ആര് തൊടും കര?.. അറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ എട്ടിനാരംഭിക്കും

ആര് തൊടും കര?.. അറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍  രാവിലെ എട്ടിനാരംഭിക്കും

നാലായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് ഇടത് നേതാക്കള്‍ വിലയിരുത്തുന്നു. 7000ത്തിനും 10,000ത്തിനും ഇടയിലാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിനാരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. രാവിലെ 7.30 ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കും.

ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ തുറക്കും. ആദ്യ റൗണ്ടില്‍ ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ് എണ്ണുന്നത്. ആകെയുള്ള 12 റൗണ്ടുകളില്‍ 11 ല്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തും എണ്ണും.

കഴിഞ്ഞ രണ്ടു ദിവസത്തെ കൂട്ടിക്കിഴിക്കലിനൊടുവില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇടത്, വലത് മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. എല്‍ഡിഎഫ്, യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി കൂടുതല്‍ കരുത്ത് തെളിയിക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നു. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ട്വന്റി-20 വോട്ടുകളും വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകങ്ങളാണ്.

240 ബൂത്തുകളിലാണ് തൃക്കാക്കരയില്‍ ജനം വിധിയെഴുതിയത്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂം തുറന്ന് രാവിലെ എട്ട് മണിയോടെ വോട്ടിങ് മെഷീനുകള്‍ കൗണ്ടിങ് ടേബിളുകളിലെത്തും.

ബൂത്തുകളില്‍ നിന്നുള്ള കണക്കിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞത് നാലായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് ഇടത് നേതാക്കള്‍ വിലയിരുത്തുന്നു. ശക്തി കേന്ദ്രങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി ബൂത്തുകളിലെത്തിച്ചിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു. 7000ത്തിനും 10,000ത്തിനും ഇടയിലാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.