പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥ പറയുന്ന 'മേജര്‍' എന്ന ചിത്രം ഇന്ന് തീയേറ്ററുകളില്‍ എത്തി. ചിത്രത്തിലെ ദേശഭക്തി ഉണര്‍ത്തുന്ന ഗാനം ഇന്നലെ പുറത്തു വന്നിരുന്നു. ജന ഗണ മന എന്ന ഗാനം തുടങ്ങുന്നത് 'എന്തിനാണ് സൈനികന്‍ ആകുന്നത്' എന്ന ചോദ്യത്തോടെയാണ്. ഉയരെ എന്ന് തുടങ്ങുന്ന വരികള്‍ വളരെ വൈകാരികവും അതിലുപരി സന്ദീപ് എന്ന രാജ്യ സ്‌നേഹിയുടെ ജീവിതവുമാണ് കാണിക്കുന്നത്.
ശ്രീചരണ്‍ പഗളയുടെ സംഗീതത്തില്‍ സാം മാത്യുവിന്റെ വരികള്‍ പാടിയിരിക്കുന്നത് ടോജന്‍ ടോബിയും ശ്രീചരണ്‍ പഗളയും ചേര്‍ന്നാണ്. ചിത്രത്തിലെ ഓ ഇഷ, പൊന്‍മലരേ തുടങ്ങിയ പ്രണയ ഗാനങ്ങള്‍ വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു.
ആദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും എ + എസ് മൂവീസും ചേര്‍ന്നാണ് നിര്‍മാണം.
2008ലെ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് ഭീകരരുടെ വെടിയേറ്റത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.