മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് മാര്‍ച്ചില്‍ പലയിടത്തും വ്യാപക സംഘര്‍ഷം: പൊലീസിന് നേരെ ചെരിപ്പേറ്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് മാര്‍ച്ചില്‍ പലയിടത്തും വ്യാപക സംഘര്‍ഷം: പൊലീസിന് നേരെ ചെരിപ്പേറ്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഡോളര്‍ കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വിവിധ ജില്ലകളിലായി എട്ട് പൊലീസുകാര്‍ക്കും 12 പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്.

സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബാരിക്കേടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു.

മുന്നറിയിപ്പില്ലാതെയാണ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച് നീങ്ങിയ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

കൊല്ലത്ത് കോണ്‍ഗ്രസ്-ആര്‍വൈഎഫ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസുകാരനും ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കളക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ചുകളും പൊലീസ് തടഞ്ഞു. കാസര്‍ഗോഡ് ബിരിയാണി ചെമ്പുമേന്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.