ഓസ്‌ട്രേലിയന്‍ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ മാഫിയാ തലവന്മാര്‍: വെളിപ്പെടുത്തലുമായി പോലീസ്

ഓസ്‌ട്രേലിയന്‍ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ മാഫിയാ തലവന്മാര്‍: വെളിപ്പെടുത്തലുമായി പോലീസ്

സിഡ്‌നി: ഇറ്റലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ മാഫിയാ സംഘങ്ങളിലെ അയ്യായിരത്തോളം അംഗങ്ങള്‍ ഓസ്‌ട്രേലിയയിലുടനീളം മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്തെ കള്ളപ്പണ-മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസാണ് (എ.എഫ്.പി) നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

കുറ്റവാളികളുടെ നീക്കങ്ങള്‍ അറിയാന്‍, അവരുടെ മൊബൈല്‍ ഫോണുകളില്‍ പോലീസ് രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അനം എന്ന മെസേജിങ് ആപ്പ് വഴിയാണ് കുറ്റകൃത്യങ്ങളുടെ വേരുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വികസിപ്പിച്ചെടുത്ത അനം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകള്‍ അതിവിദഗ്ധമായി ക്രിമിനല്‍ സംഘങ്ങള്‍ക്കു വില്‍പന നടത്തിയായിരുന്നു നിരീക്ഷണം.

ഓസ്‌ട്രേലിയയില്‍ അടുത്തിടെ നടന്ന വ്യാപകമായ ആക്രമണങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ഉത്തരവാദികളായ ബൈക്കി സംഘങ്ങളുടെ 'ചരട്' കുപ്രസിദ്ധമായ ഇറ്റാലിയന്‍ മാഫിയകളുടെ കൈയിലാണെന്ന് എ.എഫ്.പി അസിസ്റ്റന്റ് കമ്മിഷണര്‍ നൈജല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഈ മാഫിയകളുമായി ബന്ധമുള്ള 5000 ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കു വേണ്ടി ഫെഡറല്‍ പോലീസ് വല വീശിയിട്ടുണ്ട്.

ഇറ്റലി കേന്ദ്രീകരിച്ചുള്ള 51 ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തരായ ക്രിമിനല്‍ സംഘമെന്ന് അറിയപ്പെടുന്ന, 'എന്ദ്രഗെറ്റ' യുമായി ബന്ധമുള്ള 14 പേരും നിരീക്ഷണത്തിലാണ്. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ക്വീന്‍സ് ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിലാണ് ഈ 5,000 പേരുള്ളത്.

ലോകത്തിലെ കൊക്കെയ്ൻ വ്യാപാരത്തിന്റെ 70 മുതല്‍ 80 ശതമാനം വരെ നിയന്ത്രിക്കുന്നത് ഇറ്റലിയിലെ കാലാബ്രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'എന്ദ്രഗെറ്റ' ആണ്. രാജ്യത്തേക്ക് ടണ്‍ കണക്കിന് മയക്കുമരുന്ന് കടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇവരാണ്. കോടിക്കണക്കിനു ഡോളറിന്റെ മയക്കുമരുന്നാണ് ഇവര്‍ ഓസ്‌ട്രേലിയയിലേക്കു കടത്തുന്നത്. ഇത് എല്ലാ ക്രിമിനല്‍ സംഘങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും പോലീസ് അവരുടെ പിന്നാലെയുണ്ടെന്നും നൈജല്‍ റയാന്‍ പറഞ്ഞു.

ഇത്തരം ക്രിമിനല്‍ സംഘങ്ങളിലെ അംഗങ്ങള്‍ നിങ്ങള്‍ അറിയാതെ അടുത്ത വീട്ടില്‍ ശാന്തരായി താമസിക്കാനുള്ള സാധ്യത ഏറെയാണെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ നൈജല്‍ റയാന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ബൈക്കി സംഘങ്ങളെയും ഓസ്ട്രേലിയയിലെ മയക്കുമരുന്ന് മാഫിയയെയും നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ അധോലോക നായകന്മാരാണ്. തോക്ക് കച്ചവടവും ചൂതാട്ടവുമൊക്കെ ഇവര്‍ക്കിടയില്‍ വ്യാപകമാണ്.

മയക്കുമരുന്ന് കടത്താന്‍ മദ്ധ്യപൂര്‍വേഷ്യ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളുടെ സഹായവും ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ, ലോകചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ക്രിമിനല്‍ സംഘങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ തകര്‍ത്തിരുന്നു. 18 രാജ്യങ്ങളില്‍ നിന്നായി നിരവധി പേര്‍ അറസ്റ്റിലായി. ഇതില്‍ 383 പേര്‍ ഓസ്ട്രേലിയയില്‍നിന്നു മാത്രമാണ്.

'ഓപ്പറേഷന്‍ അയണ്‍ സൈഡ്' എന്ന പേരില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും (എ.എഫ്.പി), യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്.ബി.ഐ) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ്, ന്യൂസീലന്‍ഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 800 ലധികം പേര്‍ പിടിയിലായത്. കൊലപാതകക്കേസ് പ്രതികള്‍, രാജ്യാന്തര ലഹരിമരുന്ന് കടത്ത്, കള്ളപ്പണം സംഘങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തുടങ്ങി കൊടും കുറ്റവാളികളാണ് അന്ന് പോലീസിന്റെ വലയിലായത്.

ഇറ്റാലിയന്‍ മാഫിയ തലവന്മാരെ ലക്ഷ്യമിട്ടാണ് ഇപ്പോഴുള്ള ഓപ്പറേഷന്‍. യുഎസ്, സ്പാനിഷ്, ബ്രസീലിയന്‍, ഇറ്റാലിയന്‍ പോലീസ് അധികാരികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.