മൈസൂർ : കർണ്ണാടകയിലെ ഗോണിഗുപ്പ ദേവര പുര എന്ന സ്ഥലത്തിനടുത്ത് ഐ. എം. എസ് വൈദീകരുടെ മടിക്കേരി സ്പെഷ്യൽ സ്കൂളിൽ ടീച്ചറായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്ന സിസ്റ്റർ സി. എൽസീന ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി സന്യാസ സഭയ്ക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ആസൂത്രിതമാണ് എന്നതിന്റെ തെളിവുകൾ സന്യാസ സഭാധികൃതർ സീന്യൂസുമായി പങ്കുവച്ചു.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആ പ്രദേശത്ത് ഹോം സ്റ്റേ നടത്തിയിരുന്ന ഒരു മലയാളി യുവാവ് ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയും ഐ. എം. എസ് ഫാദേഴ്സിനെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അവർ ആശ്രമത്തിൻ്റെ കുളം, മീൻ വളർത്താനായ് യുവാവിന് പാട്ടത്തിന് കൊടുത്തു. ഈ യുവാവ് മാധ്യമ പ്രവർത്തകനായിരുന്നെന്നും ജോലി സംബന്ധമായി ചില ഭീഷണികൾ നേരിട്ടതുകൊണ്ടാണ് കേരളത്തിൽ നിന്ന് കർണാടകയിൽ എത്തിപ്പെട്ടതെന്നും പറയപ്പെടുന്നു.
സി.എൽസീനയും ഈ വ്യക്തിയും വളരെപ്പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആവുകയും സി. എൽസീനയുടെ സഹോദരൻ്റെ പുത്രനെ ഇദ്ദേഹത്തിന് ഒപ്പം നിർത്തുകയും ഇവർ ഒരുമിച്ച് തോട്ടം ഏറ്റെടുത്ത് ജോലി ചെയ്തുവരുകയും ചെയ്തുവന്നു. ആശ്രമത്തിലെ പഴയ എസ്റ്റേറ്റ് മാനേജർ മാറി പുതിയ എസ്റ്റേറ്റ് മാനേജർചുമതല ഏറ്റെടുക്കുന്ന സമയത്ത് പാട്ടക്കരാർ പുതുക്കാൻ പുതിയ മാനേജരായ വൈദീകൻ വിസമ്മതിച്ചതോടെ ഈ യുവാവിന് ഐ. എം. എസ് വൈദീകരോട് വൈരാഗ്യം രൂപപ്പെടാൻ ഇടയായി.
സി. എൽസീനയോടും ഇവരുടെ സഹോദര പുത്രനോടും വേഗം അടുപ്പത്തിലായ ഈ യുവാവ് സി. എൽസീനയുടെ പിതാവിനോടും സഹോദരനോടും വളരെ വേഗം സൗഹൃദം സ്ഥാപിക്കുകയും അവരുടെ ഭവനത്തിലെ നിത്യ സന്ദർശകൻ ആകുകയും ചെയ്തു. എന്നാൽ സി. എൽസീനയുടെ അമ്മയും സന്യാസിനിയായ മൂത്ത സഹോദരിയും ഇദ്ദേഹത്തോട് അത്ര അടുത്തിടപഴകിയിരുന്നില്ല. 2022 ജനുവരി മുതൽ സി. എൽസീനയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ അവരുടെ അധികാരികൾ ശ്രദ്ധിക്കുകയും അവരെ നേരിട്ട് കണ്ടു സംസാരിക്കാൻ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും സിസ്റ്റേഴ്സ് അവരുടെ കോൺവെൻ്റിൽ എത്തി പ്രശ്നങ്ങൾ പരിഹരിക്കുവാനും പരിശ്രമിച്ചു. പക്ഷെ പലപ്പോഴും സി. എൽസീന ക്ഷോഭത്തോടെ പ്രവർത്തിക്കുകയും ആക്രമണാത്മകമായി പെരുമാറുകയും ചെയ്തു. സഹസന്യാസിനിമാരോട് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും താൻ ആത്മഹത്യ ചെയ്യുമെന്നും കുറ്റം മുഴുവൻ സന്യാസ സഭയിലെ അംഗങ്ങളുടെ തലയിൽ പഴിചാരും എന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. മദർ പ്രൊവിൻഷ്യാളും കൗൺസിലേഴ്സും പല പ്രാവശ്യം സി. എൽസീനയുടെ കമ്മ്യൂണിറ്റിയിൽ നേരിട്ട് എത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിച്ചപ്പോൾ എല്ലാം സിസ്റ്റർ എൽസീന സുഹൃത്തായ യുവാവുമായി ഫോണിലൂടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ആ യുവാവിന്റെ നിർദ്ദേശാനുസരണമുള്ള കാര്യങ്ങൾ FDM സിസ്റ്റേഴ്സും ഐ. എം. എസ് ഫാദേഴ്സും ചെയ്യണം എന്ന് ശാഠ്യം പിടിച്ചു.
സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന അവസരത്തിൽ മറ്റൊരു സന്യാസസഭയിലെ കന്യാസ്ത്രീ കൂടിയായ സിസ്റ്റർ എൽസീനയുടെ സ്വന്തം സഹോദരിയെ പ്രശ്നങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കാൻ അധികാരികൾ തീരുമാനിച്ചു. തങ്ങളുടെ സഹോദരന്റേതിന് സമാനമായ രോഗലക്ഷണങ്ങൾ ആണ് സിസ്റ്റർ എൽസീന കാണിക്കുന്നതെന്ന് മനസിലാക്കിയ അവർ സ്വന്തം അമ്മയോട് ഈ വിഷയം സംസാരിച്ച് സമ്മതം വാങ്ങിയതിന് ശേഷം സിസ്റ്റർ എൽസീനയെ എത്രയും വേഗം ചികിത്സക്കായി കൊണ്ടുപോകാൻ മുൻകൈയെടുത്തു. കാരണം സ്വന്തം സഹോദരൻ്റ അവസ്ഥ തൻ്റെ കൊച്ചുസഹോദരിക്കുകൂടി ഉണ്ടാകാൻ അവർ ഇഷ്ടപ്പെട്ടില്ല എന്നത് തന്നെ.
ചികിത്സക്കു വിധേയയാകാൻ സഹോദരിയായ സന്യാസിനി പല പ്രാവശ്യം സിസ്റ്റർ എൽസീനയെ ഉപദേശിച്ചെങ്കിലും അവർ ആ ഉപദേശങ്ങൾ ഒന്നും മുഖവിലയ്ക്ക് എടുത്തില്ല. മാർച്ച് മാസം പകുതിയോടെ പത്തു ദിവസത്തെ അവധിക്ക് വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞ് കോൺവെൻ്റിൽ നിന്ന് ഇറങ്ങിയ സിസ്റ്റർ എൽസീന മാതാപിതാക്കളെ കാണാൻ സ്വന്തം ഭവനത്തിൽ പോലും പോകാതെ ആ യുവാവിൻ്റെ കൂടെ തങ്ങുകയാണ് ചെയ്തത് എന്നത് സന്യാസ ഭവനത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
തന്റെ ജീവൻ അപകടത്തിലാകുമെന്നും തൻ്റെ മരണത്തിന് കാരണം FDM സന്യാസ സഭയിലെ അംഗങ്ങൾ ആയിരിക്കും എന്ന ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ ക്ലിപ്പ് മുൻകൂട്ടി തയ്യാറാക്കി ഈ യുവാവിനും സഹോദര പുത്രനും ഏതാനും ദിവസങ്ങൾ മുമ്പ് സിസ്റ്റർ അയച്ച് കൊടുത്തിരുന്നു. ആദ്യം കന്നഡയിൽ പറയുന്ന വീഡിയോ വാട്ട്സാപ്പ് വഴിയും ഫെയ്സ് ബുക്ക് വഴിയും കർണ്ണാടകയിൽ പടർന്നപ്പോൾ സിസ്റ്റർ എൽസീനയുടെ സ്വന്തം സഹോദരി തന്നെ രംഗത്ത് വന്ന് സത്യാവസ്ഥ വ്യക്തമാക്കുകയും സത്യം മനസ്സിലാക്കിയ കർണ്ണാടക മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയും ചെയ്തു. ഈ അവസരത്തിൽ സുഹൃത്തായ യുവാവിന്റെ നേതൃത്വത്തിൽ സിസ്റ്റർ എൽസീനയെ കൊണ്ട് പുതിയ ഒരു വീഡിയോ ക്ലിപ്പ് മലയാളത്തിൽ ജൂൺ 6 ആം തീയതി ഇറക്കി. ആ വീഡിയോ ക്ലിപ്പ് കേരളത്തിലെ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയവഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്.
