ദയാവധമല്ല, വേണ്ടത് സാന്ത്വന പരിചരണം: ന്യൂ സൗത്ത് വെയില്‍സില്‍ പാലിയേറ്റീവ് കെയറിന് 743 ദശലക്ഷം ഡോളര്‍

ദയാവധമല്ല, വേണ്ടത് സാന്ത്വന പരിചരണം:  ന്യൂ സൗത്ത് വെയില്‍സില്‍ പാലിയേറ്റീവ് കെയറിന് 743 ദശലക്ഷം ഡോളര്‍

സിഡ്‌നി: മരണാസന്നരായവരെ ദയാവധത്തിന് വിട്ടുകൊടുക്കുകയല്ല, സാന്ത്വന പരിചരണമാണു നല്‍കേണ്ടതെന്ന വാഗ്ദാനം നിറവേറ്റി ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍. സാന്ത്വന പരിചരണ മേഖലയിലെ ധനസഹായം 743 മില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചാണ് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ പ്രായമായവരോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

പ്രായമായ ഒരു വ്യക്തിക്ക് ജീവിതാവസാനം വരെ മികച്ച പരിചരണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കുമെന്ന പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ തുക ചെലവഴിക്കുന്നത്. കത്തോലിക്ക വിശ്വാസിയായ പ്രീമിയര്‍ പ്രകൃതി നിയമങ്ങള്‍ക്കു വിരുദ്ധമായ ദയാവധത്തിനെതിരേ എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

പാര്‍ലമെന്റില്‍ ദയാവധം സംബന്ധിച്ച ചര്‍ച്ചകളില്‍ ബജറ്റില്‍ പാലിയേറ്റീവ് കെയര്‍ മെച്ചപ്പെടുത്തുമെന്ന് പ്രീമിയര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രീമിയറിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് ദയാവധം കഴിഞ്ഞ മാസം പാര്‍ലമെന്റ് നിയമവിധേയമാക്കിയത്.

പാലിയേറ്റീവ് കെയറിനായി 300 മില്യണ്‍ ഡോളറാണ് ന്യൂ സൗത്ത് വെയില്‍സില്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. ഈ തുകയാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ 21-ന് ബജറ്റില്‍ പുതിയ പാക്കേജിന്റെ ആദ്യഘട്ട ധനസഹായം പ്രഖ്യാപിക്കും.

നവംബറിലെ ദയാവധ ചര്‍ച്ചയ്ക്കിടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ ട്രഷറര്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി പ്രീമിയര്‍ സമ്മതിച്ചിരുന്നു.

പാലിയേറ്റീവ് കെയര്‍ ജീവനക്കാരാകാന്‍ മുന്നോട്ടു വരുന്നവര്‍ക്കുള്ള സാമ്പത്തിക പിന്തുണ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുന്‍ പാലിയേറ്റീവ് കെയര്‍ നഴ്സായിരുന്ന സംസ്ഥാന ആരോഗ്യ മന്ത്രി ബ്രോണി ടെയ്ലര്‍ പറഞ്ഞു. ഇത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കും.

നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 600 ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ 650 മില്യണ്‍ ഡോളര്‍ ചെലവഴിക്കും. സാന്ത്വന പരിചരണത്തിനുള്ള ആശുപത്രി ശേഷി വര്‍ധിപ്പിക്കാനും ഈ തുക ചെലവഴിക്കും. 93 മില്യണ്‍ ഡോളര്‍ പാലിയേറ്റീവ് കെയര്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26