ടെക്‌സാസ്: ടെക്‌സാസിലെ യുവാള്‍ഡി സ്‌കൂളില്‍ 19 കുട്ടികളുടെ മരണത്തിനിടയായ വെടിവയ്പ്പ് നടക്കുമ്പോള്‍ ഗേറ്റിനു പുറത്തു പൊലീസ് സംഘം ഒരു മണിക്കൂറിലേറെ കാത്തുനിന്നത് വീഴ്ചയായിപ്പോയെന്ന് പൊലീസ് സമ്മതിച്ചു. ജീവന്‍ രക്ഷിക്കണമെന്ന് കരഞ്ഞ് പറഞ്ഞ് വിദ്യാര്‍ഥികള്‍ 911 ല്‍ വിളിച്ചു കേണുകൊണ്ടിരിക്കെ ആയുധവുമേന്തി പൊലീസ് സംഘം ഗേറ്റിനു പുറത്തു നില്‍ക്കുകയായിരുന്നു.
അക്രമി ക്ലാസ്മുറിയില്‍ അടച്ചിരിക്കുകയാണെന്നും കുട്ടികള്‍ക്ക് ഉടന്‍ ആപത്തില്ലെന്നുമുള്ള വിശ്വാസത്തില്‍ ജില്ലാ പൊലീസ് മേധാവിയാണു പൊലീസ് സംഘത്തെ തടഞ്ഞത്. ഈ തീരുമാനം തെറ്റായിപ്പോയെന്നു ടെക്‌സസ് പൊലീസ് മേധാവി സ്റ്റീവന്‍ മക്‌റോ ഇന്നലെ തുറന്നു സമ്മതിച്ചു.
അക്രമിയെ ഭയന്ന് ക്ലാസ് മുറികളില്‍ കഴിഞ്ഞ കുട്ടികള്‍ വിളിച്ചിട്ടും പൊലീസ് നടപടി വൈകിയതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ ഉണ്ടായതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് മൂന്ന് ദിവസത്തിനുശേഷം സംഭവങ്ങള്‍ വിശദീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
പതിനെട്ടുകാരനായ അക്രമി സാല്‍വദോര്‍ റാമോസ് സ്‌കൂളിനുള്ളില്‍ പ്രവേശിച്ചു രണ്ട് മിനിറ്റിനകം സ്‌കൂള്‍ സുരക്ഷയ്ക്കുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് സ്‌കൂളിനുള്ളില്‍ കയറിയിരുന്നു. അരമണിക്കൂറിനകം 19 സായുധ ഓഫിസര്‍മാര്‍ കൂടി ഗേറ്റിനു പുറത്തെത്തി. എന്നാല്‍ മൂക്കാല്‍ മണിക്കുറിലേറെ സമയം ഇവര്‍ ഗേറ്റിനു പുറത്ത് ഒന്നും ചെയ്യാതെ നിന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് ബോര്‍ഡര്‍ പട്രോള്‍ കമാന്‍ഡോകള്‍ എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നാണു അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. പൊലീസ് ഒന്നും ചെയ്യാതെ നില്‍ക്കുമ്പോള്‍ സ്‌കൂളിനു പുറത്ത് രക്ഷിതാക്കള്‍ വിലപിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തു നീക്കുന്ന വിഡിയോ ദൃശ്യങ്ങളും പിന്നിടു പുറത്തുവന്നു. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്‌കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പില്‍ രണ്ട് അധ്യാപകരും 19 വിദ്യാര്‍ഥികളുമാണു കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.