'മായന്‍ ട്രെയിന്‍' പരിസ്ഥിതിക്ക് ദോഷം; മെക്സിക്കന്‍ പ്രസിഡന്റിന്റെ സ്വപ്ന പദ്ധതിക്ക് 'ചുവപ്പ് കൊടി' ഉയര്‍ത്തി കോടതി

'മായന്‍ ട്രെയിന്‍' പരിസ്ഥിതിക്ക് ദോഷം; മെക്സിക്കന്‍ പ്രസിഡന്റിന്റെ സ്വപ്ന പദ്ധതിക്ക് 'ചുവപ്പ് കൊടി' ഉയര്‍ത്തി കോടതി

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ സ്വപ്നപദ്ധതിയായി അവതരിപ്പിച്ച 'മായന്‍ ട്രെയിന്‍' എന്ന വേഗ റെയില്‍ പദ്ധതിക്ക് ചുവപ്പ് കൊടി ഉയര്‍ത്തി കോടതി. പ്രകൃതിക്ക് ദോഷകരമാണെന്ന് കണ്ടതോടെയാണ് അനിശ്ചിത കാലത്തേക്കു പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മെക്‌സിക്കന്‍ കോടതി ഉത്തരവിട്ടത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം മുന്നോട്ട് വച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യമാണെന്നും ആ നിലയ്ക്ക് പദ്ധതി ഗുണത്തേക്കാളേറെ ദോഷകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.


നൂറുകണക്കിനു കോടി ഡോളര്‍ ചെലവഴിച്ച് 1,470 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള സംസ്ഥാനങ്ങളുടെ ഉന്നമനമാണു റെയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണു പ്രസിഡന്റിന്റെ അവകാശവാദം. ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു യുകാറ്റാന്‍ പെനിന്‍സുലയില്‍ വികസനം കൊണ്ടുവരാമെന്നും പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

എന്നാല്‍ പാരിസ്ഥിതിക ആഘാതം വിലയിരുത്താതെയാണു നാഷനല്‍ ടൂറിസം പ്രമോഷന്‍ ഫണ്ട് റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നു കോടതി വിലയിരുത്തി. വനനശീകരണത്തിനും വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാനും പദ്ധതി വഴിയൊരുക്കുമെന്ന് ഇതിനെതിരെ നിലകൊള്ളുന്ന പരിസ്ഥിതി കൂട്ടായ്മയായ ഡിഫന്റിങ് ദ് റൈറ്റ് ടു എ സേഫ് എന്‍വയണ്‍മെന്റ് (ഡിഎംഎഎസ്) വ്യക്തമാക്കി.



റെയില്‍ പദ്ധതിയുടെ 'സെക്ഷന്‍ 5'ല്‍ ഉള്‍പ്പെടുന്ന 121 കിലോമീറ്റര്‍ ഭാഗത്തിന്റെ പേരിലാണ് പ്രധാനമായും നിയമയുദ്ധം നടക്കുന്നത്. ക്വിന്റാന റൂ സംസ്ഥാനത്തെ കാന്‍കുന്‍, ടുലും എന്നീ നഗരങ്ങളെ ബന്ധിക്കുന്ന റെയില്‍പാതയാണ് ഈ സെക്ഷനിലുള്ളത്. പരിസ്ഥിതി അനുമതികള്‍ ഇല്ലാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ നിര്‍മാണപ്രവൃത്തികള്‍ തടഞ്ഞിരുന്നു. അതേസമയം, പദ്ധതി പുനരാരംഭിക്കാന്‍ സാധിക്കുമെന്നു ഫൊണടുര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'അനിശ്ചിത കാലത്തേക്കു നിര്‍മാണം മരവിപ്പിച്ച കോടതിവിധി മറികടക്കാന്‍ സാധിക്കും. പരിസ്ഥിതി മന്ത്രാലയം പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുകയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു മുഴുവന്‍ പരിഹാരമായാലേ പദ്ധതി തുടങ്ങാനാകൂ എന്നാണു കോടതി ഉത്തരവ്' ഫൊണടുര്‍ വ്യക്തമാക്കി. 2023 ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന വമ്പന്‍ പദ്ധതിയിലൂടെ 1,05,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നുമാണു സര്‍ക്കാര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.