ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി

ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂ.

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആണ് സുപ്രീം കോടതി ആര്യസമാജത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയത്.

പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായത് ആണെന്നും പ്രതിയെന്നാരോപിക്കുന്ന ആളും പെണ്‍കുട്ടിയും ആര്യസമാജത്തില്‍ വെച്ചു വിവാഹിതരായതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്നും ബന്ധപ്പെട്ട അധികൃതരില്‍നിന്നുള്ള ശരിയായ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്.

ആര്യസമാജത്തിന്റെ സംഘടനയായ മധ്യഭാരത ആര്യ പ്രതിനിധി സഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുണ്ടെന്നും ഇത് 1954 ലെ സ്‌പെഷ്യല്‍ മാേര്യജ് നിയമത്തിന്റെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നതാണെന്ന മധ്യമപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹർജിയില്‍ വാദം കേള്‍ക്കാമെന്ന് ഏപ്രില്‍ 14 ന് ഉറപ്പു നല്‍കിയ കാര്യവും സുപ്രീം കോടതി അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അന്ന് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. അടുത്തയിടെ ഉത്തര്‍പ്രദേശില്‍ ആര്യ സമാജ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.