സിസ്റ്റർ എൽസീനയുടെ സ്വന്തം സഹോദരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മൈസൂർ സൗത്തിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ കൗൺസിലിങ്ങിനായി അഡ്മിറ്റ് ചെയ്തു. സിസ്റ്റർ എൽസീനയെ കാൺമാനില്ല എന്ന സഹോദര പുത്രൻ്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും സ്വന്തം സഹോദരി തന്നെ ആണ് ചികിത്സയ്ക്കു വേണ്ടി കൊണ്ടു പോയിരിക്കുന്നത് എന്ന് വ്യക്തമാകുകയും ചെയ്തതാണ്.
കുറച്ചു മണിക്കൂറുകൾക്ക് ശേഷം സിസ്റ്റർ എൽസീനയുടെ ചികിത്സയ്ക്കിടെ പിതാവും രണ്ട് സഹോദര പുത്രൻമാരും ഈ യുവാവിൻ്റെ കൂടെ വന്ന് ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി അവളെ ഡിസ്ചാർജ് ചെയ്തുകൊണ്ട് പോകാൻ പരിശ്രമിച്ചപ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർ സിസ്റ്റർ എൽസീനയോട് സ്വന്തം ഇഷ്ടപ്രകാരമാണ് ഡിസ്ചാർജ് ചെയ്യുന്നതെന്ന് രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ ഒരു രേഖ നൽകാതെ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് രക്ഷപ്പെടാൻ ഒരു വിഫലശ്രമം നടത്തി എങ്കിലും പോലീസുകാർ അവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഡിസ്ചാർജ് ചെയ്യുന്നതെന്ന് എഴുതി മേടിച്ചതിന് ശേഷം മാത്രമാണ് പിതാവിനും കൂട്ടർക്കും ഒപ്പം പറഞ്ഞ് അയക്കുകയും ചെയ്തത്.
ചുരിദാർ ധരിച്ച് പിതാവിനോടും കൂട്ടരോടും ഒപ്പം പോയ സിസ്റ്റർ എൽസീന പോലീസിന്റെ അകമ്പടിയോടുകൂടി ജൂൺ ആറാം തീയതി സന്യാസ വസ്ത്രം തിരികെ വേണമെന്ന് പറഞ്ഞ് കോൺവെൻ്റിലേയ്ക്ക് വീണ്ടും തിരികെ വന്നു.
സന്യാസ സഭയുടെ നിയമമനുസരിച്ച് അനുവാദമില്ലാതെ സന്യാസ സമൂഹത്തിനു വെളിയിൽ പോകുന്നവർക്ക് തിരിച്ചു സമൂഹത്തിലേക്ക് വരാതെ സന്യാസ വസ്ത്രം നല്കാൻ സാധിക്കുകയില്ല എന്നതാണ് സഭാധികൃതരുടെ നിലപാട്. സന്യാസജീവിതത്തിന്റെ ആവൃതി ലംഘിച്ച സിസ്റ്റർ എൽസീന സമാന ചിന്താഗതിയുള്ള മുൻ കന്യാസ്ത്രി ലൂസിയെ പോലുള്ളവരെകൂട്ടുപിടിച്ച് ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി സന്യാസസഭയെ കരിവാരിതേക്കുകയാണ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.