നൈജീരിയന്‍ ക്രൈസ്തവരെയോര്‍ത്ത് വിതുമ്പി ലോകം; അപലപിച്ച് ആത്മീയ സമൂഹവും ലോക നേതാക്കളും

നൈജീരിയന്‍ ക്രൈസ്തവരെയോര്‍ത്ത് വിതുമ്പി ലോകം; അപലപിച്ച് ആത്മീയ സമൂഹവും ലോക നേതാക്കളും

ഓവോ: നൈജീരിയയില്‍ വിശുദ്ധ കുര്‍ബാന മധ്യേ വെടിയേറ്റു പിടഞ്ഞു മരിച്ച ക്രൈസ്തവരെയോര്‍ത്ത് വിതുമ്പുകയാണ് ലോക മനസാക്ഷി. ചോരക്കൊതി മാറാത്ത തീവ്രാദികളുടെ ക്രൂരതയില്‍ പൊലിഞ്ഞത് ക്രൈസ്ത വിശ്വാസത്തെ മുറുകെപ്പിടിച്ചവരും നിരായുധരുമായ സാധാരണക്കാര്‍. ഓവോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് കുട്ടികളടക്കം അന്‍പതിലധികം പേര്‍ക്കാണ്.

ഇവിടെനിന്ന് 900 കിലോമീറ്റര്‍ അകലെയുള്ള സൊകോട്ടോയില്‍ മതനിന്ദ ആരോപിച്ച് സാമുവല്‍ ദെബോറ യാക്കൂബ് എന്ന പെണ്‍കുട്ടിയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന്റെ മുറിവുണങ്ങും മുന്‍പാണ് ലോകത്തെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല ഞായറാഴ്ച്ചയുണ്ടായത്. സംഭവത്തില്‍ അതീവ ദുഖവും നടുക്കവും രേഖപ്പെടുത്തി ആത്മീയ സമൂഹവും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു.

ദുഖ ഭാരത്താല്‍ ഫ്രാന്‍സിസ് പാപ്പ

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. വിശ്വാസി സമൂഹത്തിന് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും മാര്‍പാപ്പ അറിയിച്ചു. പന്തക്കുസ്ത തിരുന്നാളില്‍ വേദനാജനകമായ ആക്രമണത്തിന് ഇരയായവര്‍ക്കും രാജ്യത്തിനും വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നുവെന്നും ആശ്വാസം ലഭിക്കാന്‍ ദൈവം തന്റെ ആത്മാവിനെ അയയ്ക്കുന്നതിനായി പാപ്പ എല്ലാവരെയും കര്‍ത്താവില്‍ ഭരമേല്‍പ്പിക്കുകയാണെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു.


ഫ്രാന്‍സിസ് പാപ്പ

സംഭവം നടന്ന ഒന്‍ഡോ സംസ്ഥാനത്തെ കത്തോലിക്ക വിശ്വാസികള്‍ ശാന്തത പാലിച്ച് രാജ്യത്തിന്റെ സമാധാനം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും നിയമം അനുസരിക്കണമെന്നും ഒന്‍ഡോയിലെ കത്തോലിക്കാ രൂപതാ ബിഷപ്പ് ജൂഡ് അയോദേജി അരോഗുണ്ടാഡെ അഭ്യര്‍ത്ഥിച്ചു.


ഒന്‍ഡോ രൂപതാ ബിഷപ്പ് ജൂഡ് അയോദേജി അരോഗുണ്ടാഡെ

വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ അജ്ഞാതരായ തോക്കുധാരികള്‍ സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ ദേവാലയത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് നൈജീരിയയിലെ കത്തോലിക്കാ സഭയുടെ വക്താവ് ഫാ. അഗസ്റ്റിന്‍ ഇക്വു പറഞ്ഞു.

പള്ളിയില്‍ നടന്ന കൂട്ടക്കൊല ക്രൈസ്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സന്നദ്ധ സംഘടനയായ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' വക്താവ് മരിയ ലൊസാനോ അഭിപ്രായപ്പെട്ടു. നൈജീരിയയുടെ മധ്യഭാഗത്തും വടക്കന്‍ മേഖലകളിലും കുറേക്കാലമായി തുടരുന്ന അരക്ഷിതാവസ്ഥയും അക്രമവും തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലേക്കും വ്യാപിച്ചതിന്റെ സൂചനയാണിതെന്നും അവര്‍ പറഞ്ഞു.

