ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കേട്ടത് കൊല്ലം ജില്ലയില്‍ ഉച്ചഭക്ഷണം കഴിച്ച കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ്. ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷ്യസുരക്ഷ. വര്‍ഷം തോറും ജൂണ്‍ ഏഴ് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂണ്‍ ഏഴ് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്.

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ചരിത്രം
ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങള്‍ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് ഉള്ളതാണ്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂണ്‍ ഏഴ് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നതിന് തുടക്കമിടുന്നത്.

ആഗോളതലത്തില്‍ ഭക്ഷ്യജന്യരോഗങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും, അപകടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും സംഘടനകളുടെയും സംയുക്ത സഹകരണ ശ്രമമാണിത്.

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രാധാന്യം
കോവിഡ് 19 പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാന്യമര്‍ഹിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാര്‍ഷിക മേഖലകളില്‍ ആരോഗ്യകരമായ, ശുചിത്വപരമായ രീതികള്‍ വളര്‍ത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകള്‍ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

ലോകത്തില്‍ ഓരോ വര്‍ഷവും പത്തില്‍ ഒരാള്‍ക്ക് ഭക്ഷ്യജന്യ രോഗങ്ങള്‍ ബാധിക്കുന്നു എന്നും 200ല്‍ അധികം വരുന്ന ഭക്ഷ്യജന്യ രോഗങ്ങളില്‍ ചിലത് മാരകമാണെന്നും ലോകാരോഗ്യ സംഘടന നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നു. അപകടകാരികളായ സൂക്ഷ്മാണുക്കള്‍ ഭക്ഷണത്തിലൂടെ വേഗത്തില്‍ പകരുന്നു. പാരസിറ്റിക് രോഗങ്ങള്‍ മൂലം പ്രതിവര്‍ഷം ഏകദേശം ഏഴ് ലക്ഷം ആളുകളാണ് മരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യ പദാര്‍ഥങ്ങള്‍ തിരിച്ചറിയുന്നത് പ്രയാസമാണ്. അതിനാല്‍ ഭക്ഷ്യസുരക്ഷയ്ക്ക് പൊതു പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. എന്നാല്‍ പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള സഹകരണം ഇതിന് അനിവാര്യമാണ്. ആഗോളതലത്തില്‍ നിന്നു മാത്രം ചിന്തിക്കേണ്ട ഒന്നല്ല ഭക്ഷ്യ സുരക്ഷ.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നമ്മുടെ കേരളമാണ്. മത്സ്യവും മാംസവും അതിര്‍ത്തി കടന്നെത്തുമ്പോള്‍ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ വെറും മൂന്ന് റീജിയണല്‍ ലാബുകള്‍ മാത്രമാണ് സജീവം.

2012ല്‍ തിരുവനന്തപുരത്തും ഈ വര്‍ഷം കാസര്‍കോടും നടന്ന മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദികള്‍. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രം ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ആക്കം കൂട്ടിയാല്‍ മതിയോ. ഭക്ഷ്യ ഉല്‍പാദനവും സംരക്ഷണവുമെല്ലാം നമ്മുടെ കൈകളിലാണ്. സ്വയം ബോധവാന്മാരാകേണ്ടതും നമ്മള്‍ തന്നെയാണ്.
'സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ്. അന്നം സംരക്ഷിക്കാം, ജീവന്‍ നിലനിര്‍ത്താം...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26