ഭിക്ഷയെടുത്ത് 90,000 രൂപയുടെ സ്‌കൂട്ടര്‍ വാങ്ങി; പെട്രോളടിക്കാനും ഭിക്ഷ യാചിച്ച് ദമ്പതികള്‍

ഭിക്ഷയെടുത്ത് 90,000 രൂപയുടെ സ്‌കൂട്ടര്‍ വാങ്ങി; പെട്രോളടിക്കാനും ഭിക്ഷ യാചിച്ച് ദമ്പതികള്‍

ഭോപ്പാല്‍: പ്രിയപ്പെട്ടവര്‍ക്കു വേണ്ടി നാം എന്തും ചെയ്യും. അത്തരത്തിലൊരു സംഭവമാണ് മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു യാചകന്‍ ഭിക്ഷ യാചിച്ച തുക കൊണ്ട് സ്‌കൂട്ടര്‍ വാങ്ങി. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് സംഭവം. തന്റെ പ്രിയതമയ്ക്ക് 90,000 രൂപ വിലയുള്ള സ്‌കൂട്ടറാണ് സന്തോഷ് സാഹു എന്ന യാചകന്‍ വാങ്ങി നല്‍കിയത്.

ഭിന്നശേഷിക്കാരനായ ഭിക്ഷാടകനെ ട്രൈസൈക്കിളില്‍ തള്ളിക്കൊണ്ട് നടന്നാണ് ഭാര്യ ഭിക്ഷ യാചിച്ചിരുന്നത്. ഭാര്യയുടെ കഷ്ടപ്പാട് കാണുമ്പോള്‍ ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്ന മോഹം സന്തോഷിനും ഉണ്ടായിരുന്നു. ദിനവും ഭിക്ഷയായി ലഭിക്കുന്ന തുകയില്‍ നിന്നും മിച്ചം പിടിച്ചാണ് ഇയാള്‍ സ്‌കൂട്ടര്‍ വാങ്ങാനുള്ള തുക സ്വരൂപിച്ചത്.

കാലുകള്‍ അനങ്ങാത്ത വൈകല്യമുള്ളയാളാണ് സന്തോഷ് സാഹു. അതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സന്തോഷിനെ ഭാര്യ ട്രൈസൈക്കിളില്‍ ഇരുത്തി ഉന്തിക്കൊണ്ടാണ് ഭിക്ഷാടനത്തിന് കൊണ്ടു പോയിരുന്നത്. ഭാര്യ മുന്നിയും സാഹുവിനൊപ്പം ഭിക്ഷ യാചിക്കുകയായിരുന്നു. മോശം റോഡുകളും മഴയും കാരണം ഭിക്ഷ ചോദിക്കാന്‍ പോകുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ദിവസം മുഴുവന്‍ ട്രൈസൈക്കിള്‍ തള്ളേണ്ടി വരുന്നതിനാല്‍ ഭാര്യക്ക് പലപ്പോഴും അസുഖവുമായിരുന്നു. ഇതെല്ലാമാണ് സ്‌കൂട്ടര്‍ വാങ്ങാന്‍ സന്തോഷിനെ പ്രേരിപ്പിച്ചത്.

ബസ് സ്റ്റാന്‍ഡുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ഭിക്ഷ യാചിച്ച ദമ്പതികള്‍ 90,000 രൂപ വര്‍ഷങ്ങളെടുത്താണ് സമ്പാദിച്ചത്. ഇപ്പോള്‍ ഭിക്ഷാടനത്തിനായി വീട്ടില്‍ നിന്നും സ്‌കൂട്ടറിലാണ് ഇവരുടെ യാത്ര. മറ്റൊരു അധിക ചിലവ് ഉള്ളത് നിത്യ ചെലവിനൊപ്പം സ്‌കൂട്ടറില്‍ പെട്രോളടിക്കാനും കൂടി ഭിക്ഷ എടുക്കണം എന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.