സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: തുടരന്വേഷണത്തിന് ഒരുങ്ങി ഇ.ഡി; രഹസ്യമൊഴിയുടെ പകര്‍പ്പിനായി കോടതിയിലേക്ക്

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: തുടരന്വേഷണത്തിന് ഒരുങ്ങി ഇ.ഡി; രഹസ്യമൊഴിയുടെ പകര്‍പ്പിനായി കോടതിയിലേക്ക്

തിരുവനന്തപുരം: കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനൊരുങ്ങി ഇ ഡി. രഹസ്യ മൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും. കള്ളപ്പണ കേസില്‍ ഇ ഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസമില്ല.

സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സമാന ആരോപണം സ്വപ്ന ഉയര്‍ത്തിയിരുന്നെങ്കിലും ഇത്ര വിശദമായ രീതിയില്‍ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി, മകള്‍, ഭാര്യ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് അക്കമിട്ട് നിരത്തിയാണ് സ്വപ്നയുടെ മൊഴി.

കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് വെളിപ്പെടുത്തല്‍ എന്നതിനാല്‍ മൊഴി പകര്‍പ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം ആരംഭിക്കാനാണ് ഇ ഡിയുടെ നീക്കം. സ്വര്‍ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നല്‍കിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടികാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴി പകര്‍പ്പ് നകുന്നതിനെ കസ്റ്റംസ് എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ബിരിയാണി ചെമ്പില്‍ ലോഹ വസതുക്കള്‍ കടത്തിയത് അക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നല്‍കിയ മൊഴി ആയതിനാല്‍ ഇഡിയക്ക് എതിര്‍പ്പില്ലാതെ തന്നെ മൊഴി പകര്‍പ്പ് നേടാനാകും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇഡിയുടെ നീക്കം. മൊഴി പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയാണെങ്കില്‍ മൊഴികളില്‍ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇഡിക്ക് ചോദ്യം ചെയ്യേണ്ടിവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.