വത്തിക്കാന്‍: ഇന്ത്യയില്‍ നിന്നുള്ള രണ്ട് ആര്‍ച്ചുബിഷപ്പുമാര്‍ ഉള്‍പ്പടെ 21 പുതിയ കര്‍ദ്ദിനാള്‍മാരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാന്‍ സ്‌ക്വയറില്‍ കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു ഞായറാഴ്ച്ച സന്ദേശത്തിന് ശേഷമാണ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തിയത്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി അന്റോണിയോ, ഹൈദ്രബാദ് ആര്‍ച്ച്ബിഷപ്പ് ആന്റണി പൂല എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള പുതിയ കര്‍ദിനാള്‍മാര്‍. നിയുക്ത കര്‍ദ്ദിനാള്‍മാരുടെ സ്ഥാനാരോഹണം ഓഗസ്റ്റില്‍ നടക്കും.
ആര്‍ച്ച്ബിഷപ്പായ ഫിലിപ്പ് നേറി അന്റോണിയോ
ഗോവ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായ ഫിലിപ്പ് നേറി അന്റോണിയോ സെബാസ്റ്റിയോ 1953 ജനുവരി 20നാണ് ജനിച്ചത്. സാലിഗാവോയിലെ ഔവര്‍ ലേഡി സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. പൂന്നൈയിലെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് തത്വചിന്തയിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി.
1979 ഒക്ടോബര്‍ 28-ന് വൈദികനായി അഭിഷിക്തനായി. ഗോവയിലെയും ദാമനിലെയും സഹായ മെത്രാനായും 1993 ഡിസംബര്‍ 20 ന് വാനാരിയോണയിലെ മെത്രാനായും അഭിക്ഷിക്തനായി. 2003 ഡിസംബര്‍ 12 ന് ഗോവയിലെയും ദാമന്റെയും ആര്‍ച്ച് ബിഷപ്പായും ഈസ്റ്റ് ഇന്‍ഡീസിന്റെ പാത്രിയര്‍ക്കിയായും ക്രംഗനൂര്‍ ആര്‍ച്ച് ബിഷപ്പായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ നിയമിച്ചു. 2006 നവംബര്‍ 25ന്, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഗോവയിലെയും ദാമനിലെയും മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായും നിയമിച്ചു.
ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല
ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല 1961 നവംബര്‍ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ദുകൂറിലാണ് ജനിച്ചത്. കുര്‍ണൂലിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ പഠിച്ചു. 1992 ഫെബ്രുവരി 20 ന് വൈദികനായി. 46 ാം ആം വയസില്‍ കര്‍ണൂല്‍ ബിഷപ്പായി. 59 ാം വയസില്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പുമായി.
1992 മുതല്‍ 2002 വരെ ആന്റണി പൂല ഇന്ത്യയിലെ വിവിധ കത്തോലിക്ക പള്ളികളില്‍ വികാരിയായിരുന്നു. 2002-2003 കാലഘട്ടത്തില്‍ ചിക്കാഗോ അതിരൂപതയിലെ സെന്റ് ജെനീവീവ് കാത്തലിക് ചര്‍ച്ചിലെ അസോസിയേറ്റ് പാസ്റ്റര്‍. ഇക്കാലയളവില്‍ സിഎഫ്‌സിഎയുടെ കോര്‍ഡിനേറ്റര്‍, എഡിറ്റര്‍, എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സെക്രട്ടറി, ആര്‍സിഎം സ്‌കൂളുകളുടെ ഡെപ്യൂട്ടി മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചു.
