എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിംങ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും, രാജ്യത്തിന്റെ വികസനത്തിനെക്കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചത്.

വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ ദ്രൗപതി മുര്‍മുവിലേക്ക് ബിജെപി എത്തിയത്.

ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്‌സണായി. 2013ല്‍ ഒഡീഷയിലെ പാര്‍ട്ടിയുടെ പട്ടിക വര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.