ജക്കാര്‍ത്ത: ജക്കാര്‍ത്തക്ക് സമീപം കിഴക്കന്‍ തിമോര്‍ തീരത്ത് വെള്ളിയാഴ്ച രാവിലെ 6.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ ഭൂചലനം ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു.
കിഴക്കന്‍ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയില്‍, തിമോര്‍ ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് നിന്ന് 51.4 കിലോമീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓഷ്യന്‍ സുനാമി മുന്നറിയിപ്പ് ആന്‍ഡ് മിറ്റിഗേഷന്‍ സിസ്റ്റം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ ചെറിയതോതില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ ആളുകള്‍ പതിവുപോലെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും എ.എഫ്.പി മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
വടക്ക് ഇന്തോനേഷ്യയും തെക്ക് ഓസ്‌ട്രേലിയയുമുള്ള ദ്വീപ് രാഷ്ട്രമാണ് തിമോർ-ലെസ്റ്റെ എന്ന് അറിയപ്പെടുന്ന ഈസ്റ്റ് തിമോർ. കിഴക്കന്‍ തിമോറില്‍ 1.3 ദശലക്ഷം ജനസംഖ്യയാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു ഡസനിലധികം പേര്‍ മരിച്ചിരുന്നു. കൂടാതെ 2004-ല്‍, സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഏകദേശം 170,000 പേര്‍ മരണപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.