്ക് പുറത്ത് 12 ഓളം രാജ്യങ്ങളില്‍ ഇതിനകം രോഗം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 80 കേസുകളാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. പലതും രോഗികളുമായോ രോഗസാഹചര്യവുമായോ സമ്പര്‍ക്കം ഉണ്ടാകാത്ത വ്യക്തികളിലാണ്. ഇതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ലോകാരോഗ്യ സംഘടന.

മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഏറ്റവും സാധാരണമായ വൈറസ് ബാധയാണ് മങ്കിപോക്‌സ് അല്ലെങ്കില്‍ കുരുങ്ങുപനി. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പടെ രോഗം എങ്ങനെ പടര്‍ന്നുപിടിച്ചു എന്നതാണ് ഡബ്ല്യുഎച്ച്ഒയെ ചിന്തിപ്പിക്കുന്നത്. കോവിഡ് പോലെ വ്യാപനശേഷി കൂടിയ രോഗമല്ല മങ്കിപോക്‌സ്. അപൂര്‍വ്വമായി മാത്രമേ കുരുങ്ങുപനി മൂലം രോഗി ഗുരുതരാവസ്ഥയില്‍ എത്താറുള്ളു.

മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് കുരങ്ങുപനിയുടെ വ്യാപനശേഷി. എന്നിട്ടും മിക്കരാജ്യങ്ങളിലും പത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഗുരുതരമായി സ്ഥിതിവിശേഷമായി വൈദ്യശാസ്ത്രലോകം കാണുന്നു. മറ്റൊരാളിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വിധത്തില്‍ വൈറസ് പരിവര്‍ത്തനം ചെയ്തിരിക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. കാരണം വ്യക്തമല്ലാത്ത അനിയന്ത്രിത വ്യാപനം അപകടകരമായ ആരോഗ്യാവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്ന ആശങ്കയും ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.






പരസ്പരം അടുത്തിടപഴകുന്നവര്‍ക്കിടയിലാണ് ഇപ്പോള്‍ രോഗ വ്യാപനം കൂടുതലായി കണ്ടുവരുന്നത്. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്കിടയില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലൈംഗീക ബന്ധത്തിലൂടെ പകരുന്നതാണെങ്കില്‍ അത് ലിംഗവ്യത്യാസമില്ലാതെ കാണപ്പെടേണ്ടതാണ്. എന്നാല്‍ ഒരു പ്രത്യേക വിഭഗങ്ങളില്‍ മാത്രം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ ആളുകളുമായി ശാരീരിക സമ്പര്‍ക്കത്തിലേര്‍പ്പെടുമെന്നതിനാല്‍ ഇത്തരത്തിലുള്ളവരില്‍ നിന്ന് രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്.

അതേസമയം 'വസൂരി വാക്‌സിനേഷന്റെ പ്രതിരോധശേഷി കുറയുന്നത് കുരങ്ങുപനി വര്‍ധിച്ചുവരുന്നതിന് കാരണമായേക്കാവുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോസെക്യൂരിറ്റി പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന പ്രൊഫ. റെയ്ന മക്കിന്റൈറാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വസൂരി വാക്‌സിനേഷന്‍ നിര്‍ത്തിയിട്ട് 50 വര്‍ഷത്തിലേറെയായി. വസൂരി ഇല്ലാതാക്കിയതായുള്ള ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നിര്‍ത്തിയത്.

കോവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍, ലോകമെമ്പാടുമുള്ള ഗവേഷകരും ആരോഗ്യ പ്രവര്‍ത്തകരും വൈറസുകളെക്കുറിച്ചുള്ള പഠനത്തില്‍ വ്യാപൃതരാണ്. ഇതിനു മുന്‍പ് കുരങ്ങുപനി ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തത് 1970ലാണ്. ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.



എന്നാല്‍ ഇന്ന് സംഭവിച്ചതുപോലെ വലിയൊരു വ്യാപനം അന്നുണ്ടായില്ല. ഇന്നുപക്ഷെ യാതൊരു സമ്പര്‍ക്കമില്ലാത്തവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സാധാരണയായി വൈറസ് ഉറവിടമായി വിശ്വസിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങള്‍, എലി എന്നിവ വഴിയാകുമോ ഇപ്പോഴുണ്ടായ രോഗവ്യാപനമെന്ന അന്വേഷണവും നടക്കുന്നു.

അതിനിടെ, കുരങ്ങുപനിക്ക് ബെല്‍ജിയം 21 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ശനിയാഴ്ച രാജ്യത്ത് നാലാം കേസും റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. കുരങ്ങുപനിക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമാണ് ബെല്‍ജിയം. രോഗവ്യാപനം നിയന്ത്രിക്കാന്‍ ക്വറൈന്റീനാണ് ഉത്തമമാതൃകയെന്ന് ബ്രിട്ടണ്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നടന്ന ലോകാരോഗ്യ സംഘടനയുടെ പ്രത്യേക യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.