'കര്‍ഷകരുടെ രോഷാഗ്‌നിയില്‍ ഭരണകൂട ചൂഷകര്‍ കത്തി അമരും': മാര്‍ ജോസഫ് പാംപ്ലാനി

'കര്‍ഷകരുടെ രോഷാഗ്‌നിയില്‍ ഭരണകൂട ചൂഷകര്‍ കത്തി അമരും': മാര്‍ ജോസഫ് പാംപ്ലാനി

തലശേരി: കര്‍ഷകരുടെ രോഷാഗ്‌നിയില്‍ ഭരണകൂട ചൂഷകര്‍ കത്തി അമരുമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാജ്യത്തെ ഹരിത ഭൂമി ആക്കി മാറ്റുകയും രാജ്യത്തിന് വേണ്ടി ഭക്ഷ്യ വസ്തുക്കളും നാണ്യ വിളകളും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന കര്‍ഷകരെ പൂര്‍ണമായും സര്‍ക്കാര്‍ അവഗണിക്കുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങളും അവകാശങ്ങളും നിരാകരിച്ചു കൊണ്ടാണ് പ്രകൃതി സ്‌നേഹത്തിന്റെ പേരില്‍ ബഫര്‍ സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

വനാതിര്‍ത്തി മുഴുവന്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് കുത്തക മുതലാളിമാര്‍ക്കു വേണ്ടി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തകര്‍ക്കുന്നതിന് കൂട്ടു നില്‍ക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ കര്‍ഷകരുടെ രോഷാഗ്‌നി കത്തിപ്പടരുകയാണെന്നും ആ അഗ്‌നിയില്‍ എല്ലാ ചൂഷകരും വെന്തു ചാമ്പലായി പോകുമെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

കര്‍ഷകരുടെ ഈ സമരം ഒരു തുടക്കം മാത്രമാണെന്നും അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി കത്തോലിക്കാ കോണ്‍ഗ്രസും തലശേരി അതിരൂപതയും എന്നും മുന്‍പന്തിയില്‍ ഉണ്ടാവും എന്നും ആമുഖ പ്രഭാഷണത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ അറിയിച്ചു.

മലയോര കര്‍ഷകര്‍ വന്യ ജീവികളുടെ ആക്രമണവും നാണ്യ വിളകളുടെ വിലത്തകര്‍ച്ചയും നിമിത്തം ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. മലയോര കര്‍ഷകരെ കുടിയിറക്കാന്‍ വേണ്ടിയിട്ടുള്ള ആസൂത്രിതമായ നീക്കമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും കര്‍ഷകരുടെ രോദനം കേള്‍ക്കുവാന്‍ സര്‍ക്കാരുകള്‍ക്ക് പലപ്പോഴും സമയമില്ല. അതുകൊണ്ടു തന്നെ നിലനില്‍പ്പിനു വേണ്ടി അവര്‍ ശക്തമായ സമര രംഗത്തേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
തോമാപുരം ചെറുപുഴ മേഖലകളിലെ പതിനായിരത്തോളം ജനങ്ങള്‍ ചെറുപുഴ കൃഷി ഭവന് മുന്‍പില്‍ നടന്ന ധര്‍ണയില്‍ പങ്കെടുത്തു.

യോഗത്തില്‍ അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്ന സമരം കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതുവരെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

ഫാദര്‍ ജോസഫ് വെട്ടിക്കല്‍, ഫാദര്‍ മാര്‍ട്ടിന്‍ കിഴക്കേ തലക്കല്‍, ഫാദര്‍ ആന്റണി തെക്കേമുറി, ഫാദര്‍ ജോമി തൊട്ടിയില്‍, ഫിലിപ്പ് വെളിയത്ത്, ബേബി നെട്ടനാനി, ബെന്നി പുതിയാമ്പുറം, സിബി ജാതികുളം, ഷിജിത്ത് തോമസ്, ജോര്‍ജ് വടകര, അഡ്വക്കേറ്റ് ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടന്‍, സിജോ അമ്പാട്ട്, സുരേഷ് ജോര്‍ജ്, വര്‍ഗീസ് പള്ളിച്ചിറ എന്നിവര്‍ വിഷയത്തില്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.