ഓസ്‌ട്രേലിയ-ചൈന പ്രതിരോധ മന്ത്രിമാര്‍ സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തി; രണ്ടു വർഷത്തിനു ശേഷം ഇതാദ്യം

 ഓസ്‌ട്രേലിയ-ചൈന പ്രതിരോധ മന്ത്രിമാര്‍ സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തി; രണ്ടു വർഷത്തിനു ശേഷം ഇതാദ്യം

ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്, ചൈനീസ് പ്രതിരോധമന്ത്രി  ജനറല്‍ വെയ് ഫെങ്ഹെ

കാന്‍ബറ: നയതന്ത്ര തലത്തില്‍ രണ്ടു വര്‍ഷമായി തുടരുന്ന അകല്‍ച്ചയ്ക്ക് ഔദ്യോഗികമായി വിരാമമിട്ട് ഓസ്‌ട്രേലിയ-ചൈന പ്രതിരോധ മന്ത്രിമാര്‍ സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്‌ഹെയുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.

2020 ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും ഉന്നതതല നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. സിംഗപ്പൂരില്‍ ഇന്നലെ നടന്ന ഷാംഗ്രി-ലാ സുരക്ഷാ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച.

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. കോവിഡ് മഹാമാരിയുടെ ഉത്ഭവം അന്വേഷിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന ഇടഞ്ഞത്. നയതന്ത്ര തലത്തില്‍ ഓസ്‌ട്രേലിയയുമായുള്ള ബന്ധം മരവിപ്പിക്കുകയും കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള കയറ്റുമതിക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

ദക്ഷിണ ചൈനാ കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഓസ്ട്രേലിയന്‍ വ്യോമസേനയുടെ വിമാനത്തെ അപകടപ്പെടുത്തുന്ന വിധത്തില്‍ ചൈനീസ് യുദ്ധവിമാനം തടഞ്ഞത് ഉള്‍പ്പെടെ വിയോജിപ്പുള്ള വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചതായി മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.

ഓസ്ട്രേലിയയുടെയും ചൈനയുടെയും ബന്ധം സങ്കീര്‍ണമായ അവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് വളരെ നിര്‍ണായകമാണെന്നും ഇത് അകല്‍ച്ചയിലായിരുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ജലപാതയില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും അതിരുവിട്ട പ്രവൃത്തികള്‍ ഭയാനകമായി വര്‍ദ്ധിച്ചതായി യു.എസ്. ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. അതേസമയം, ചൈനക്കെതിരേയുള്ള ആരോപണങ്ങളെ ജനറല്‍ വെയ് ഫെങ്‌ഹെ തള്ളിക്കളഞ്ഞു.

ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനികവല്‍ക്കരണം ആശങ്കപ്പെടുത്തുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. കാനഡയുടെ പ്രതിരോധ മന്ത്രി അനിത ആനന്ദും പിന്തുണച്ചു. ചൈനയുടെ നടപടികള്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതും നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അനിത ആനന്ദ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.