കാന്‍ബറ: ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി നിര്‍മാണക്കരാര്‍ അപ്രതീക്ഷിതമായി ലംഘിച്ചതിന് നഷ്ടപരിഹാരമായി കരാര്‍ കമ്പനിക്ക് ഓസ്‌ട്രേലിയ 835 മില്യണ്‍ ഡോളര്‍ നല്‍കും. ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്തര്‍വാഹിനി നിര്‍മാണ കമ്പനിയായ നേവല്‍ ഗ്രൂപ്പിനാണ് നഷ്ടപരിഹാരം നല്‍കുന്നത്.
2016-ല്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള 90 ബില്യണ്‍ ഡോളറിന്റെ കരാറാണ് നേവല്‍ ഗ്രൂപ്പിന് ഓസ്‌ട്രേലിയ നല്‍കിയിരുന്നത്. എന്നാല്‍ ഈ കരാര്‍ അപ്രതീക്ഷിതമായി റദ്ദാക്കിയത് ഓസ്‌ട്രേലിയ-ഫ്രാന്‍സ് നയതന്ത്ര ബന്ധം ഉലയാന്‍ വരെ കാരണമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഓസ്‌ട്രേലിയ ത്രിരാഷ്ട്ര സുരക്ഷ ഉടമ്പടിയിലെത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സുമായുള്ള കരാര്‍ ഓസ്‌ട്രേലിയ റദ്ദാക്കിയത്. യു.എസ്, ബ്രിട്ടീഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആണവശേഷിയുള്ള അന്തര്‍വാഹിനി നിര്‍മിക്കുന്നതിനായി ധാരണയിലെത്തുകയും ചെയ്തു. മൂന്ന് രാജ്യങ്ങളും സംയുക്തമായാണ് പുതിയ സഹകരണവും അന്തര്‍വാഹിനി നിര്‍മാണവും പ്രഖ്യാപിച്ചത്.
ഇതിനോട് രൂക്ഷമായി പ്രതികരിച്ച ഫ്രാന്‍സ് ഓസ്ട്രേലിയയുടേത് പിന്നില്‍ നിന്നുള്ള കുത്താണെന്നു വരെ കുറ്റപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയ ഈ പദ്ധതിക്കായി ആകെ 3.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി പ്രധാനമന്ത്രി ആന്റണി അല്‍ബാനീസി അറിയിച്ചു. ഇത് മുന്‍ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനമായിരുന്നെങ്കിലും ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാഴ്‌ച്ചെലവായാണ് ഫ്രാന്‍സുമായുള്ള കരാറിനെ വിലയിരുത്തപ്പെടുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സ് സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം സ്വീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. താനും പ്രസിഡന്റ് മാക്രോണും തമ്മിലുള്ള വ്യക്തിപരമായ കൂടിക്കാഴ്ച ഉലഞ്ഞ ബന്ധം പുനഃസ്ഥാപിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് ആല്‍ബനീസി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.