എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ വാര്‍ഷികം ആഘോഷമാക്കി ഇംഗ്ലണ്ട്; നാല് ദിവസത്തെ ആഘോഷ പരിപാടികളോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ വാര്‍ഷികം ആഘോഷമാക്കി ഇംഗ്ലണ്ട്; നാല് ദിവസത്തെ ആഘോഷ പരിപാടികളോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് നാലു നാള്‍ നീളുന്ന വര്‍ണാഭമായ രാജകീയാഘോഷ ചടങ്ങുകളോടെ ഇംഗ്ലണ്ടില്‍ തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. പാര്‍ട്ടികള്‍, പരേഡുകള്‍, പൊതു പരിപാടികള്‍ എന്നിങ്ങനെ നീളുന്നു ഒരു വര്‍ഷത്തെ ആഘോഷം.

1952 ഫെബ്രുവരിയില്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്നാണ് എലിസബത്ത് രാജ്ഞി രാജകുടുംബത്തിന്റെ അടുത്ത കിരീടവകാശിയായി വാഴ്ത്തപ്പെട്ടത്. ജൂണ്‍ രണ്ടിന് കീരിടധാരണത്തിന്റെ 69 വര്‍ഷം പൂര്‍ത്തിയാക്കി. ഇന്ന് നടന്ന ആഘോഷ പരിപാടിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എലിസബത്ത് രാജ്ഞി നന്ദി പറഞ്ഞു.



'യുണൈറ്റഡ് കിംഗ്ഡത്തിലും കോമണ്‍വെല്‍ത്തിലുടനീളവും എന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി,' 96 കാരിയായ എലിസബത്ത് രാജ്ഞി പറഞ്ഞു. 'എന്നോട് കാണിക്കുന്ന ഈ സ്‌നേഹം എന്നെ പ്രചോദിപ്പിക്കുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ജീവിതത്തില്‍ കടന്നുപോയ നേട്ടങ്ങളും കോട്ടങ്ങളും ഓര്‍മയില്‍ തെളിഞ്ഞുവരികെയാണ്. ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹം'' എലിസബത്ത് രാജ്ഞി തുടര്‍ന്നു.

സെന്‍ട്രല്‍ ലണ്ടനിലെ ട്രൂപ്പിംഗ് ദി കളര്‍ സൈനിക പരേഡോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് എലിസബത്ത് രാജ്ഞി സല്യൂട്ട് സ്വീകരിച്ചു. മകനും കിരീടവകാശിയുമായി ചാള്‍സ് രാജകുമാരന്‍ (73), അദ്ദേഹത്തിന്റെ മൂത്ത മകന്‍ വില്യം രാജകുമാരന്‍ (39) എന്നിവരുള്‍പ്പെടെ രാജകുടുംബാംഗങ്ങളെല്ലാവരും തന്നെ ചടങ്ങുകളില്‍ പങ്കെടുത്തു.



പരേഡിന് ശേഷം റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങളുടെ ഫ്‌ളൈ പാസ്റ്റും ലണ്ടനിലും ബ്രിട്ടനിലും ഉടനീളം റോയല്‍ നേവി കപ്പലുകളില്‍ നിന്ന് തോക്ക് സല്യൂട്ടും ഉണ്ടായിരുന്നു. വൈകുന്നേരം രാജ്യത്തും കോമണ്‍വെല്‍ത്തിലും ബീക്കണുകള്‍ പ്രകാശിക്കും, രാജ്ഞി പ്രിന്‍സിപ്പല്‍ പ്ലാറ്റിനം ജൂബിലി ബീക്കണ്‍ പ്രകാശിപ്പിക്കും.

ജൂണ്‍ മൂന്നിന് ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും. ജൂണ്‍ നാലിന് രാജകുടുംബാംഗങ്ങള്‍ എപ്‌സം ഡെര്‍ബി കുതിരപ്പന്തയത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് അമേരിക്കയിലെ പ്രശസ്തരായ റോക്ക് ബാന്‍ഡുകളുടെ സംഗീത നിശയും ഉണ്ടാകും. അഞ്ചിന് ഞായറാഴ്ച്ച ബ്രിട്ടനില്‍ 16,000 ത്തിലധികം തെരുവ് പാര്‍ട്ടികള്‍ നടക്കും. പ്രായാധിക്യം മൂലം ആഘോഷപരിപാടികള്‍ എലിസബത്ത് രാജ്ഞിയുടെ സാന്നിധ്യം ഉണ്ടായേക്കില്ല.

അതേസമയം ആഘോഷപരിപാടികളോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജവാഴ്ച്ച വിരുധ ഗ്രൂപ്പായ റിപ്പബ്ലിക്ക് ബ്രിട്ടണിന്റെ തെരുവുകളില്‍ പ്രകടനം നടത്തി. 'എലിസബത്തിനെ അവസാനത്തെ ആളാക്കുക' എന്ന പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു പ്രകടനം. രാജ്യത്തെ പകുതിയിലധികം ആളുകള്‍ക്കും ജൂബിലി ആഘോഷങ്ങളില്‍ താല്‍പര്യമില്ലെന്ന് റിപ്പബ്ലിക്ക് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.