മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആദ്യ കരുക്കള്‍ നീക്കി ബിജെപി. വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് ഡല്‍ഹിയിലെത്തി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണുന്നുണ്ട്.
അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് മുക്തനാകാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാംപില്‍ നിന്ന് കൂടുതല്‍ പേര്‍ വിമതപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി വിമതര്‍ താമസിക്കുന്ന അസമിലെ ഹോട്ടലിലെത്തി. ഇതോടെ സ്വതന്ത്രര്‍ ഉള്‍പ്പെടെ വിമതപക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 46 ആയി. ഷിന്‍ഡെ ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടേക്കും.
ശിവസേന എംഎല്‍എമാരിലെ 55 അംഗങ്ങളില്‍ 38 പേരുടെ പിന്തുണ ഇപ്പോഴുണ്ടെന്നും ശേഷിക്കുന്ന ചിലര്‍ കൂടി ഉടന്‍ ഒപ്പം ചേരുമെന്നുമാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പേരുടെ പിന്തുണ മതി.
മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഇന്നലെ മുംബൈയില്‍ വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഇന്നലെ രാത്രി ഷിന്‍ഡെ തന്റെ ഒപ്പമുള്ള എംഎല്‍എമാരോട് വ്യക്തമാക്കിയിരുന്നു.
ആവശ്യമുള്ള സമയത്ത് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷിന്‍ഡെ വെളിപ്പെടുത്തിയിരുന്നു. ശിവസേനയിലെ വിമതനീക്കങ്ങള്‍ ബിജെപിയുടെ ആശീര്‍വാദത്തോടെയാണ് എന്നത് തെളിയിക്കുന്നതാണ് ഷിന്‍ഡെയുടെ വാക്കുകള്‍.
ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി ഉപമുഖ്യമന്ത്രി പദം ഷിന്‍ഡെയ്ക്ക് നല്‍കാനാണ് തീരുമാനം. കൂടാതെ സംസ്ഥാന സര്‍ക്കാരില്‍ എട്ടോളം മന്ത്രിസ്ഥാനങ്ങളും ലഭിക്കും. കേന്ദ്രമന്ത്രിസഭയില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളും ഷിന്‍ഡെ വിഭാഗത്തിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ കണ്ണിലെ കരടായി മാറിയ ഉദ്ധവിനെയും സഞ്ജയ് റാവത്ത് എംപിയെയും പൂര്‍ണമായും ശിവസേനയില്‍ നിന്ന് ഒഴിവാക്കുക തന്നെയാകും ബിജെപിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ നിയന്ത്രണം ഷിന്‍ഡെയ്ക്ക് നല്‍കി ഒപ്പം നിര്‍ത്തുകയാണ് അവരുടെ അന്തിമലക്ഷ്യം. ബിജെപിക്കും ശിവസേനയ്ക്കുമിടയില്‍ ഭിന്നത വളര്‍ത്തിയതാണ് റാവത്തിനെ ഒതുക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.
എന്തായാലും ബിജെപി ആഗ്രഹിക്കുന്ന വഴികളിലൂടെ തന്നെയാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സാമ്പത്തിക തലസ്ഥാനത്തിന്റെ ഭരണം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണെന്നാണ് കേന്ദ്ര നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.