എന്താണ് കോണ്‍ഗ്രസിന് തലവേദനയായ നാഷണല്‍ ഹെറാള്‍ഡ് കേസ്?

എന്താണ്  കോണ്‍ഗ്രസിന് തലവേദനയായ നാഷണല്‍ ഹെറാള്‍ഡ് കേസ്?

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോള്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ്. രാഹുലിന് പിന്നാലെ സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി.

തങ്ങളുടെ നേതാക്കളെ ചോദ്യം ചെയ്യുന്നതിനെതിരെ സമരമുഖത്ത് അണി നിരക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പോലും നാഷണല്‍ ഹെറാള്‍ഡ് കേസ് എന്താണന്ന് വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം.

എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുന്‍പ് 1937 ല്‍ ജവര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ഇംഗ്ലീഷ് പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ഒരു മാധ്യമം എന്ന നിലയില്‍ നാഷണല്‍ ഹെറാള്‍ഡ് നിര്‍ണായക പിന്തുണയാണ് നല്‍കിയിട്ടുള്ളത്.

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എജെഎല്‍) എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കിയാണ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഖ്വാമി ആവാസ് എന്ന പേരില്‍ ഉര്‍ദുവിലും കമ്പനി പത്രം പുറത്തിറക്കിയിരുന്നു.

നെഹ്‌റുവിന്റെ ശക്തമായ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിച്ച് ആദ്യ കാലങ്ങളില്‍ തന്നെ നാഷണല്‍ ഹെറാള്‍ഡ് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് 1942 ബ്രിട്ടീഷ് ഭരണകൂടം പത്രം അടച്ചുപൂട്ടി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ലഭിച്ചപ്പോള്‍ പത്രത്തിന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചാണ് നെഹ്‌റു പ്രധാനമന്ത്രിയാകുന്നത്.

അതുവരെ മുഖപ്രസംഗങ്ങളുമെഴുതിയിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. എം.സി എന്നറിയപ്പെട്ടിരുന്ന എം. ചലപതിറാവുവിനേയും കുഷ്വന്ത് സിങിനേയും മലയാളിയായ പി.തര്യനേയും പോലുള്ള പ്രഗല്‍ഭര്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പത്രാധിപന്‍മാരായിരുന്നു.

എന്നാല്‍ ചലപതിറാവുവിനുശേഷം പത്രം ഒന്നിനൊന്ന് താഴോട്ട് പോകുകയായിരുന്നു. കാരണം നെഹ്‌റുവും മറ്റുമായി ഏറെ അടുപ്പം സൂക്ഷിച്ച റാവുവിനുണ്ടായിരുന്ന ആധികാരികത മറ്റുള്ളവര്‍ക്കുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാനേജ്മെന്റിന്റെ കഴിവുകേടാണ് വലിയ പാരമ്പര്യമുള്ള ആ പത്രത്തെ ഇല്ലാതാക്കിയത്.

അങ്ങനെ പ്രസിദ്ധീകരണത്തിന്റെ 70-ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിന് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രിന്റിങ് നിലച്ചു. നാഷനല്‍ ഹെറാള്‍ഡിനൊപ്പം ക്വാമി ആവാസിനും പൂട്ടുവീണു. പത്രം പൂട്ടിയപ്പോള്‍ അവിടെയുണ്ടായിരുന്ന 200 ലധികം ജീവനക്കാര്‍ക്ക് വളന്ററി റിട്ടയര്‍മെന്റ് ആനുകൂല്യമായി നല്‍കിയത് 50 കോടിയിലധികം രൂപയാണ്. ഇന്ത്യയില്‍ വളന്ററി റിട്ടയര്‍മെന്റ് ചരിത്രത്തില്‍ ഇതേവരെ നടന്നിട്ടില്ലാത്ത വിധമാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്.

