രാഹുല്‍ ഗാന്ധി മൂന്നാം ദിവസവും ഇ.ഡിക്കു മുന്നില്‍; എ.ഐ.സി.സി ആസ്ഥാനത്ത് വന്‍ സംഘര്‍ഷം

രാഹുല്‍ ഗാന്ധി മൂന്നാം ദിവസവും ഇ.ഡിക്കു മുന്നില്‍; എ.ഐ.സി.സി ആസ്ഥാനത്ത് വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ മൂന്നാം ദിനവും എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ എ.ഐ.സി.സി ആസ്ഥാനത്ത് വന്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പിരിമുറുക്കത്തിലാക്കിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. ആദ്യം മഹിളാ കോണ്‍ഗ്രസും പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. 

പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കളെ ഉള്‍പ്പെടെ പൊലീസ്  ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയാണ്. ജെബി മേത്തര്‍ എംപി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ് ജെബി മേത്തര്‍ എം.പി കുഴഞ്ഞുവീണു. ഒരു എം.പിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ മര്‍ദിച്ചതെന്ന് ജെ.ബി മേത്തര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാലാണ് രാഹുലിനെ അന്വേഷണ ഏജന്‍സികളെ വച്ച് വേട്ടയാടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് എ.ഐ.സി.സി ആഹ്വാനം ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. രണ്ടു ദിവസങ്ങളിലായി 20 മണിക്കൂറോളമാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തത്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതിനാണ് അവസാനിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടങ്ങുന്നതിനു മുമ്പേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദീകരണം രാഹുല്‍ എഴുതി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.