പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ആകാശത്ത് കണ്ട 'ഉല്‍ക്കാ വര്‍ഷം' സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കത്തിയ തീജ്വാലകളാണ് ആകാശത്തു ദൃശ്യമായതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബ്രൂമില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക സൃഷ്ടിച്ച് പ്രകമ്പനം കൊള്ളിക്കുന്ന വലിയ ശബ്ദത്തോടെ തീജ്വാലകള്‍ പ്രത്യക്ഷപ്പെട്ടത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ആകാശത്ത് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിച്ചു. ഉല്‍ക്കാ വര്‍ഷമാണെന്നും മിസൈല്‍ പരീക്ഷണമാണെന്നും ചില പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു. പിന്നീടാണ് ഗവേഷകര്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണെന്നു സ്ഥിരീകരിച്ചത്.
ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 3 ബിയുടെ അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ പൊട്ടിത്തെറിച്ചതാണ് തീജ്വാലകള്‍ക്കു കാരണമെന്ന് ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്ഡൊവല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റോക്കറ്റ് വിക്ഷേപിച്ചത്. ടിയാന്‍ ലിയാന്‍ എന്ന ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു ദൗത്യം. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണ് ഭൂമിയിലേക്ക് പതിച്ചത്.
1979-ല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കല്‍ഗൂളിയില്‍ പതിച്ച സ്‌കൈലാബ് പേടകത്തിന്റെ അവശിഷ്ടം (ഫയല്‍ ചിത്രം)
ആകാശത്തു കണ്ട തീജ്വാലകളുടെ സ്വഭാവം ബഹിരാകാശ മാലിന്യമാണെന്ന് സ്ഥിരീകരിക്കുന്നതായി കിംബര്‍ലി ജ്യോതിശാസ്ത്രജ്ഞനായ ഗ്രെഗ് ക്വിക് പറഞ്ഞു. കുറഞ്ഞ വേഗതയിലാണ് തീജ്വാലകള്‍ സഞ്ചരിച്ചത്. അതേസമയം ഉല്‍ക്കാ വര്‍ഷമാണെങ്കില്‍ വേഗത്തില്‍ പാഞ്ഞുപോകുമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ എവിടെയെങ്കിലും റോക്കറ്റിന്റെ കത്തിയ ഭാഗങ്ങള്‍ വീണിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ഏഴു വര്‍ഷത്തോളം ബഹികാരാകാശത്ത് അലഞ്ഞ ചൈനീസ് റോക്കറ്റിന്റെ മൂന്നു ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ പതിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. ബഹിരാകാശത്തേക്ക് ചൈന വിക്ഷേപിച്ച റോക്കറ്റുകളും നിലയങ്ങളുമെല്ലാം തന്നെ ഭൂമിക്ക് ഭീഷണിയായി മാറുകയാണ്.
ഇതിന് മുന്‍പും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ റോക്കറ്റുകള്‍ പതിച്ചിട്ടുണ്ട്. 1973 മേയ് 14നു വിക്ഷേപിക്കപ്പെട്ട യു.എസിന്റെ സ്‌കൈലാബ് പേടകം, ദൗത്യം അവസാനിപ്പിച്ച് ഭൂമിയിലേക്കു തിരിച്ചെത്തി കത്തിയമര്‍ന്നത് 1979 ജൂലൈ 11-നാണ്. കുറെ ഭാഗങ്ങള്‍ കടലിലും ബാക്കി പെര്‍ത്തിലും പരിസരങ്ങളിലും വീണിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26