വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ അറസ്റ്റില്‍

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ കേസില്‍ ആര്‍ഷോയുടെ ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പി എം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി അര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്.

2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും അര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.

എന്നാല്‍ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാര്‍ത്ഥി നേതാവ് പെരിന്തല്‍മണ്ണയില്‍ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തതും സമ്മേളനം അവസാനിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടതും വാര്‍ത്തയായിരുന്നു.
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്. എറണാകുളം ലോ കോളജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.