ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥി ആകണമെന്ന ആവശ്യം നിരസിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.
ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയുമാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സാഥാനാര്‍ത്ഥിയാകണമെന്ന അഭ്യര്‍ത്ഥനയുമായി പവാറിനെ കണ്ടത്. എന്നാല്‍ പകരം ഗുലാം നബി ആസാദിന്റെ പേര് പവാര്‍ നിര്‍ദേശിക്കുകയായിരുന്നു. പവാറിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമത സ്വരവുമായി രംഗത്തുവന്ന ജി 23 കൂട്ടായ്മയില്‍ ഉള്‍പ്പെട്ടയാളാണ് ഗുലാം നബി ആസാദ്. കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളോട് കലഹിച്ചു നില്‍ക്കുന്ന ഗുലാം നബിയുടെ പേരിനോട് സോണിയയും രാഹുല്‍ ഗാന്ധിയും എന്ത് സമീപനം സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.
അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നാളെയാണ് യോഗം വിളിച്ചിട്ടുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി യോഗം വിളിച്ചതിനെതിരെ ഇടതു പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.
ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാരും സംസ്ഥാന നിയമ സഭകളിലെ ജന പ്രതിനിധികളുമാണ് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ടു ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.