പാരീസ്: ഗ്രെനോബിള്‍ നഗരത്തിലെ പൊതു നീന്തല്‍ക്കുളങ്ങളില്‍ മതവിശ്വാസ പ്രകാരമുള്ള ബുര്‍ക്കിനികള്‍ ധരിക്കരുതെന്ന് ഫ്രാന്‍സിലെ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിച്ചു. കീഴ്‌ക്കോടതിയുടെ മുന്‍ ഉത്തരവ് ശരിവച്ചുകൊണ്ടാണ് മേല്‍ക്കോടതിയുടെ വിധി. മതത്തോടുള്ള സര്‍ക്കാരിന്റെ നിഷ്പക്ഷതയുടെ ലംഘനമാണിതെന്ന വാദം അംഗീരിച്ചാണ് കോടതി വിധിപ്രസ്താവം നടത്തിയത്.
ഗ്രീന്‍സ് പാര്‍ട്ടിയുടെ മേയറുടെ നേതൃത്വത്തില്‍ മെയ് 16 ന് ഗ്രെനോബിളിലെ നീന്തല്‍ കുളങ്ങളില്‍ ബുര്‍ക്കിനികള്‍ അനുവദിച്ചുകൊണ്ടുള്ള അജണ്ട സിറ്റി കൗണ്‍സില്‍ വോട്ടിനിട്ട് പാസാക്കിയിരുന്നു. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനും തെരുവിലെ പോലെ കുളങ്ങളില്‍ മതവിശ്വാസം പ്രകടിപ്പിക്കാനും കഴിയണമെന്ന മേയറുടെ അഭിപ്രായം കണക്കിലെടുത്താണ് കൗണ്‍സില്‍ അംഗങ്ങള്‍ അജണ്ട പാസാക്കിയത്.
എന്നാല്‍ ഇത് ഫ്രാന്‍സിന്റെ മതേതര കാഴ്ച്ചപാടിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് ഗ്രെനോബിള്‍ പ്രദേശത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബുര്‍ക്കിനി തീരുമാനത്തെ തടഞ്ഞു. ഫ്രാന്‍സിന്റെ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വാദിച്ചാണ് അദ്ദേഹം നീക്കത്തെ എതിര്‍ത്തത്. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഉദ്യോഗസ്ഥന്റെ നിലപാട് ശരിവയ്ക്കുകയും ഗ്രെനോബിളിന്റെ നീക്കം തടയുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ഗ്രെനോബിള്‍ സിറ്റി കൗണ്‍സില്‍ ലോവര്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി കൗണ്‍സിലിന്റെ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചെങ്കിലും വിധി എതിരാകുകയായിരുന്നു. കോടതി വിധി മതേതരത്വത്തിന്റെ വിജയമാണെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു.
മതാചാരാടിസ്ഥാനത്തിലുള്ള നീന്തല്‍ വസ്ത്രം ധരിക്കുന്നതിനെതിരെ 2016 മുതല്‍ ഫ്രാന്‍സില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. തെക്ക് ഭാഗത്തുള്ള ഒരു നഗരം പൊതു ബീച്ചുകളില്‍ ബുര്‍ക്കിനികള്‍ ഒഴിവാക്കി. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും പൊതു നീന്തല്‍ക്കുളങ്ങളില്‍ ബുര്‍ക്കിനികള്‍ക്ക് നിരോധനം ഉണ്ട്. 2010-ല്‍ പൊതുസ്ഥലത്ത് പൂര്‍ണ്ണമായി മുഖം മൂടുന്ന നിഖാബും ബുര്‍ഖയും ഫ്രാന്‍സില്‍ നിരോധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.