അഗ്‌നിപഥില്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍: ആദ്യബാച്ചിന്റെ പ്രായപരിധി 26 ആയി ഉയര്‍ത്താന്‍ തീരുമാനം; വിവിധ സേനകളില്‍ അഗ്നിപഥിന് 10 ശതമാനം സംവരണം

അഗ്‌നിപഥില്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍: ആദ്യബാച്ചിന്റെ പ്രായപരിധി 26 ആയി ഉയര്‍ത്താന്‍ തീരുമാനം; വിവിധ സേനകളില്‍ അഗ്നിപഥിന് 10 ശതമാനം സംവരണം

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ആദ്യ ബാച്ചിന്റെ പ്രായപരിധി 26 വയസാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രം മറ്റൊരു നിര്‍ണായ തീരുമാനം കൂടി എടുത്തു. അഗ്നിപഥില്‍ സേവനം കഴിഞ്ഞിറങ്ങിയവര്‍ക്ക് വിവിധ സേനകളില്‍ പത്ത് ശതമാനം സംവരണവും പ്രഖ്യാപിച്ചു.

കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്‌നീവീറുകള്‍ അപേക്ഷിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധി ഇളവും ലഭിക്കും.

നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അഗ്‌നിവീരന്‍മാര്‍ക്ക് സിഎപിഎഫിലേക്കും അസം റൈഫിള്‍സിലേക്കും റിക്രൂട്ട്മെന്റിനായി മുന്‍ഗണന നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേതന്നെ തീരുമാനിച്ചിരുന്നു. 'അഗ്‌നിപഥ് യോജന' പ്രകാരം പരിശീലനം നേടിയ യുവാക്കള്‍ക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നല്‍കാന്‍ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു.

വിവിധ ക്യാമ്പസുകളില്‍ റിക്രൂട്ട്മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്‌നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെയാകും എന്റോള്‍മെന്റ് നടത്തുക.

വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളില്‍ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം.

പുതിയ ഉത്തരവോടെ പ്രതിഷേധക്കാരെ തണുപ്പിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. യുവാക്കളുടെയും സൈനിക റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയില്‍പ്പാതകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് 38 തീവണ്ടിസര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. അറുപതിലധികം വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. 19 ഇടങ്ങളില്‍ പോലീസും ഉദ്യോഗാര്‍ഥികളും ഏറ്റുമുട്ടി. പ്രതിഷേധക്കാരും പോലീസുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.