കാക്കനാട് : സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം ) കേരള റീജിയൻ നേതൃത്വം സംഗമം നടത്തപ്പെട്ടു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പരിപാടിയിൽ സീറോ മലബാർ സഭയിലെ 13 രൂപതയിലെ യുവജന പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് ജുബിൻ കൊടിയംകുന്നേൽ യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ചു. കോട്ടയം അതിരൂപതയുടെ സഹായമെത്രാനും കേരള സഭയുടെ യുവജന കമ്മിഷന്‍ ചെയര്‍മാനുമായ ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. 'ഈ കാലഘട്ടത്തിൽ യുവജനങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു. യുവജനങ്ങളെ എന്നും സഭയോട് ചേർത്ത് നിർത്തണം. വ്യത്യസ്തമായ ആശയങ്ങളെ മാറ്റിനിർത്തി കൊണ്ട് സഭയുടെ ആശയവുമായി യുവജനങ്ങൾ മുന്നോട്ടു പോകണമെന്ന് മാർ ജോസഫ് പണ്ടാരശ്ശേരി ആവശ്യപ്പെട്ടു.
എസ്എംവൈഎം എന്ന യുവജന സംഘടനയെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് ഫാ. ജേക്കബ് ചക്കത്തറ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ആനിമേറ്റർ സിസ്റ്റർ ജിസറ്റ് ആശംസകൾ അറിയിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, ചങ്ങനാശ്ശേരി രൂപത അമല റെയ്ച്ചൽ ഷാജി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
'എസ്എംവൈഎമ്മിന്റെ പ്രധാന ലക്ഷ്യം സീറോ മലബാർ സഭയുടെ വിശ്വാസ പൈതൃകത്തിൽ നിലനിന്നുകൊണ്ട് ക്രൈസ്തവ മൂല്യങ്ങൾ അനുസൃതമായി ലോകത്തിൽ ജീവിച്ച് ഈശോയ്ക്ക് സാക്ഷ്യം നൽകിക്കൊണ്ട് പൊതു സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പരിശ്രമിക്കുന്നു. അതുപോലെ യുവജനങ്ങളുടെ സമഗ്ര വിമോചനം സാധ്യമാക്കി സീറോ മലബാർ സഭയിൽ യുവജനങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട മുദ്രാവാക്യമെന്ന് സംസ്ഥാന പ്രസിഡന്റ് ആയി ചുമതലയേറ്റ താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് സിന്യൂസ് ലൈവിനോട് പറഞ്ഞു.
മറ്റ് ഭാരവാഹികൾ: ഡെപ്യൂട്ടി പ്രസിഡന്റ് : സ്റ്റെഫി കെ റെജി (കോട്ടയം രൂപത ), സെക്രട്ടറി: ജിബിൻ ജോർജ് (കോതമംഗലം രൂപത ), ജോയിന്റ് സെക്രട്ടറി : ഗ്രീഷ്മ ജോയൽ ( പാലാ രൂപത ), ട്രഷറർ : ബ്ലെസ്സൺ തോമസ് ( ചങ്ങനാശ്ശേരി രൂപത )കൗൺസിലേഴ്‌സ് : അഡ്വ. സാം സണ്ണി (പാലാ രൂപത ), ടെസിൻ തോമസ് ( മാനന്തവാടി രൂപത ).
ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ആനിമേറ്റർ സിസ്റ്റർ ജിസറ്റ്, ജൂബിൻ കൊടിയംകുന്നേൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.
യുവജനങ്ങൾക്കായുള്ള സംഘടനയാണ് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ( കെസിവൈഎം ). കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ രക്ഷാധികാരി സെന്റ് തോമസ് മോർ ആണ് . കത്തോലിക്ക യുവാക്കളുടെ സമഗ്ര വികസനവും ഒപ്പം ക്രിസ്ത്യൻ മൂല്യങ്ങൾക്കനുസൃതമായി മനുഷ്യ സമൂഹത്തിന്റെ സമ്പൂർണ വിമോചനവുമാണ് കെസിവൈഎം അഥവാ എസ്.എം.വൈ.എമ്മിന്റെ ലക്ഷ്യം.
സുവിശേഷ മൂല്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ മാനുഷിക സാധ്യതകളെ ഏകോപിപ്പിക്കുകയും ശാക്തീകരിക്കുകയും അവരെ സാമൂഹിക-മത-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക യാഥാർത്ഥ്യങ്ങളിൽ മാറ്റത്തിന്റെ ഫലപ്രദമായ ഏജന്റുമാരാക്കുകയും ചെയ്യുക എന്നതാണ് സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.