2008 ല്‍ ആന്റണി പൂല കുര്‍ണൂല്‍ ബിഷപ്പായി. 2008 മുതതല്‍ 2015 വരെ യുവജന കമ്മീഷന്‍ തെലുങ്ക് മേഖലയുടെ ചെയര്‍മാന്‍, പട്ടികജാതി, പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍, ആന്ധ്രാപ്രദേശ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ചെയര്‍മാന്‍, 2014-2020 കാലഘട്ടത്തില്‍ തെലുങ്ക് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറല്‍, സിഖ് വില്ലേജ് കാമ്പസിന്റെ ചെയര്‍മാന്‍, ജീവന്‍ ഇന്‍ സ്റ്റേറ്റ് പ്രിന്റിംഗ് പ്രസിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
2013ല്‍ സഭയുടെ പരമാധ്യക്ഷനായ ശേഷം ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ 58 രാജ്യങ്ങളില്‍ നിന്നായി 101 കര്‍ദ്ദിനാള്‍മാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മുതല്‍ പുതിയ കര്‍ദിനാള്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മാര്‍പ്പാപ്പയ്‌ക്കൊപ്പം വാഷിംഗ്ടണിലെ കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറിയും കര്‍ദ്ദിനാള്‍ റാനിയേറോ കാന്റലമെസ്സയും ചേര്‍ന്നാണ് പുതിയ കര്‍ദ്ദിനാള്‍മാരുടെ പട്ടിക തയാറാക്കിയത്. 73 അംഗങ്ങളുള്ള കോളേജിയം ആണ് കര്‍ദ്ദിനാള്‍മാരുടെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.
മറ്റ് നിയുക്ത കര്‍ദ്ദിനാള്‍മാര്‍
* യുകെയിലെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്‍ഡ് ദി ഡിസിപ്ലിന്‍ ഓഫ് ദി സാക്രമെന്റ് മേധാവി ആര്‍തര്‍ റോഷ്.
* ദക്ഷിണ കൊറിയയിലെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ക്ലര്‍ജി മേധാവി ലസാരോ യു ഹ്യൂങ് സിക്ക്,
* സ്‌പെയ്‌നില്‍ നിന്നുള്ള വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗ
* ഫ്രാന്‍സിലെ മാര്‍സെയില്‍ ആര്‍ച്ച് ബിഷപ്പ് ജീന്‍ മാര്‍ക്ക് അവെലിന്‍
* നൈജീരിയയിലെ എക്വുലോബിയ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ഒക്പാലെകെ
* ബ്രസീലിലെ മനൗസില്‍ ആര്‍ച്ച് ബിഷപ്പ് ലിയോനാര്‍ഡോ ഉള്‍റിച്ച് സ്റ്റെയ്‌നര്‍
* ബ്രസീലിയ ആര്‍ച്ച്ബിഷപ്പ് പൗലോ സെസാര്‍ കോസ്റ്റ
* അമേരിക്കയിലെ സാന്‍ ഡിയാഗോ ബിഷപ്പ് റോബര്‍ട്ട് വാള്‍ട്ടര്‍ മക്എല്‍റോയ്
* കിഴക്കന്‍ തിമോറിലെ ദിലി ആര്‍ച്ച് ബിഷപ്പ് വിര്‍ജിലിയോ ഡോ കാര്‍മോ ഡ സില്‍വ
* ഇറ്റലിയിലെ കോമോ ബിഷപ്പ് ഓസ്‌കാര്‍ കന്റോണി
* ഘാനയിലെ ബിഷപ് റിച്ചാര്‍ഡ് കുയിയ ബാവോബ്ര്‍
* സിംഗപ്പൂര്‍ ആര്‍ച്ച്ബിഷപ്പ് വില്യം ഗോ സെങ് ചൈ
* പരാഗ്വയിലെ അസുന്‍സിയോണ ആര്‍ച്ച് ബിഷപ്പ് അഡാല്‍ബെര്‍ട്ടോ മാര്‍ട്ടിനെസ് ഫ്‌ളോറസ്
* മംഗോളിയയിലെ ഉലാന്‍ബാതര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ മാരെംഗോ
* കോളംബിയയിലെ കാര്‍ട്ടജീന ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് എന്റിക് ജിമെനെസ് കാര്‍വാജല്‍
* ബെല്‍ജിയത്തിലെ ആര്‍ച്ച്ബിഷപ് എമിരിറ്റസ് ലൂക്കാസ് വാന്‍ ലൂയ് എസ്.ഡി.ബി
* ഇറ്റലിയിലെ കാഗ്ലിയാരി അതിരൂപതയുടെ എമിരിറ്റസ് ആര്‍ച്ച് ബിഷപ്പ് അരിഗോ മിഗ്ലിയോ
* ഫാ.ജിയാന്‍ഫ്രാങ്കോ ഗിര്‍ലാന്‍ഡ എസ്‌ജെ
* മോണ്‍. ഫോര്‍തുനാറ്റോ ഫ്രെസ്സ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.