ക്രൈസ്തവര്‍ നൈജീരിയയിലെങ്ങും സുരക്ഷിതരല്ല: ആര്‍ച്ച് ബിഷപ്പ് ഉഗോര്‍ജി

ക്രൈസ്തവര്‍ നൈജീരിയയില്‍ ഒരിടത്തും സുരക്ഷിതരല്ലെന്ന് നൈജീരിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ലൂസിയസ് ഉഗോര്‍ജി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഭീകരവാദം തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തോടെ പെരുമാറണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.


തീവ്രവാദികളെ കാത്തിരിക്കുന്നത് ശാശ്വത ദുഃഖം: നൈജീരിയന്‍ പ്രസിഡന്റ്

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു. നരകത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ ഇത്തരം നികൃഷ്ടമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയൂ. ഈ ഭൂമിയിലും ആത്യന്തികമായി പരലോകത്തും അവരെ കാത്തിരിക്കുന്നത് ശാശ്വത ദുഖമാണെന്നും പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ രാജ്യം ഒരിക്കലും ദുഷ്ടര്‍ക്കു കീഴടങ്ങില്ല. ഇരുട്ട് ഒരിക്കലും വെളിച്ചത്തെ കീഴടക്കില്ല. ആത്യന്തികമായി നൈജീരിയ വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങളോടും ഒന്‍ഡോ സംസ്ഥാന സര്‍ക്കാരിനോടും കത്തോലിക്കാ സഭയോടും അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് പരിക്കേറ്റവര്‍ക്ക് സഹായം എത്തിക്കാനും നിര്‍ദേശം നല്‍കി.

തീവ്രവാദികളുടെ ക്രൂരത വിവരിച്ച് വൈദികന്‍

സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ ഞായറാഴ്ച്ച നടന്ന കൂട്ടക്കൊല നേരിട്ടു കണ്ടതിന്റെ നടുക്കത്തിലാണ് വൈദികനായ ഫാ. ആന്‍ഡ്രൂ അബായോമി. വിശുദ്ധ കുര്‍ബാന ഏകദേശം തീരാറായപ്പോഴാണ് തീവ്രവാദികള്‍ ദേവാലയത്തിലേക്ക് ഇരച്ചു കയറിയതെന്ന് അദ്ദേഹം പറഞ്ഞു. വെടിയൊച്ചകളാണ് ആദ്യം കേട്ടത്. ഇതിനിടയില്‍ തീവ്രവാദികള്‍ കാണാതെ ദേവാലയത്തിന്റെ ഒരു ഭാഗത്ത് താനും ഏതാനും ആളുകളും ഒളിച്ചിരുന്നു. 20 മിനിറ്റോളം അങ്ങനെ ഇരുന്നുവെന്ന് ഫാ. ആന്‍ഡ്രൂ പറഞ്ഞു.

അക്രമികള്‍ അവിടെ നിന്ന് മടങ്ങിയെന്ന് മനസിലായപ്പോഴാണ് പുറത്തു വന്നത്. ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രക്തം വാര്‍ന്ന് നിശ്ചലമായി കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തു വന്നിരുന്നു.


ഫാ. ആന്‍ഡ്രൂ അബായോമി

ആക്രമണത്തെ ഹീനവും പൈശാചികവുമെന്ന് ഒന്‍ഡോ സംസ്ഥാന ഗവര്‍ണര്‍ റൊട്ടിമി അകെരെഡോലു വിശേഷിപ്പിച്ചു. ഇത് ഓവോയില്‍ ഒരു കറുത്ത ഞായറാഴ്ചയാണ്. തങ്ങളുടെ ഹൃദയങ്ങള്‍ ഭാരപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ശത്രുക്കള്‍ സമാധാനത്തിനും സ്വസ്ഥതയ്ക്കും നേരെ ആക്രമണം നടത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2022 മാര്‍ച്ച് വരെ 896 നൈജീരിയന്‍ സിവിലിയന്മാരാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐ.എസ്.ഡബ്ല്യു.എ.പി), ഫുലാനി എന്നീ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളും നടക്കുന്നത്.

2019 ഈസ്റ്റര്‍ ദിനത്തിലാണ് ലോകത്തെ നടുക്കി ശ്രീലങ്കയിലെ വിവിധ പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ക്രൈസ്തവ നരഹത്യ നടത്തിയത്. അന്നു പിഞ്ചു കുട്ടികളടക്കം 321 നിരപരാധികളാണ് കൊല്ലപ്പെട്ടത്. നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) എന്ന സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് ചാവേറുകളായി ഈ ഭീകരകൃത്യം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.