മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചി വീട്ടുതടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്ക്

മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചി വീട്ടുതടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്ക്

നേപിഡോ: ജനാധിപത്യ നേതാവും മ്യാന്‍മര്‍ മുന്‍ പ്രധാനമന്ത്രിയുമായ ഓങ് സാന്‍ സൂ ചിയെ വീട്ടുതടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്കു മാറ്റി. തലസ്ഥാനമായ നേപിഡോയിലെ സൈനിക തടവറയിലാണ് സൂചിയെ അടച്ചിരിക്കുന്നതെന്ന് പട്ടാള ഭരണകൂട വക്താവ് അറിയിച്ചു. ക്രിമിനല്‍ നിയമപ്രകാരമാണ് നടപടി.

സൂചിയുടെ വിചാരണയും ജയിലിനുള്ളില്‍ മതിയെന്നാണ് പട്ടാളകോടതി തീരുമാനം. 150 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കുന്ന വിവിധ കുറ്റങ്ങളാണ് പട്ടാളകോടതി അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഴിമതി, പട്ടാളത്തിനെതിരേ ജനങ്ങളെ ഇളക്കിവിടല്‍, കോവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍.

കഴിഞ്ഞ വര്‍ഷം സൂചിയുടെ ഭരണം അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചത് മുതല്‍ അവര്‍ വീട്ടുതടങ്കലിലായിരുന്നു. ബുധനാഴ്ചയാണ് ഏകാന്ത തടവിലേക്കു മാറ്റിയത്.

വീട്ടുതടങ്കലില്‍ 77 വയസുകാരിയായ സൂചിക്കൊപ്പം വീട്ടുജോലിക്കാരും അടുത്ത ജീവനക്കാരും ഉണ്ടായിരുന്നു. വീട്ടുതടങ്കലില്‍ കഴിയവെ പട്ടാളക്കോടതിക്ക് കീഴിലെ വിചാരണയ്ക്ക് വേണ്ടി മാത്രമായിരുന്നു അവര്‍ പുറത്തിറങ്ങിയിരുന്നത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ സൂചി ഭരണകൂടത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതെ എല്ലാ നേതാക്കളേയും വീട്ടുതടങ്കലിലാക്കി സൈനിക മേധാവി മിന്‍ ഓംഗ് ഹ്ലായിംഗ് അധികാരം പിടിച്ചത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്.

കഴിഞ്ഞ ഏപ്രിലില്‍ സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. അഴിമതി കേസിലായിരുന്നു വിധി. ഒട്ടേറെ കേസുകള്‍ സൂചിക്കെതിരേയുണ്ട്. ഇതില്‍ ഓരോ കേസും വിചാരണ നടത്തി ശിക്ഷ വിധിക്കുകയാണ്. സൂചിയുടെ അഭിഭാഷകന് കേസിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് വിലക്കുണ്ട്. മൊത്തം 11 അഴിമതി കേസുകളാണ് സൂചിക്ക് എതിരെയുള്ളത്. ആദ്യ കേസിലെ വിധിയാണ് ഏപ്രിലില്‍ വന്നത്.

അഴിമതി കേസുകള്‍ക്ക് പുറമെ മറ്റു ഏഴ് കേസുകള്‍ കൂടി സൂചിക്കെതിരെയുണ്ട്. അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂചിയെ 2021ലാണ് പട്ടാളം അട്ടിമറിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ സൈന്യം സൂചിയെ തടവിലാക്കുകയും നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കുകയുമായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞിരുന്നു സൂചി പുറംലോകവുമായി ബന്ധപ്പെടാനാകാതെ 20 വര്‍ഷത്തോളം വീട്ടുതടങ്കലിലായിരുന്നു. പിന്നീട് മോചിപ്പിക്കപ്പെടുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ഭരണത്തിലെത്തുകയുമായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട് ഭരണം നിലനിര്‍ത്തിയ പിന്നാലെയാണ് പട്ടാളം അട്ടിമറി നടത്തിയത്. അന്താരാഷ്ട്ര സമൂഹം സുതാര്യമായ വിചാരണ ആവശ്യപ്പെടുന്നുണ്ടെങ്കിലും പട്ടാള ഭരണകൂടം അതിന് തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.