പ്രായമായവരെ പരിപാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം; ഭാവിയില്‍ വേരുകളില്ലാത്ത തലമുറ ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് പാപ്പ

പ്രായമായവരെ പരിപാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം; ഭാവിയില്‍ വേരുകളില്ലാത്ത തലമുറ ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രായമായവരെ പരിപാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. വല്യപ്പനേയും വല്യമ്മച്ചിയേയും പരിപാലിക്കാനും അവര്‍ക്കരികിലേക്ക് പോകാനും കുട്ടികളെ പഠിപ്പിക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്യുന്നത്. കുട്ടികളും വല്യപ്പനും വല്യമ്മച്ചിയും തമ്മിലുള്ള ആശയ വിനിമയം സമൂഹത്തിന് സുപ്രധാനമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ പൊതുസന്ദര്‍ശനത്തില്‍ വാര്‍ധക്യത്തിന്റെ മൂല്യത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പര തുടരവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

കൂടാതെ കുട്ടികളും വയോധികരും തമ്മിലുള്ള സംവാദങ്ങള്‍ ഇല്ലാതായാല്‍ വേരുകളില്ലാത്ത ഒരു തലമുറ വളരുന്ന സാഹചര്യമായിരിക്കും ഭാവിയില്‍ ഉണ്ടാകുകയെന്നും പാപ്പ മുന്നറിയിപ്പു നല്‍കി.

പനിമൂലം രോഗക്കിടക്കയിലായിരുന്ന ശിമയോന്‍ പത്രോസിന്റെ അമ്മായിയമ്മയെ ഈശോ സുഖപ്പെടുത്തുന്ന തിരുവചന ഭാഗത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം പാപ്പ സന്ദേശം നല്‍കിയത്. വൃദ്ധജന പരിപാലനത്തില്‍ യേശു നല്‍കുന്ന മാതൃകയായാണ് ഈ സംഭവത്തെ പാപ്പ അവതരിപ്പിച്ചത്.

ചെറുപ്പക്കാരെ പോലെയല്ല വയോധികരെ രോഗം അലട്ടുന്നത്. വിഷമാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ കിട്ടുന്ന കഠിന പ്രഹരം പോലെയാണ് അവര്‍ക്ക് രോഗം. ഇനി സൗഖ്യപ്പെടില്ലെന്ന സംശയം വര്‍ദ്ധിക്കുന്നു. എന്നാല്‍ നാം ശ്രവിച്ച സുവിശഷ ഭാഗം നമുക്ക് ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. യേശു രോഗിയായ ആ വൃദ്ധയെ കാണാന്‍ പോയത് തനിച്ചല്ലെന്നും മറിച്ച് തന്റെ ശിഷ്യരെയും കൂട്ടിയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞും. ഇത് നമ്മെ ചിന്തിപ്പിക്കണം. യേശു രോഗിയായ വൃദ്ധ സ്ത്രീയെ കൈപിടിച്ച് സുഖപ്പെടുത്തി.

സ്നേഹത്തിന്റെ ആര്‍ദ്രമായ ഈ പ്രവൃത്തിയിലൂടെ ശിഷ്യര്‍ക്ക് ആദ്യപാഠം നല്‍കുകയായിരുന്നു യേശു. രക്ഷ അറിയിക്കുന്നത് രോഗിയായ ആ വ്യക്തിക്ക് നല്‍കുന്ന പരിഗണനയിലൂടെയാണെന്ന ആദ്യ പാഠം-അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഉപഭോക്തൃ സംസ്‌കാരം വയോധികരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. തങ്ങള്‍ വഹിക്കേണ്ടി വരുന്ന ഒരു ഭാരമെന്നതു പോലെ അവരെ മറയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത പ്രബലപ്പെടുന്നു. ജീവിതത്തെ അതായിരിക്കുന്ന രീതിയില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം പ്രയോജനം അനുസരിച്ച് ജീവിതത്തെ തിരഞ്ഞെടുക്കുക എന്നത് മനുഷ്യത്വത്തോടുള്ള വഞ്ചനയാണ്. വയോധികര്‍ക്ക് പ്രായത്തിന്റേതായ ജ്ഞാനമുണ്ട്. നമ്മോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ട് എന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

യേശുവാണ് ആദ്യ പാഠം നല്‍കിയതെങ്കില്‍, രണ്ടാമത്തെ പാഠം നല്‍കുന്നത്, എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ച ആ വൃദ്ധ സ്ത്രീയാണ്. വൃദ്ധര്‍ക്കും സമൂഹത്തെ സേവിക്കാനാകുമെന്ന് വ്യക്തമാക്കപ്പെടുകയാണ് ഇതിലൂടെ. ഒഴിഞ്ഞു മാറാനുള്ള പ്രലോഭനത്തെ അതിജീവിച്ച് സേവിക്കാനുള്ള ഉത്തരവാദിത്വം മുതിര്‍ന്നവര്‍ വളര്‍ത്തിയെടുക്കണം. അതുപോലെ ജീവിത സ്മരണകളും ജീവിതാനുഭവങ്ങളും പങ്കുവെക്കപ്പെടാന്‍ വയോധികര്‍ക്ക് സമീപസ്ഥരാകാന്‍ കുട്ടികളെ അനുവദിക്കുകയും വേണം.
ചെറുപ്പക്കാ

രും വയോധികരും തമ്മില്‍ ആശയ വിനിമയം നടത്താന്‍ എത്രമാത്രം നാം അനുവദിക്കുന്നോ അത്രമാത്രം പ്രതീക്ഷാ നിര്‍ഭരമാകും സമൂഹത്തിന്റെ ഭാവിയെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.