സര്‍വീസ് ചെയ്ത ഓരോ വര്‍ഷത്തിനും രണ്ടുമാസം വീതം ശമ്പളം, സര്‍വീസില്‍ ഇനി ബാക്കിയുള്ള ഓരോ വര്‍ഷത്തിനും മൂന്നുമാസം വീതം ശമ്പളം, വേജ്ബോര്‍ഡ് കുടിശിക തുടങ്ങിയവയാണ് നല്‍കിയത്. ആര്‍ക്കും ഒരു വിഷമവും തോന്നാത്തവിധം എല്ലാവരേയും പിരിച്ചയയ്ക്കണമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ നിര്‍ദേശം.

പത്രം പൂട്ടിയപ്പോള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി പറഞ്ഞയയ്ക്കുന്നതിനും പത്രത്തിന്റെ മറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുമായി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ എജെഎല്ലിന് കോണ്‍ഗ്രസ് 90 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ ഈ തുക തിരിച്ചടക്കാന്‍ എജെഎല്ലിന് കഴിഞ്ഞില്ല.

2010 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറകട്ര്‍മാരായി യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയും കോണ്‍ഗ്രസ് നല്‍കിയ വായ്പ പിന്നീട് യംഗ് ഇന്ത്യയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ എജിഎല്‍ യംഗ് ഇന്ത്യയ്ക്ക് പണം നല്‍കേണ്ടതായി വന്നു. ഇവിടെയാണ് സുബ്രഹ്മണ്യം സ്വാമി പരാതിയുമായി രംഗപ്രവേശം ചെയ്യുന്നത്.

സുബ്രഹ്മണ്യം സ്വാമിയുടെ പരാതി

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എജെഎല്‍ കമ്പനിയെ യങ് ഇന്ത്യ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. ശത കോടികള്‍ കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. 2012 നവംബറിലാണ് സുബ്രഹ്മണ്യന്‍ സ്വാമി പരാതിയുമായി രംഗത്തെത്തിയത്.

ഏതാണ്ട് രണ്ടായിരം കോടിയോളം മൂല്യമുള്ള സ്വത്തുക്കള്‍ തെറ്റായ രീതിയില്‍ ഏറ്റെടുക്കാന്‍ ഗാന്ധി കുടുംബം തന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് സ്വാമി ആരോപിക്കുന്നു. ഡല്‍ഹി, ലഖ്നൗ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെയും അതിന്റെ റിയല്‍ എസ്റ്റേറ്റിന്റെയും മേല്‍ യംഗ് ഇന്ത്യ പൂര്‍ണ നിയന്ത്രണം നേടിയെന്നും സ്വാമി ആരോപിച്ചിട്ടുണ്ട്.

ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് പുറമെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മാധ്യമ പ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാങ്കേതിക വിദഗ്ദ്ധന്‍ സാം പിത്രോദ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. മോത്തിലാല്‍ വോറയുടെ മരണത്തെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ ഫെര്‍ണാണ്ടസും അന്തരിച്ചു.

സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ 2014 ല്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതി വിളിച്ചു വരുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇ.ഡിയും അന്വേഷണം തുടങ്ങിയിരുന്നു. പക്ഷേ, തെളിവില്ലെന്ന് കണ്ട് 2015 ല്‍ അന്വേഷണം അവസാനിപ്പിച്ചു.

എന്നാല്‍ അന്ന് കേസന്വേഷിച്ച രാജന്‍ കട്ടോച്ച് എന്ന ഉദ്യോഗസ്ഥനെ മാറ്റി സ്വാമിയുടെ പരാതിയില്‍ മോഡി സര്‍ക്കാര്‍ കേസ് തുടര്‍ന്നു. 2015 ല്‍ ഡല്‍ഹി കോടതിയില്‍ നിന്നും സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യമെടുക്കുകയും ചെയ്തു.

2016 ഫെബ്രുവരിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളും ക്രിമിനല്‍ നടപടികള്‍ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിനിടെ ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ യംഗ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്നും യംഗ് ഇന്ത്യ അനുകൂല വിധി സമ്പാദിച്ച് പിടിച്ചു നിന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങി കേസിലെ മറ്റ് പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി ഇ.ഡി നേരത്തേ രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കിയത്.

രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ഏറ്റവുമധികം കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഈ കേസില്‍ ഭയപ്പെടില്ലെന്നും അതിനെതിരെ പോരാടുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.