അൻപതിന്റെ നിറവിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്

അൻപതിന്റെ നിറവിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്

കോട്ടയം: മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കോവിഡ് മാനദണ്ഡ പ്രകാരം ഇന്നു നടക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈൻ വഴി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലെ 50 പ്രമുഖവ്യക്തികള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ ആശംസ നേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വിവിധ മുന്നണിനേതാക്കള്‍ എന്നിവരും പങ്കെടുക്കും.

സുകൃതം സുവർണ്ണം’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട 50 അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ലക്ഷകണക്കിനു ആളുകൾ ഓൺലെെനായി പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് മുൻപ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മൻ‌ചാണ്ടി എത്തും. വൈകുന്നേരം ഓൺലൈൻ വഴി എല്ലാ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുമായി ഉമ്മൻ‌ചാണ്ടി സംവദിക്കും.

വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളം രാഷ്ട്രീയം അത്രമേല്‍ കലങ്ങിമറിയുമ്പോഴാണ് നിയമസഭാംഗത്വത്തിന്റെ അരനൂറ്റാണ്ടിലൂടെ ഉമ്മന്‍ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 1970ല്‍ ഇരുപത്തിയേഴാം വയസിൽ ആദ്യമായി എംഎല്‍എയായ ഉമ്മൻചാണ്ടി തുടർച്ചയായി പതിനൊന്നാം തവണയാണു പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്.

 ജനപ്രതിനിധിയായി 50 വര്‍ഷം തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്നും പതിവ് മുടക്കിയില്ല. എന്നത്തെയും പോലെ പുതുപ്പള്ളി പള്ളിയില്‍  കുര്‍ബാന കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഈ ദിവസവും ആരംഭിച്ചത്. പള്ളിയില്‍ രാവിലെ ഏഴിന് നടന്ന കുര്‍ബാനയിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം വൈദികരുമായി കൂടിക്കാഴ്ച നടത്തി

(ജെ കെ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26