കീവിലെ യുഎസ് എംബസി സംരക്ഷണത്തിന് അമേരിക്ക പ്രത്യേക സേനയയെ അയയ്ക്കുന്നു; ഉക്രെയ്‌ന് കൂടുതല്‍ സൈനിക വാഗ്ദാനങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കീവിലെ യുഎസ് എംബസി സംരക്ഷണത്തിന് അമേരിക്ക പ്രത്യേക സേനയയെ അയയ്ക്കുന്നു; ഉക്രെയ്‌ന് കൂടുതല്‍ സൈനിക വാഗ്ദാനങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

വാഷിങ്ടണ്‍: റഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉക്രെയ്‌നിലെ യുഎസ് എംബസിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ അമേരിക്ക പദ്ധതിയിടുന്നു. യുദ്ധം ഭീകരമായ നാശനഷ്ടങ്ങള്‍ വരുത്തിയ ഉക്രെയ്ന്‍ തലസ്ഥാന നഗരം കീവിലെ യുഎസ് എംബസിയുടെ സംരക്ഷണത്തിനായാണ് പ്രത്യേക സേനയെ അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകരിക്കുന്നതോടെ പ്രത്യേക സുരക്ഷാ സേന കീവിലേക്ക് യാത്ര പുറപ്പെടും.

കീവില്‍ റഷ്യ സൈനീകാക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട എംബസി കഴിഞ്ഞ ആഴ്ച്ചയാണ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. പരിമിതമായ ജീവനക്കാര്‍ മാത്രമേ ഇപ്പോള്‍ അവിടെയുള്ളു. ഉക്രെയ്‌ന്റെ നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് എംബസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമ്പോള്‍ ഈ സംരക്ഷണം മതിയാകാതെ വരും. അതു കണക്കിലെടുത്താണ് യുഎസ് സേന നേരിട്ട് സുരക്ഷ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

ലോകത്തെവിടെയും അമേരിക്കന്‍ എംബസിയുടെ സംരക്ഷണ ചുമതല യുഎസ് നാവിക സേനയ്ക്കാണ്. യുദ്ധത്തെ തുടര്‍ന്ന് എംബസി അടച്ചതോടെ രാജ്യത്തേക്ക് മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് തിരിച്ചു പോയില്ല. രാജ്യാന്തര വിഷയമായതിനാല്‍ സര്‍ക്കാരിന്റെ തീരുമാനം ആവശ്യമാണ്. ബൈഡന്‍ നിര്‍ദേശം അംഗീകരിക്കുന്നതോടെ ഭരണപരമായ തടസങ്ങള്‍ മാറും.



എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ എംബസിയിലെത്തിക്കുക എന്നതാണ് യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്കയും ഉക്രെയ്‌നും നേരിടുന്ന വെല്ലുവിളി. ഇവരെ യഥാസ്ഥലത്ത് എത്തിക്കുന്നതിന് ഉക്രെയ്ന്‍ പ്രതിരോധ വകുപ്പുമായി വൈറ്റ് ഹൗസ് സംഭാഷണം നടത്തുന്നുണ്ടെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഹെലികോപ്റ്റര്‍ മാര്‍ഗമോ സമാനമായ ആകാശമാര്‍ഗമോ സേനയെ എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അബദ്ധ തീരുമാനമായിരിക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. റഷ്യന്‍ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്‌ന്റെ അന്തരീക്ഷത്തിലൂടെ വായുമാര്‍ഗമുള്ള ഒരു ഓപ്പറേഷനും സാധ്യമല്ല. റോഡ് മാര്‍ഗം മാത്രമാണ് മുന്നിലുള്ള ഏക സാധ്യത. അതും വളരെ വേഗത്തില്‍ എംബസിയില്‍ എത്തിക്കുകയും വേണം. ഇതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനാണ് ഉക്രെയ്ന്‍ പ്രതിരോധ വകുപ്പുമായി പെന്റഗണ്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

ഉക്രെയ്‌നിലെ പുതിയ യുഎസ് അംബാസഡറായി ബ്രിഡ്ജറ്റ് ബ്രിങ്കിനെ കഴിഞ്ഞയാഴ്ച സെനറ്റ് തീരുമാനിച്ചെങ്കിലും ഇദ്ദേഹത്തെ ഇതുവരെ രാജ്യത്ത് എത്തിക്കാനായിട്ടില്ല. പ്രത്യേക സൈനീക സംരക്ഷണമില്ലാതെ ഉക്രെയ്‌നിലേക്കുള്ള പ്രവേശനം സാധ്യമല്ലെന്ന് അമേരിക്കയ്ക്കും അറിയാം. ഈ സാഹചര്യങ്ങളൊക്കെ മുന്നില്‍ കണ്ടാണ് എംബസിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആലോചിക്കുന്നത്.



അതേസമയം ചൈനയുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെ ഉക്രെയ്‌ന് കൂടുതല്‍ യുദ്ധസഹായങ്ങളുമായി അന്‍പതോളം രാജ്യങ്ങളിലെ പ്രതിരോധ നേതാക്കള്‍ രംഗത്തെത്തി. അത്യാധുനിക ആയുധങ്ങളും തീര സംരക്ഷണത്തിനുള്ള മിസൈലുകളുമാണ് വാഗ്ദാനത്തിലുള്ളത്.

ഉക്രെയ്ന് പുതിയ സുരക്ഷാ സഹായ പാക്കേജുകള്‍ അയയ്ക്കുമെന്ന് ഉക്രെയ്ന്‍ ഡിഫന്‍സ് കോണ്‍ടാക്റ്റ് ഗ്രൂപ്പിലെ 20 ഓളം അംഗങ്ങള്‍ പ്രഖ്യാപിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കടല്‍ത്തീരത്തെ പ്രതിരോധിക്കാന്‍ ഉക്രെയ്‌നിലേക്ക് ഹാര്‍പൂണ്‍ ലോഞ്ചറും മിസൈലുകളും അയയ്ക്കാന്‍ ഡെന്മാര്‍ക്ക് സമ്മതിച്ചതായി ഓസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ യുക്രൈന്‍ ആവശ്യപ്പെട്ട ഹൈടെക് മൊബൈല്‍ റോക്കറ്റ് ലോഞ്ചറുകള്‍ നല്‍കുന്ന കാര്യത്തില്‍ യുഎസ് തീരുമാനം വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാനഡ, ഓസ്ട്രിയ, ചെക്ക് റിപ്ലബിക്ക് തുടങ്ങിയ രാജ്യങ്ങളും യുദ്ധസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.