'കറുത്ത വസ്ത്രത്തിന് വിലക്കില്ല, ആരേയും വഴിതടയില്ല': കേരളത്തിലുള്ളവർ ഇഷ്ടമുള്ളത് ധരിക്കാന്‍ പോരാടിയവരാണെന്ന് മുഖ്യമന്ത്രി

'കറുത്ത വസ്ത്രത്തിന് വിലക്കില്ല, ആരേയും വഴിതടയില്ല': കേരളത്തിലുള്ളവർ ഇഷ്ടമുള്ളത് ധരിക്കാന്‍ പോരാടിയവരാണെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍:  മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ പോലും ബുദ്ധിമുട്ടിച്ച് സുരക്ഷ ഒരുക്കുകയാണ് പോലീസ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥനത്ത് കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്നും ആരേയും വഴിതടയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. വഴി തടയുന്നു എന്ന പ്രചാരണം ഒരു കൂട്ടര്‍ അഴിച്ചുവിടുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണപരത്തുകയാണെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ വിശദീകരിച്ചു.

'ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലം ഉണ്ടാവില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ശക്തികള്‍ ഇതൊക്കെ ആലോചിക്കുന്നുണ്ടാകാം. പക്ഷെ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല. ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ വ്യത്യസ്തമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കൊടുമ്പിരിക്കൊണ്ട മറ്റൊരുപ്രചാരണം നമ്മുടെ സമൂഹത്തെ വലിയ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നത് പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ്. എല്ലാവരും മാസ്‌ക് ധരിക്കുന്ന കാലമാണ്. കറുത്ത മാസ്‌ക് പറ്റില്ല. കറുത്ത വസ്ത്രം പറ്റില്ല എന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്' എന്ന് പിണറായി പറഞ്ഞു.

'എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് നമ്മുടെ ചില ശക്തികള്‍ നിക്ഷിപ്ത താൽപര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നത് നാം മനസിലാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തു എന്ന പ്രചാരണം ഉണ്ടായിരിക്കുന്നത്. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം കേരളത്തില്‍ ഒരു ഇടത് സര്‍ക്കാരാണ് ഉള്ളത്. ഇന്ന് കാണുന്ന പ്രത്യേകതയിലേക്ക് കേരളത്തെ എത്തിച്ചത് ഇടതുപക്ഷമാണെന്ന് ആരും സമ്മതിക്കുന്നതാണ്.

സര്‍ക്കാര്‍ കേരളത്തില്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ഒരുപാട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആക്കൂട്ടത്തില്‍ ഇത് കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്' എന്ന് പിണറായി വിജയം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.